ന്യൂഡൽഹി: വർഷങ്ങൾ നീണ്ട നിമയ പോരാട്ടത്തിന് ഒടുവിൽ കെപിപി നമ്പ്യാരുടെ ഭാര്യയ്ക്ക് നീതി കിട്ടി. സഹോദരിയുടെ ചതിയിൽ നഷ്ടമായ ഭൂമിയാണ് സുപ്രീംകോടതിയിൽ പോരാട്ടം നടത്തി ഉമ നമ്പ്യാർ വീണ്ടെടുത്തത്. മാവൂർ റോഡിലെ ബേബി മെമോറിയൽ ഹോസ്പിറ്റലിന് സമീപത്ത് താമരശേരി റോമൻ കത്തോലിക്കാ രൂപത വാങ്ങിയ ഭൂമി കെ.പി.പി. നമ്പ്യാരുടെ ഭാര്യ ഉമാ നമ്പ്യാർക്ക് മടക്കി നൽകാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. വിൽപ്പനയ്ക്ക് വ്യവസ്ഥ ഇല്ലാത്ത പവർ ഓഫ് അറ്റോർണി പ്രകാരമായിരുന്ന ഭൂമിയുടെ ആദ്യ കൈമാറ്റം എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ്മാരായ ഹേമന്ത് ഗുപ്ത, വി. രാമസുബ്രമണ്യം എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

കുടുംബ ഓഹരിയിൽനിന്ന് ലഭിച്ച സ്വത്തുക്കളുമായി ബന്ധപ്പെട്ട ക്രയ വിക്രയങ്ങൾക്ക് സഹോദരി റാണി സിദ്ധനെ ചുമതലപ്പെടുത്തി 1971 ൽ ഉമാ ദേവി നമ്പ്യാർ പവർ ഓഫ് അറ്റോർണി രജിസ്റ്റർ ചെയ്തിരുന്നു. വിദേശത്തേക്ക് പോകാൻ വേണ്ടിയായിരുന്നു ഈ നടപടി അവർ കൈക്കൊണ്ടത്. ഈ പവർ ഓഫ് അറ്റോർണി 1985 ൽ റദ്ദാക്കിയിരുന്നു. എന്നാൽ റദ്ദാക്കപ്പെടുന്നതിന് മുമ്പ് റാണി സിദ്ധൻ സഹോദരി ഉമാദേവി നമ്പ്യാരുടെ ചില ഭൂമികൾ വിറ്റു. റാണി സിദ്ധനിൽ നിന്ന് ഭൂമി വാങ്ങിയവരിൽ ഒരാളാണ് മാവൂർ റോഡിലെ വസ്തു താമശേരി റോമൻ കത്തോലിക്കാ രൂപതയ്ക്ക് വിറ്റത്.

പവർ ഓഫ് അറ്റോർണിയിൽ വസ്തു പാട്ട കരാറിന് കൈമാറാനും, ഈട് വച്ച് കടം വായ്പ എടുക്കാനും മാത്രമേ റാണി സിദ്ധന് അധികാരം നല്കുന്നുള്ളുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വിൽപ്പനയ്ക്ക് ഉള്ള അധികാരം നൽകുന്നില്ല. അതിനാൽ തന്നെ ഭൂമി വിറ്റ റാണി സിദ്ധന്റെ നടപടി തെറ്റാണ്. പവർ ഓഫ് അറ്റോർണിയുടെ പന്ത്രണ്ടാം വകുപ്പ് പ്രകാരം വസ്തുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും രജിസ്റ്റർ ചെയ്യാനുള്ള അധികാരം നൽകുന്നുണ്ടെന്ന് രൂപതയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. തലമുതിർന്ന അഭിഭാഷകൻ തയ്യാറാക്കിയ പവർ ഓഫ് അറ്റോർണി ആയതിനാൽ തന്നെ അത് വിൽപ്പനയ്ക്കുള്ള അധികാരമാണെനന്നായിരുന്നു രൂപതയുടെ നിലപാട്.

എന്നാൽ ഈ വാദം അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചിഹ്നങ്ങൾ, വിരാമം എന്നിവയ്ക്ക് പവർ ഓഫ് അറ്റോർണിയിൽ നിർണ്ണായകമാണെന്നും കോടതി വ്യക്തമാക്കി. ഉമാ ദേവി നമ്പ്യാർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെയും, അഭിഭാഷകൻ ഹാരിസ് ബീരാനും ഹാജരായി. താമശേരി റോമൻ കത്തോലിക്കാ രൂപതയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകൻ തോമസ് പി ജോസഫ് ആണ് ഹാജരായത്.

പവർ ഓഫ് അറ്റോണിയിൽ വസ്തു പാട്ട കരാറിന് കൈമാറാനും, ഈടുവെച്ച് കടം വായ്പ എടുക്കാനും മാത്രമേ അധികാരം നൽകുന്നുള്ളൂ എന്ന് ബെഞ്ച് വ്യക്തമാക്കിയതോടെ സമാനമായ ഭൂമി ഇടപാടുകളിലും കോടതി വിധി പ്രതിഫലിക്കാൻ സാധ്യതയുണ്ട്.