- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് വർഷം കഴിഞ്ഞ് പെൻഷൻ നൽകുന്നത് രാജ്യത്ത് മറ്റൊരിടത്തുമില്ല; കേരള സർക്കാറിന് ഇത്രയും ആസ്തിയുണ്ടോ? മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ നൽകുന്നതിൽ സംസ്ഥാനം സർക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് പെൻഷൻ നൽകുന്ന സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. രണ്ട് വർഷം കഴിഞ്ഞ് പെൻഷൻ നൽകുന്നത് രാജ്യത്ത് മറ്റൊരിടത്തും ഇല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. സംസ്ഥാന സർക്കാറിന് ഇത്രയും ആസ്തിയുണ്ടോ എന്നും കോടതി ചോദിച്ചു. കോടതിയിടെ അതൃപ്തി സർക്കാറിനെ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. കെഎസ്ആർടിസി തൊഴിലാളികളുടെ കേസ് പരിഗണിക്കവേയാണ് സുപ്രീംകോടതി വിമർശനവുമായി രംഗത്തുവന്നത്.
സംസ്ഥാനത്ത് പെൻഷൻ വാങ്ങുന്ന പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം 1223 ആണ്. ഇത് 2019 ജൂലൈ ഒന്നുവരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലുള്ളതാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ കണക്ക് കൂടി എടുത്താൽ പെൻഷൻ വാങ്ങുന്ന പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണം 1500ൽ കൂടുതലായിരിക്കും. ഏറ്റവും കുറഞ്ഞ പെൻഷൻ 3550 രൂപ രണ്ടര വർഷം സർവീസുള്ളവർക്കാണ് ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കുന്നത്. 3550 രൂപയും ഏഴു ശതമാനം ഡിഎയും ഗ്രാറ്റുവിറ്റിക്കും അർഹതയുണ്ട്. കൂടിയ പെൻഷൻ 84000 രൂപയാണെങ്കിലും മന്ത്രിമാരോടൊപ്പം 30 വർഷം ജോലി ചെയ്യണമെന്നതാണ് ചട്ടം.
അതുകൊണ്ടുതന്നെ പരമാവധി പെൻഷൻ വാങ്ങുന്ന പേഴ്‌സണൽ സ്റ്റാഫുകൾ ആരുമില്ല. നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ വൈകിപ്പിച്ച ഗവർണറുടെ പ്രധാന ആവശ്യം മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ പെൻഷൻ റദ്ദാക്കണം എന്നതായിരുന്നു. പിന്നീട് ഗവർണർ ഈ ഫയലിൽ ഒപ്പുവെച്ചിരുന്നു. പേഴ്‌സണൽ സ്റ്റാഫുകൾക്ക് പെൻഷൻ നൽകാനുള്ള ചട്ടം 1984 ഏപ്രിൽ ഒന്ന് മുതലുള്ളതാണ്. പ്രത്യേക ചട്ടത്തിലൂടെയാണ് സംസ്ഥാനത്ത് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് പെൻഷൻ അനുവദിച്ചിട്ടുള്ളത്. കേന്ദ്രത്തിലും മറ്റ് സംസ്ഥാനങ്ങളിലും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ ലഭിക്കുന്നില്ല. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ 25 പേരെ വരെ നിയമിക്കാം. മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷനേതാവ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ ചീഫ് വിപ്പ് എന്നിവർക്കാണ് ഏറ്റവുമധികം പേഴ്‌സണൽ സ്റ്റാഫ് ഉള്ളത്.
മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ അനുവദിക്കുന്നതിന് ചില ഇളവുകളും സർക്കാർ നൽകിയിട്ടുണ്ട്. പെൻഷൻ വാങ്ങാൻ വേണ്ടത് കുറഞ്ഞ സർവീസ് മൂന്ന് വർഷമാണ്. എന്നാൽ രണ്ടര വർഷമാകുമ്പോൾ മൂന്ന് വർഷം തികച്ചതായി കണക്കാക്കി പെൻഷൻ അനുവദിക്കാറുണ്ട്. ഒരു സർക്കാരിന്റെ അഞ്ചുവർഷ കാലാവധിയിൽ ഒരേ തസ്തികയിൽ രണ്ടുപേരെ നിയമിച്ച് പെൻഷൻ അനുവദിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. മറ്റ് സർക്കാർ ജീവനക്കാരെ അപേക്ഷിച്ച് പെൻഷൻ പ്രായം തികയുന്നതിന് മുമ്പ് തന്നെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് പെൻഷൻ കിട്ടിത്തുടങ്ങും. ഇവർ മറ്റ് ജോലിക്ക് പോകരുതെന്ന് ചട്ടമുണ്ടെങ്കിലും അത് ആരും പാലിക്കാറില്ല.
പെൻഷൻ മാത്രം ലക്ഷ്യമിട്ടാണ് പേഴ്‌സണൽ സ്റ്റാഫ് നിയമനം നടത്തുന്നതെന്നും, സംസ്ഥാന ഖജനാവിൽനിന്നാണ് ഇവർക്ക് പണം നൽകുന്നത്. പാർട്ടി കേഡർ വളർത്തുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന വിമർശനവും സജീവമായിരുന്നു. ഒരു സർക്കാരിന്റെ കാലത്ത് തന്നെ രണ്ടുവർഷത്തിന് ശേഷം പേഴ്‌സണൽ സ്റ്റാഫുകൾ രാജിവെക്കുകയും പകരം ആളെ നിയമിക്കുകയും ചെയ്യുന്നുണ്ട്. രാജിവെക്കുന്നവർ പെൻഷൻ ഉറപ്പാക്കി പാർട്ടി പ്രവർത്തനത്തിലേക്ക് മടങ്ങുകയാണ് ചെയ്യുന്നത്. പെൻഷൻ വിഹിതം നൽകാതെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ അനുവദിക്കുന്നത് ശരിയല്ല. ഇത് ഭരണഘടനാവിരുദ്ധമാണെന്നും ഗവർണർ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സുപ്രീംകോടതിയും സർക്കാറിനെതിരെ വിമർശനവുമായി രംഗത്തുവന്നിരിക്കുന്നത്.