- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള സർക്കാർ സമ്മർദത്തിനു വഴങ്ങുന്നത് ദയനീയം; ഡി വിഭാഗത്തിൽ ഒരു ദിവസം ഇളവു നൽകിയ നടപടി തീർത്തും അനാവശ്യം; ഇളവുകൾ രോഗവ്യാപനത്തിനു കാരണമായാൽ നടപടി നേരിടേണ്ടിവരും; കൻവാർ യാത്ര കേസിലെ നിർദേശങ്ങൾ കേരളത്തിനും ബാധകം; ബക്രീദ് ഇളവുകളിൽ കേരളത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
ന്യൂഡൽഹി: ബക്രീദിന് മുന്നോടിയായി ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ മൂന്ന് ദിവസം ഇളവുകൾ നൽകിയ കേരളത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. കോവിഡ് വ്യാപനം കൂടിയ ഡി വിഭാഗം പ്രദേശങ്ങളിലും ഇളവു നൽകിയ നടപടിയെ ജസ്റ്റിസ് റോഹിങ്ടൺ നരിമാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വിമർശിച്ചു. ഡി വിഭാഗത്തിൽ ഒരു ദിവസം ഇളവു നൽകിയ നടപടി തീർത്തും അനാവശ്യമാണെന്ന് കോടതി പറഞ്ഞു. ഇളവുകൾ രോഗവ്യാപനത്തിനു കാരണമായാൽ നടപടി നേരിടേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പുനൽകി. യുപിയിലെ കൻവാർ യാത്ര കേസിൽ സുപ്രീം കോടതി നൽകിയ നിർദേശങ്ങൾ കേരളത്തിനു ബാധകമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനു മേൽ ഒരു സമ്മർദ ഗ്രൂ്പ്പിനും-മതപരമായാലും അല്ലെങ്കിലും- ചെലുത്താനാവില്ലെന്ന് കോടതി പറഞ്ഞു. ഇളവുകൾ മൂലം കോവിഡ് വ്യാപനം ഉണ്ടായാൽ ഏതു പൗരനും അതു കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാം. കോടതി അതിൽ നടപടിയെടുക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. മഹാമാരിയുടെ ഈ കാലത്ത് സമ്മർദത്തിനു വഴങ്ങുന്നത് ദയനീയമായ അവസ്ഥയാണെന്ന് കോടതി പറഞ്ഞു.
അതേസമയം വ്യാപാര സംഘടനകൾ ആവശ്യപ്പെട്ടതു കൊണ്ടാണ് ഇളവ് അനുവദിച്ചതെന്നാിരുന്നു സർക്കാർ വാദം. ഇതിന് പിന്നാലെയാണ് കോടതിയുടെ രൂക്ഷ വിമർശനവും ഉണ്ടായത്. ഇളവുകൾ രോഗവ്യാപനത്തിനു കാരണമായാൽ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. രാജ്യം അടിയന്തരാവസ്ഥ നേരിടുമ്പോൾ, ഇളവുകൾ നൽകി സർക്കാർ ആളുകളുടെ ജീവൻ വച്ചു കളിക്കുകയാണെന്ന് ആരോപിച്ച് മലയാളിയും ഡൽഹി വ്യവസായിയുമായ പി.കെ.ഡി.നമ്പ്യാരാണു സുപ്രീം കോടതിയെ സമീപിച്ചത്. ഹർജിയിൽ സംസ്ഥാന സർക്കാർ ഇന്നലെ തന്നെ വിശദീകരണം നൽകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
ജനം അസ്വസ്ഥരാണെന്നും ലോക്ഡൗൺ അനന്തമായി നീട്ടാനാകില്ലെന്നുമാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ വിശദീകരണം. നിയന്ത്രണങ്ങളും സാമ്പത്തിക മാന്ദ്യവും ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു. പ്രതിപക്ഷ പാർട്ടികളും വ്യാപാര സംഘടനകളുമെല്ലാം ആവശ്യപ്പെട്ടതു കൊണ്ടാണ് ബക്രീദിന് മുൻപുള്ള മൂന്നു ദിവസങ്ങളിൽ ഇളവ് അനുവദിച്ചതെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. വിദഗ്ധരുമായി കൂടി ആലോചിച്ചാണ് കേരളത്തിൽ ഇളവുകൾ നൽകിയതെന്നായിരുന്നു കേരളം പറഞ്ഞത്.
അതേസമയം കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് ഏർപ്പെടുത്തിയ വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിക്കാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വൈകീട്ട് ചേരുന്ന കോവിഡ് അവലോകന യോഗത്തിലുണ്ടാകും. വാരാന്ത്യ ലോക്ക്ഡൗൺ ഉൾപ്പെടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന കോവിഡ് നിയന്ത്രണങ്ങളിൽ അശാസ്ത്രീയത ഉണ്ടെന്ന വിമർശനം വ്യാപകമായി ഉയർന്നിരുന്നു. വ്യാപാരികൾ ഉൾപ്പെടെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ശനിയാഴ്ചയും ഞായറാഴ്ചയും കടകൾ അടച്ചിട്ട് ബാക്കി ദിവസങ്ങളിൽ തുറക്കുന്നത് മൂലം കൂടുതൽ ആളുകൾ വ്യാപാര സ്ഥാപനങ്ങളിൽ എത്താനുള്ള സാധ്യത കൂടുതലാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വാരാന്ത്യ ലോക്ക്ഡൗൺ ആൾക്കൂട്ടത്തിന് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്. വാരാന്ത്യ ലോക്ക്ഡൗൺ നടപ്പിലാക്കി തുടങ്ങിയിട്ട് മാസങ്ങളായി. പക്ഷേ ഇപ്പോഴും ടിപിആർ പത്തിന് മുകളിൽ നിൽക്കുകയാണ്. അതുകൊണ്ട് തന്നെ വാരാന്ത്യ ലോക്ക്ഡൗൺ ഫലപ്രദമല്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