തിരുവനന്തപുരം: നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി അതിജീവിതയുടെ പരാതി ഹൈക്കോടതിയിൽ എത്തിയിട്ടും അവർക്കൊപ്പമെന്ന് പറഞ്ഞിരുന്ന ഇടതുപക്ഷ വനിതാ സംഘടനകളും പ്രവർത്തകരും മാളത്തിൽ ഒളിച്ചമട്ടാണ്.

ഭരണതലത്തിലെ ഉന്നത സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാൻ പ്രതിയായ ദിലീപും, അഭിഭാഷകരും ശ്രമിക്കുകയാണെന്ന കടുത്ത ആരോപണമാണ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളെല്ലാവരും പീഡിപ്പിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് സാമൂഹ്യമാധ്യമങ്ങളിൽ വായ്ത്താരികൾ മുഴക്കിയിരുന്ന സ്ത്രീ സംരക്ഷകരോ, ഇടതുപക്ഷ വക്താക്കളായ സിനിമ പ്രവർത്തകരോ, നടിയെ പിന്തുണച്ചുകൊണ്ട് രംഗത്ത് വരാത്തതിന് പിന്നിൽ രാഷ്ട്രീയ സമർദ്ദമെന്ന് വ്യക്തം. ഹൈക്കോടതിയിൽ സമർപ്പിച്ച പരാതിയിൽ സർക്കാർ തനിക്കൊപ്പമല്ല, പ്രതിക്കൊപ്പമാണ് നിൽക്കുന്നതെന്ന് അസന്നിഗ്ധമായി അതിജീവിത പ്രഖ്യാപിച്ചതോടെയാണ് സ്ത്രീ തുല്യതാവാദികൾ മൗനത്തിലായത്.

സർക്കാരിന്റെയും സിപിഎമ്മിന്റെയും ഇംഗിതമനുസരിച്ച് മാത്രം പ്രസ്താവനകൾ പുറപ്പൊടുവിക്കുന്ന പ്രതികരണക്കാരാണ് തുടക്കത്തിൽ അതിജീവിതയെ പിന്തുണച്ചിരുന്നത്. അക്കൂട്ടത്തിൽ സംവിധായകനായ ആഷിഖ് അബു, നടി റിമ കല്ലിങ്കൽ തുടങ്ങിയവരൊക്കെയായിരുന്നു മുന്നണിയിലുണ്ടായിരുന്നത്. ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന സാംസ്‌കാരിക പ്രവർത്തകർ ഒന്നടങ്കം തന്നെ അതിജീവിതയുടെ പരാതിയെക്കുറിച്ച് മിണ്ടാതെ ഒഴിഞ്ഞുമാറി നിൽക്കുകയാണ്.

കേരളത്തിലെ സർക്കാരും മുഖ്യമന്ത്രിയും തനിക്കൊപ്പമില്ലായെന്ന് അതിജീവിത കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നേരിട്ട അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസന്വേഷണം അട്ടിമറിക്കുന്നതിനെക്കുറിച്ചും വിചാരണക്കോടതിയിൽ നിന്നും നേരിടേണ്ടി വന്ന അവഗണനയെക്കുറിച്ചുമെല്ലാം അവർ തുറന്നുപറയുമ്പോഴാണ് നടിയുടെ ഹർജിക്ക് പിന്നിൽ പ്രത്യേക താൽപര്യമുണ്ടെന്ന അധിക്ഷേപം എൽഡിഎഫ് കൺവീനറുടെ ഭാഗത്തുനുന്നും ഉണ്ടായിരിക്കുന്നത്.

നീതി നിഷേധിക്കപ്പെട്ട വ്യക്തിയെന്ന നിലയിലാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. അവരുടെ ഭരണഘടനാപരമായുള്ള അവകാശത്തെയാണ് ഇ.പി ജയരാജൻ ചോദ്യം ചെയ്തത്. ജയരാജന്റെ സ്ത്രീ വിരുദ്ധമായ പ്രസ്താവനയ്‌ക്കെതിരെ പോലും ഇടതുപക്ഷത്തിന് വേണ്ടി പ്രസ്താവനയിറക്കുന്ന സ്ത്രീ സമത്വവാദികൾ ഉരിയാടാൻ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അവൾക്കൊപ്പമെന്ന് സ്ഥിരമായി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിടുന്നവരാണിപ്പോൾ മിണ്ടാവൃതം നടത്തുന്നത്.

