ന്യൂഡൽഹി : പൊലീസ് സ്‌റ്റേഷനുകളിലും കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഓഫീസുകളിലും സി.സി.ടി.വി സ്ഥാപിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിന് കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം. പൗരാവകാശത്തിൽ പെട്ട വിഷയമാണെന്നും അത് നടപ്പാക്കുന്നതിൽ വീഴ്ച വരുത്താൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. രാത്രിയിലടക്കം ദൃശ്യവും ശബ്ദവും റെക്കോർഡ് ചെയ്യുന്ന സംവിധാനങ്ങൾ ഉള്ള കാമറകൾ സ്ഥാപിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

സി സി ടിവി സ്ഥാപിക്കണമെന്ന ഉത്തരവ് ഇറങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും വിധി നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഇനിയും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കസ്റ്റഡി മർദ്ദനവും കൊലപാതകവും തടയുന്നതിന്റെ ഭാഗമായാണ് പൊലീസ് സ്‌റ്റേഷനുകളിലും അന്വേഷണ ഏജൻസികളുടെ ഓഫീസുകളിലും സി.സി.ടി.വി സ്ഥാപിക്കാനുള്ള ഉത്തരവ് സുപ്രീംകോടതി ഇറക്കിയത്.

എൻ.ഐ.എ, സിബിഐ, ഇ.ഡി, ഡി.ആർ.ഐ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളോടാണ് സി.സി.ടി.വി കാമറ സ്ഥാപിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നത്. റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ 18 മാസം സൂക്ഷിക്കണമെന്നും കോടതി ഉത്തരവിൽ നിർദേശിച്ചിരുന്നു.

മൂന്ന് ആഴ്‌ച്ചക്കുള്ളിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഓഫീസുകളിൽ സി.സി.ടി.വി സ്ഥാപിക്കാനുള്ള നടപടികൾ എവിടെവരെയായി എന്ന് വിശദീകരിച്ചുള്ള സത്യവാങ്മൂലം നൽകണമെന്ന് ജസ്റ്റിസ് റോഹിന്റൺ നരിമാൻ അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു.

പൊലീസ് സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാനായി ഒരുമാസത്തിനുള്ളിൽ സംസ്ഥാന സർക്കാരുകൾ പണം നീക്കിവെക്കണം. നാല് മാസത്തിനുള്ളിൽ സി.സി.ടി.വികൾ സ്ഥാപിക്കണമെന്നും നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് ഡിസംബർ 31 വരെ സമയം നീട്ടി നൽകി.