ന്യൂഡൽഹി : ഭർത്താവിനെ മാത്രമേ മുത്തലാഖ് കേസുകളിൽ കുറ്റാരോപിതനാക്കാൻ കഴിയൂ എന്ന് സുപ്രീം കോടതി. മുത്തലാഖ് ചൊല്ലിയെന്ന ആരോപിക്കപ്പെട്ട ഡോ.ഗസൽ ജലാലിന്റെ മാതാവ് രഹ്ന ജലാലിന്റെ ഹർജിയിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഡോ.ഗസൽ, മാതാവ് രഹ്ന, പിതൃസഹോദരൻ, അദ്ദേഹത്തിന്റെ ഭാര്യ എന്നിവർക്കെതിരായിരുന്നു മുത്തലാഖ് നിരോധന നിയമപ്രകാരമുള്ള പരാതി.

പരാതിക്കാരിയുടെ ഭാഗം കേട്ടശേഷം ഈ കേസുകളിൽ കുറ്റാരോപിതന് മുൻകൂർ ജാമ്യമനുവദിക്കുന്നതിന് നിയമപ്രകാരം തടസ്സമില്ലെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് 27ന് വടക്കൻ പറവൂർ പൊലീസ് സ്റ്റേഷനിലാണ് ഡോ. ഗസലിന്റെ ഭാര്യ പരാതി നൽകിയത്. തുടർന്ന് ഡോ.ഗസലും മാതാവും നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തുടർന്ന് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചു.

സുപ്രീം കോടതി നിർദേശിച്ചപ്രകാരം ഡോ.ഗസലിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ 16നു പരിഗണിച്ചു, അന്നു തന്നെ ജാമ്യമനുവദിച്ചു. രഹ്നയ്ക്ക് സുപ്രീം കോടതി തന്നെ ജാമ്യം നൽകി. ഇതു സംബന്ധിച്ച ഉത്തരവിലാണ് കോടതി നിയമം വ്യാഖ്യാനിച്ചത്.