ന്യൂഡൽഹി: രാജ്യത്തെ കോവിഡ് മരണങ്ങളിൽ പുതിയ നിർദ്ദേശവുമായി സുപ്രീംകോടതി. രോഗം ഭേദമായാലും കൊവിഡാനന്തരം സംഭവിക്കുന്ന രോഗങ്ങൾ മൂലമുള്ള മരണങ്ങൾ ഇനിമുതൽ കോവിഡ് മരണം മൂലമാണെന്ന് കണക്കാക്കണമെന്ന് സുപ്രീംകോടതി അറിയിച്ചു. കോവിഡ് മൂലം മരിച്ചവരുടെ മരണ സർട്ടിഫിക്കറ്റിൽ കൃത്യമായി മരണകാരണം കോവിഡ് എന്ന്രേഖപ്പെടുത്തണം. മരണ സർട്ടിഫിക്കറ്റ് നൽകുന്നതിലുള്ള നടപടിക്രമങ്ങൾ ലളിതമാക്കണമെന്ന് കേന്ദ്ര സർക്കാരിനോടും മറ്റ് സർക്കാർ സംവിധാനങ്ങളോടും കോടതി ആവശ്യപ്പെട്ടു.

സർക്കാർ സംവിധാനങ്ങൾ കോവിഡ് മൂലമാണ് രോഗി മരിച്ചതെന്ന് കാണിക്കുന്ന രേഖകൾ നൽകുന്നതിൽ കൃത്യത പുലർത്തുന്നില്ലെന്നും രോഗം വന്ന് മരിച്ചവവരുടെ ബന്ധുക്കൾക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും കാണിച്ചുകൊണ്ടുള്ള രണ്ട് പൊതുതാൽപര്യ ഹർജികൾ പരിഗണിക്കവെയാണ് കോടതി ഇങ്ങനെ നിർദ്ദേശം നൽകിയത്. ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എം. ആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

എന്നാൽ കോവിഡ് സ്ഥിരീകരിച്ചുകൊണ്ടുള്ള മരണങ്ങൾ മാത്രമേ കോവിഡ് മരണമായി കണക്കാക്കാൻ കഴിയൂവെന്നായിരുന്നു കേന്ദ്രസർക്കാർ കോടതിയിൽ വാദിച്ചത്. ഈ വാദം പരിശോധിച്ച ശേഷമാണ് കോടതിയുടെ നിർദ്ദേശം. കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരമായി നാല് ലക്ഷം രൂപ നൽകണമെന്ന നിർദ്ദേശവും എതിർത്തു.എന്നാൽ ഈ വാദങ്ങൾ തള്ളിയ കോടതി സഹായധനം എത്രവേണമെന്ന് കേന്ദ്ര സർക്കാരിന് തീരുമാനിക്കാമെന്നും അതിന് തീരുമാനമെടുക്കാൻ സർക്കാരിന് ആറാഴ്ച സമയം നൽകുന്നുവെന്നും സുപ്രീംകോടതി അറിയിച്ചു.