ന്യൂഡൽഹി: കർഷക സമരത്തിനെതിരെ വീണ്ടും വിമർശനവുമായി സുപ്രീംകോടതി. നിയമ നടപടി പരിഗണനയിൽ ഇരിക്കുമ്പോഴും കർഷകരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ, റോഡ് തടഞ്ഞുള്ള പ്രതിഷേധം അംഗീകരിക്കാൻ സാധിക്കില്ലെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോൾ വാക്കാലായിരുന്നു സുപ്രീംകോടതിയുടെ പരാമർശം.

റോഡ് തടഞ്ഞുള്ള സമരം ഒഴിവാക്കുന്നതിൽ കർഷകർ നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഡിസംബർ ഏഴിന് കേസ് വീണ്ടും പരിഗണിക്കും. നേരത്തെ ജന്തർമന്ദിറിൽ പ്രതിഷേധിക്കാൻ അനുമതി തേടി കർഷകർ കോടതിയെ സമീപിച്ചപ്പോഴും സമാനമായ നിരീക്ഷണം കോടതി നടത്തിയിരുന്നു.

ഡൽഹിയെ ശ്വാസംമുട്ടിക്കുന്നതാണ് സമരമെന്നും ഇത് ഈ രീതിയിൽ മുന്നോട്ട് പോകാനാവില്ലെന്നും സുപ്രീംകോടതി അന്ന് നിരീക്ഷിച്ചിരുന്നു.എന്നാൽ, സമരം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ മുൻകൈയെടുത്ത് ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ഇതിനോട് സഹകരിക്കാൻ കർഷകർ തയാറായില്ലെന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത അന്ന് കോടതിയെ അറിയിച്ചത്.