ന്യൂഡൽഹി: വോട്ടർ തിരിച്ചറിയൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കുന്ന വിവാദ നിയമം ചോദ്യംചെയ്തുള്ള ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാലയാണ് ഹർജിക്കാരൻ.

നിയമം ഭരണഘടനാവിരുദ്ധവും തുല്യതയ്ക്കും സ്വകാര്യതയ്ക്കും ഉള്ള അവകാശങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. വോട്ടർ ഐഡി കാർഡിനെ ആധാറുമായി ബന്ധിപ്പിക്കുന്ന തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബിൽ കഴിഞ്ഞ ശീതകാല സമ്മേളനത്തിലാണ് കേന്ദ്ര സർക്കാർ പാസാക്കിയത്.

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചർച്ച പോലും കൂടാതെയാണ് ഇരുസഭകളും ബില്ല് പാസാക്കിയത്. തെരഞ്ഞെടുപ്പ് പരിഷ്‌ക്കാരങ്ങളുടെ ഭാഗമായി തെരഞ്ഞെടുപ്പ് കമീഷനാണ് വോട്ടർ തിരിച്ചറിയൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കുന്ന ആശയം മുന്നോട്ടുവെച്ചത്. പുതിയ നിയമപ്രകാരം വോട്ടർ രജിസ്‌ട്രേഷൻ ഉദ്യോഗസ്ഥർക്ക് വോട്ടറായി രജിസ്റ്റർ ചെയ്യാൻ എത്തുന്നവരോട് തിരിച്ചറിയലിനെന്ന പേരിൽ ആധാർ ആവശ്യപ്പെടാം.

വ്യാജ വോട്ടർമാരെ നീക്കുന്നതിനും ഒന്നിലേറെ വോട്ടർ പട്ടികകളിൽ പേര് ഉൾപ്പെടുന്നത് തടയന്നതിനുമാണ് ഈ നടപടിയെന്നാണ് സർക്കാർ വാദം.