- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഎമ്മിനെ ജയിപ്പിച്ചു കോൺഗ്രസിനെ തീർക്കാൻ ആർഎസ്എസ് പദ്ധതി; 70 ശതമാനം ബിജെപി വോട്ടുമറിക്കാൻ എളുപ്പം; അങ്ങനെ വന്നാൽ മതേതര കേരളം അതിനു നൽകേണ്ടിവരുന്നത് കനത്ത വിലയായിരിക്കും; ബിജെപി- സിപിഎം രഹസ്യബന്ധത്തിലേക്ക് വിരൽചൂണ്ടി സമസ്ത മുഖപത്രത്തിന്റെ എഡിറ്റോറിയൽ
തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫിന് ഭരണത്തുടർച്ച ലഭിക്കണമെന്ന് ആർഎസ്എസ് തീരുമാനിച്ചാൽ അത് സംഭവിക്കുമെന്ന് ഉറപ്പാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതം. കേരളത്തിൽ തെരഞ്ഞെടുപ്പു കാലത്ത് സിപിഎം-ബിജെപി രഹസ്യബന്ധത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കൊണ്ടാണ് സുപ്രഭാതം പത്രം രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിൽ സിപിഎം വർഗീതയക്ക് പ്രോത്സാഹനം നൽകുന്നുവെന്ന പരോക്ഷ വിമർശനമാണ് എഡിറ്റോറിയലിലുള്ളത്.
ബിജെപിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന വോട്ടുകളിൽ 70 ശതമാനത്തോളം എവിടേക്ക് വേണമെങ്കിലും നിഷ്പ്രയാസം മറിക്കാൻ ആർഎസ്എസിന് സാധിക്കുമെന്നും അത് രഹസ്യമായി തന്നെ നിർവഹിക്കാനുള്ള കേഡർ സംഘടനാ സംവിധാനം അവർക്കുണ്ടെന്നും സുപ്രഭാതം മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നു. കോൺഗ്രസ് മുക്ത കേരളം ആർഎസ്എസ് അജൻഡ എന്ന തലക്കെട്ടിലാണ് സുപ്രഭാതം എഡിറ്റേറിയൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സംഘ്പരിവാറിന്റെ ചില അജൻഡകൾ ഇടതു സർക്കാർ നടപ്പാക്കിപ്പോരുന്നുണ്ടെന്നും സുപ്രഭാതം പറയുന്നു. 2017ൽ ദീനദയാൽ ഉപാദ്ധ്യായയുടെ ജന്മശതാബ്ദി ദിനത്തിൽ സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ പ്രത്യേക പരിപാടികൾ നടത്താൻ സർക്കുലറിറക്കിക്കൊണ്ടാണ് അതിനു തുടക്കമിട്ടത്. സസ്യാഹാരം മഹത്തരമെന്നു പ്രഖ്യാപിച്ചും മാംസാഹാരം മ്ലേച്ഛമെന്നു ധ്വനിപ്പിച്ചും പരസ്യമായി സംസാരിക്കുന്നൊരു ബിജെപി ഇതര വിദ്യാഭ്യാസ മന്ത്രിയുണ്ടായത് കേരളത്തിൽ മാത്രമാണെന്നും സുപ്രഭാതം കുറ്റപ്പെടുത്തി.
സുപ്രഭാതം മുഖപ്രസംഗം പൂർണരൂപം:
രാജ്യഭരണം കിട്ടിയ ശേഷം സംസ്ഥാനങ്ങളിൽ അധികാരം നേടാൻ എന്തും ചെയ്യാൻ മടിയില്ലെന്ന് പലതവണ തെളിയിച്ച ബിജെപി കേരളത്തിലും അതു നേടിയെടുക്കാനും കോൺഗ്രസ് വിമുക്ത ഭാരതമെന്ന രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് ഒരു പടികൂടി മുന്നേറാനും ആസൂത്രിത കുതന്ത്രം ആവിഷ്കരിക്കുന്നതായി വാർത്തകൾ പുറത്തുവരുന്നുണ്ട്. ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനു ഭരണത്തുടർച്ച ലഭിക്കുന്ന സാഹചര്യം സൃഷ്ടിച്ച് അതിനെത്തുടർന്ന് യു.ഡി.എഫിനുണ്ടാകുന്ന തകർച്ച മുതലെടുത്ത് 2026ൽ കേരളത്തിൽ അധികാരത്തിലെത്തുക എന്നതാണ് ആ അജൻഡ.
