- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടൽകൊല കേസ്: ഇറ്റലി നൽകിയ പത്ത് കോടി രൂപ സ്ഥിരനിക്ഷേപമാക്കാൻ സുപ്രീം കോടതി ആലോചന; കേസിൽ സുപ്രീംകോടതിയുടെ അന്തിമ തീരുമാനം നാളെ
ന്യൂഡൽഹി: കടൽകൊല കേസിൽ ഇറ്റലി ഇന്ത്യക്കു കൈമാറിയ പത്തുകോടി രൂപ ബാങ്കിൽ സ്ഥിരനിക്ഷേപമായി ഇടുന്നതിനെ കുറിച്ച് കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബെഞ്ചിന്റെ അഭിപ്രായം തേടി രജിസ്ട്രി. നഷ്ടപരിഹാര തുക കെട്ടിവച്ചതിന്റെ രേഖകൾ കണ്ട് ബോധ്യമായതിനു ശേഷം മാത്രമേ കേസിന്റെ തുടർ നടപടികൾ നിർത്തിവയ്ക്കുകയുള്ളുവെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ഇതിനെതുടർന്ന് ഇറ്റലി പത്ത് കോടി രൂപ കേന്ദ്ര സർക്കാരിന് കൈമാറിയിരുന്നു. ഇറ്റലി തുക കെട്ടിവച്ചതിന്റെ രേഖകൾ സമർപ്പിച്ച സ്ഥിതിക്ക് കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ അപേക്ഷയിൽ കോടതി നാളെ തീരുമാനം എടുക്കും.ഇറ്റലി കൈമാറിയ തുക ഏപ്രിൽ 26ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയുടെ യൂക്കോ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. എന്നാൽ ഈ തുക പലിശരഹിത നിക്ഷേപമായി അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുന്നതിനാൽ അത് സ്ഥിരപലിശ നിക്ഷേപം ആക്കുന്നതിന്മേലുള്ള ബഞ്ചിന്റെ അഭിപ്രായമാണ് ഇപ്പോൾ രജിസ്ട്രി തേടിയിരിക്കുന്നത്.
രജിസ്ട്രിയുടെ ഈ ആവശ്യം ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, എം ആർ ഷാ എന്നിവർ അടങ്ങിയ ബെഞ്ച് നാളെ പരിഗണിക്കും.ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ച ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങൾക്ക് നാല് കോടി രൂപ വീതമാണ് നഷ്ടപരിഹാരം ലഭിക്കുക. സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടി രൂപയും നഷ്ടപരിഹാരമായി ലഭിക്കും.