ന്യൂഡൽഹി: സംവരണം 50 ശതമാനത്തിൽ അധികമാകാമോയെന്ന വിഷയത്തിൽ നിലപാടറിയിക്കാൻ കൂടുതൽ സമയം വേണമെന്ന കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ആവശ്യം നിരാകരിച്ച് സുപ്രീംകോടതി. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേരളത്തിന്റെ ആവശ്യം നിരകരിച്ചത്.

കേരളത്തിന് പുറമെ കേസ് നീട്ടി വയ്ക്കണമെന്ന തമിഴനാടിന്റെ ആവശ്യവും സുപ്രീം കോടതി തള്ളി. കേരളത്തിനും തമിഴ്‌നാടിനും നിലപാടറിയിക്കാൻ ഒരു ആഴ്ചത്തെ സമയം കൂടി ഭരണഘടന ബെഞ്ച് അനുവദിച്ചു.

കേരളത്തിൽ ഏപ്രിൽ ആറിന് നിയമസഭ തിരഞ്ഞെടുപ്പാണെന്നും അതിനാൽ നിലപാടറിയിക്കാൻ കൂടുതൽ സമയം വേണമെന്നും ഭരണഘടന ബെഞ്ചിന് മുമ്പാകെ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. നയപരമായ നിലപാട് എടുക്കേണ്ട വിഷയമാണെന്നും ഗുപ്ത വാദിച്ചു.

എന്നാൽ സംവരണം 50 ശതമാനത്തിൽ അധികമാകരുതെന്ന ഇന്ദിര സാഹിനി കേസിലെ ഒൻപത് അംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാൻ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമോ എന്ന കാര്യമാണ് ഇപ്പോൾ പരിഗണിക്കുന്നതെന്ന് ഭരണഘടന ബെഞ്ച് ചൂണ്ടിക്കാട്ടി. അതിൽ നിലപാട് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾക്കും അറിയിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി

മാറാത്ത സംവരണത്തിന്റെ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരുകൂട്ടം ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു മൂന്നു പതിറ്റാണ്ട് പഴക്കമുള്ള ഇന്ദ്ര സാഹ്നി കേസിലെ വിധിയിൽ പുനഃപരിശോധന നടത്താമെന്ന് ഭരണഘടന ബെഞ്ച് കഴിഞ്ഞ ആഴ്ച നിരീക്ഷിച്ചത്.

ഇന്ദ്ര സാഹ്നി കേസിൽ ഒൻപത് അംഗ ബെഞ്ച് പുറപ്പടിവിച്ച വിധിന്യായം പുനപരിശോധിക്കുന്നതിന് വിശാല ബെഞ്ചിന് വിടുന്നതിനെ കുറിച്ച് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ഭരണഘടന ബെഞ്ചിന് മുമ്പാകെ വാദം ആരംഭിച്ചു.