തെരഞ്ഞെടുപ്പിനു മുന്നോടിയായി 140 നിയമസഭാ മണ്ഡലങ്ങളിലും ബിജെപി നടത്തുന്ന പഠനശിബിരങ്ങളിലാണ് സംസ്ഥാന നേതാക്കൾ ഈ നിർദ്ദേശം പ്രവർത്തകർക്കു നൽകുന്നത്. അതിലെ കണക്കുകൂട്ടലുകൾ ഏറെ കൃത്യവുമാണ്. കാര്യമായി ഒന്നും ചെയ്യാനുള്ള പ്രാപ്തിയില്ലാതിരുന്ന ചില സംസ്ഥാനങ്ങളിൽ പോലും കുതിരക്കച്ചവടങ്ങളിലൂടെയും അട്ടിമറികളിലൂടെയും മറ്റു പാർട്ടികളിലെ ഭിന്നിപ്പ് മുതലെടുത്തുമൊക്കെ അധികാരത്തിലെത്താൻ ബിജെപിക്കായെങ്കിലും രണ്ടു ശക്തമായ മുന്നണികൾ തമ്മിലുള്ള ബലാബലത്തിന്റെ രാഷ്ട്രീയ സമവാക്യം നിലനിൽക്കുന്ന കേരളം ഇന്നും അവർക്ക് ബാലികേറാമലയായി തുടരുകയാണ്. ഇതിൽ ഒരു മുന്നണിയുടെ തകർച്ച സൃഷ്ടിക്കുന്ന പ്രതിപക്ഷ ശൈഥില്യം മുതലെടുത്ത് അധികാരം നേടുക എന്നതാണ് അവർക്കു മുന്നിലുള്ള ഏക വഴി. അതിനൊപ്പം സംഘ്പരിവാറിന്റെ കോൺഗ്രസ് മുക്ത ഭാരതമെന്ന അജൻഡയിലേക്കുള്ള വലിയൊരു കുതിപ്പുകൂടി അവർ ലക്ഷ്യമിടുന്നു.
കോൺഗ്രസ് മുക്ത ഭാരതമെന്നത് യഥാർഥത്തിൽ ആർഎസ്എസ് അജൻഡയാണ്. ആർ.എസ്.എസിന്റെ അജൻഡകൾ നടപ്പാക്കാനുള്ള രാഷ്ട്രീയ മുഖാവരണം മാത്രമാണ് ബിജെപി. വർഗീയ, തീവ്രവാദ സംഘടനകൾക്കെല്ലാം രാഷ്ട്രീയ പ്രയോഗങ്ങൾക്കായി ഇത്തരം രാഷ്ട്രീയ മുഖംമൂടികളുണ്ട്. ഈ രാഷ്ട്രീയ രൂപങ്ങളുടെയെല്ലാം കാര്യപരിപാടികൾ തീരുമാനിച്ച് പ്രവൃത്തിപഥത്തിലെത്തിക്കുന്നത് പിന്നിലുള്ള വർഗീയ സംഘടനകളാണ്. വേണ്ടിവന്നാൽ ലക്ഷ്യപ്രാപ്തിക്കായി സ്വന്തം രാഷ്ട്രീയ ഉപകരണങ്ങളെ താൽക്കാലികമായി അധികാരത്തിൽ നിന്ന് മാറ്റിനിർത്തുന്നതിനു പോലും അവർക്കു മടികാണില്ല.