സംസ്‌കാരിക കേരളവും സർക്കാരും ഇടതുപക്ഷവുമൊക്കെ അതിജീവിതയ്‌ക്കൊപ്പമാണെന്നും അന്വേഷണം അട്ടിമറിക്കില്ലെന്നുമൊക്കെയുള്ള ഉറപ്പ് ലംഘിക്കപ്പെട്ടുവെന്ന് പീഡിപ്പിക്കപ്പെട്ട നടി വ്യക്തമാക്കിയിട്ടുപോലും ഇക്കൂട്ടരൊന്നും പ്രതികരിക്കാൻ പോലും തയ്യാറായിട്ടില്ല. അന്വേഷണത്തിലെ പാളിച്ചകൾ ചൂണ്ടികാണിച്ചവർക്കെതിരെയെല്ലാം സിപിഎമ്മിന്റെ സൈബർ ഗുണ്ടകൾ പരസ്യമായി ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു. എൽഡിഎഫ് സർക്കാരിന്റെ ഉന്നതങ്ങളിൽ സാമ്പത്തിക-രാഷ്ട്രീയ സ്വാധീനമുള്ള ആർക്കും സ്വാധീനംചെലുത്തി എന്തുംനേടാമെന്ന അവസ്ഥയുണ്ടെന്നാണ് അതിജീവിതയുടെ ഹർജിയിൽ പറയുന്നത്. അതിജീവിതയ്‌ക്കൊപ്പമാണ് മുഖ്യമന്ത്രിയും സർക്കാരുമെന്ന പ്രഖ്യാപനങ്ങൾ തന്നെ വെള്ളത്തിൽ വരച്ച വരപോലെയായി.

അതിജീവിതയുടെ ഹർജിക്ക് പിന്നിൽ പ്രത്യേക താൽപര്യമുണ്ടോയെന്ന് പരിശോധിക്കണമന്ന എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ പോലും പ്രതികരിക്കാൻ ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ള വനിതാ സംഘടനകളോ, വനിതാ കമ്മീഷനോ ഇതുവരെയും തയ്യാറായിട്ടില്ല. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അട്ടിമറിക്കാനുള്ള ഇടപ്പെടലുകൾ നടന്ന കേന്ദ്രങ്ങളെപ്പോലും കുറ്റപ്പെടുത്താൻ ഇക്കൂട്ടർ തയ്യാറാകാത്തതും ശ്രദ്ധേയമാണ്.

തട്ടിക്കൂട്ടി കുറ്റപത്രം സമർപ്പിച്ച് കേസന്വേഷണം അവസാനിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. ഭരണമുന്നണിയും ദിലീപും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നും ദിലീപിന്റെ അഭിഭാഷകർക്ക് ഭരണത്തിലുള്ള ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നുമാണ് അതിജീവിത കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. ഇത്ര ഗുരുതരമായ വെളിപ്പെടുത്തലുകളുണ്ടായിട്ടും അവൾക്കൊപ്പമെന്ന് പറഞ്ഞിരുന്നവരാരും തന്നെ ഈ ഘട്ടത്തിൽ പിന്തുണയ്ക്കാൻ മുന്നോട്ട് വരാതിരിക്കുന്നതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് വ്യക്തം. പിണറായി സർക്കാരിന് അലോസരമുണ്ടാക്കാൻ ആസ്ഥാന സ്ത്രീപക്ഷവാദികൾക്ക് താൽപര്യമില്ലെന്ന് വ്യക്തം.

ദിലീപിന്റെ അഭിഭാഷകർ കേസിലെ തെളിവ് നശിപ്പിക്കാൻ ഇടപെടുകയും സ്വാധീനിക്കുകയും ചെയ്തതിന്റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. അഭിഭാഷകരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും ഭരണകക്ഷിയിലെ ഉന്നതർ ഇടപ്പെട്ട് അട്ടിമറിച്ചുവെന്ന് അതിജീവിത ആരോപിച്ചിട്ട് പോലും വനിതാ കമ്മീഷൻ ഇതേവരെ അതിജീവിതയെ പിന്തുണച്ചുകൊണ്ട് ഒരു പ്രസ്താവന ഇറക്കാൻ പോലും തയ്യാറായിട്ടില്ല.