ഇത് ആർഎസ്എസ് ദീർഘകാലമായി പ്രയോഗവൽക്കരിച്ചുകൊണ്ടിരിക്കുന്നൊരു തന്ത്രമാണ്. അജൻഡകളിലേക്കുള്ള വഴിയായി ആരെയും പിന്തുണയ്ക്കാനോ സഹായിക്കാനോ അവർക്കു മടിയില്ല. അടിയന്തരാവസ്ഥയ്ക്കൊടുവിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തകർത്ത് പ്രതിപക്ഷ ഐക്യത്തിൽ രൂപം കൊണ്ട ജനതാ പാർട്ടി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നത് ആർ.എസ്.എസിന്റെ കലവറയില്ലാത്ത പിന്തുണകൊണ്ടു കൂടിയായിരുന്നു. അന്ന് തോറ്റമ്പിയ കോൺഗ്രസിനെ ഇന്ദിരാവധത്തെ തുടർന്നുള്ള ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ചതിനു പിന്നിലും ആർ.എസ്.എസിന്റെ അപ്രഖ്യാപിത പിന്തുണയുണ്ടായിരുന്നു. കശ്മിർ, പഞ്ചാബ് വിഷയങ്ങളിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടും അതിന്റെ പേരിൽ ഇന്ദിരാ ഗാന്ധിക്ക് ജീവൻ വെടിയേണ്ടിവന്ന സാഹചര്യവുമൊക്കെയാണ് ബിജെപിയെ പാർലമെന്റിൽ രണ്ടു സീറ്റുകളിലൊതുക്കിക്കൊണ്ടുപോലും കോൺഗ്രസിനെ സഹായിക്കാൻ ആർ.എസ്.എസിനെ പ്രേരിപ്പിച്ചത്. ലക്ഷ്യത്തിലെത്താൻ ആരെ സഹായിക്കാനും ആർ.എസ്.എസിന് ഒരു മടിയുമില്ല.
സംസ്ഥാനത്തെ വോട്ടുകണക്കുകൾ വച്ചുകൊണ്ടുള്ള അവരുടെ കണക്കുകൂട്ടലുകളും യാഥാർഥ്യത്തോടു ചേർന്നുപോകുന്നതാണ്. വോട്ട് ശതമാനത്തിന്റെ ചെറിയ വ്യത്യാസത്തിൽ പോലും മുന്നണികൾ മാറിമാറി അധികാരത്തിൽ വരുന്ന കേരളത്തിൽ ഇതുവരെ അധികാരത്തിലെത്താനായിട്ടില്ലെങ്കിലും സംഘ്പരിവാർ വോട്ടുബാങ്ക് ഗണ്യമായ രാഷ്ട്രീയ ശക്തിയാണെന്ന് കഴിഞ്ഞ ചില തെരഞ്ഞെടുപ്പുകൾ തെളിയിച്ചിട്ടുണ്ട്. ബിജെപിക്കു കിട്ടിക്കൊണ്ടിരിക്കുന്ന വോട്ടുകളിൽ 70 ശതമാനത്തോളം എവിടേക്കു വേണമെങ്കിലും നിഷ്പ്രയാസം മറിക്കാൻ ആർ.എസ്.എസിനു സാധിക്കും. അത് അതീവ രഹസ്യമായി തന്നെ നിർവഹിക്കാനുള്ള കൃത്യമായ കേഡർ സംഘടനാ സംവിധാനവും അവർക്കുണ്ട്. കേരളത്തിലെ ഏതെങ്കിലുമൊരു പ്രബല മുന്നണിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കാൻ അതു ധാരാളം മതിയാകും. അതിനു പരസ്യ പിന്തുണയുടെയൊന്നും ആവശ്യവുമില്ല. എൽ.ഡി.എഫിനു ഭരണത്തുടർച്ച ലഭിച്ചോട്ടെ എന്ന് ആർഎസ്എസ് തീരുമാനിച്ചാൽ തന്നെ അതു സംഭവിക്കുമെന്നുറപ്പാണ്.
മാത്രമല്ല, ഈ നീക്കത്തിൽ അണികളെ കൂടെനിർത്താൻ ആർ.എസ്.എസിന് കാരണമാക്കാൻ പാകത്തിൽ സംഘ്പരിവാറിന്റെ ചില അജൻഡകൾ ഇടതു സർക്കാർ നടപ്പാക്കിപ്പോരുന്നുമുണ്ട്. 2017ൽ ദീനദയാൽ ഉപാദ്ധ്യായയുടെ ജന്മശതാബ്ദി ദിനത്തിൽ സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ പ്രത്യേക പരിപാടികൾ നടത്താൻ സർക്കുലറിറക്കിക്കൊണ്ടാണ് അതിനു തുടക്കമിട്ടത്. സസ്യാഹാരം മഹത്തരമെന്നു പ്രഖ്യാപിച്ചും മാംസാഹാരം മ്ലേച്ഛമെന്നു ധ്വനിപ്പിച്ചും പരസ്യമായി സംസാരിക്കുന്നൊരു ബിജെപി ഇതര വിദ്യാഭ്യാസ മന്ത്രിയുണ്ടായത് കേരളത്തിൽ മാത്രമാണ്. വിവാദങ്ങൾ സൃഷ്ടിച്ച ചില ദലിത്, ന്യൂനപക്ഷ വിരുദ്ധ നടപടികളും ഈ സർക്കാരിന്റെ കാലത്തുണ്ടായി. മാവോയിസ്റ്റുകൾ ധാരാളമുള്ള, ബിജെപി തന്നെ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉണ്ടായതിലേറെ മാവോയിസ്റ്റ് വേട്ടകൾ നടന്നത് മാവോയിസം കാര്യമായൊരു ചലനവും സൃഷ്ടിക്കാത്ത കേരളത്തിലാണെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ വേണമെങ്കിൽ എൽ.ഡി.എഫിനെ സഹായിക്കാൻ ആർ.എസ്.എസിനു കാരണങ്ങളേറെയാണ്.
തുടർന്നുള്ള അവരുടെ സ്വപ്നങ്ങളും യാഥാർഥ്യമായേക്കും. യു.ഡി.എഫിന് തുടർച്ചയായി ഭരണം നഷ്ടപ്പെട്ടാൽ സംസ്ഥാനത്ത് ശക്തമായ പ്രതിപക്ഷമില്ല എന്ന അവസ്ഥ വരും. ജനാധിപത്യത്തിൽ അനിവാര്യമായ പ്രതിപക്ഷ റോൾ അവർക്കു നഷ്ടപ്പെടുന്നതോടെ മറ്റൊരു പ്രതിപക്ഷ ചേരിക്കു സാധ്യത തെളിയും. അധികാരവും സമ്പത്തുമുള്ളിടത്തേക്ക് മാറാൻ മനഃസാക്ഷി തെല്ലും അലട്ടാത്ത രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും ധാരാളമുള്ള കേരളത്തിൽ അധികാരപ്രതീക്ഷയില്ലാത്ത യു.ഡി.എഫ് വിട്ടുപോകാൻ ധാരാളം ആളുകളുണ്ടാകും. തുടർച്ചയായ ഭരണം സൃഷ്ടിക്കുന്ന രാഷ്ട്രീയ ജീർണതയുടെ ആഴം മൂലം എൽ.ഡി.എഫ് വിട്ടുപോകാനും കാണും ഏറെയാളുകൾ. ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിന്റെ സ്വാഭാവിക ഗുണഭോക്താക്കൾ ബിജെപിയായിരിക്കുമെന്നതിൽ രണ്ടു പക്ഷമുണ്ടാവാനിടയില്ല. അവർക്ക് സംസ്ഥാന ഭരണത്തിലേറാനുള്ള പാത എളുപ്പമാകും. അങ്ങനെ സംഭവിച്ചാൽ മതേതര കേരളം അതിനു നൽകേണ്ടിവരുന്നത് കനത്ത വിലയായിരിക്കും.
മറുനാടന് മലയാളി ബ്യൂറോ