ന്യൂഡൽഹി: പെഗസ്സസ് ഫോൺ ചോർത്തൽ വിവാദത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ സുപ്രീം കോടതിയെ സമീപിച്ചു. വിഷയം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം(എസ്‌ഐ.ടി.) രൂപവത്കരിക്കണമെന്ന് എഡിറ്റേഴ്സ് ഗിൽഡ് കോടതിയോട് ആവശ്യപ്പെട്ടു.

മാധ്യമ പ്രവർത്തകർ, രാഷ്ട്രീയക്കാർ, സന്നദ്ധപ്രവർത്തകർ എന്നിവരെ നിരീക്ഷണത്തിലാക്കിയതിൽ എസ് ഐ ടി അന്വേഷണം വേണമെന്നാണ് ആവശ്യം. മാധ്യമ സ്വാതന്ത്രത്തിൽ ഇടപെടാൻ സർക്കാരിന് അവകാശമില്ല. എന്തിന് ഇടപെട്ടു എന്ന് അന്വേഷിക്കണമെന്നും ഹർജിയിൽ പറയുന്നു.

പെഗസ്സസ് സോഫ്റ്റ് വെയർ കരാറിനെ കുറിച്ചുള്ള വിശദാംശങ്ങളും ആരെയൊക്കെയാണ് ലക്ഷ്യമിട്ടിരുന്നത് തുടങ്ങിയ വിവരങ്ങളും സർക്കാരിനോട് തേടണമെന്നും എഡിറ്റേഴ്‌സ് ഗിൽഡ് ആവശ്യപ്പെടുന്നുണ്ട്. എഡിറ്റേഴ്‌സ് ഗിൽഡിന്റെ റിട്ട് ഹർജി കോടതി വ്യാഴാഴ്ച പരിഗണിക്കും.

സർക്കാർ തങ്ങളുടെ അധികാര പരിധി ലംഘിക്കുന്നുണ്ടോ എന്നും ജനങ്ങളുടെ മൗലികാവകാശങ്ങൾക്ക് സംരക്ഷിക്കാൻ എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും അറിയാൻ രാജ്യത്തെ പൗരന്മാർക്ക് അവകാശമുണ്ടെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

രാജ്യത്ത് ഇത്തരത്തിലുള്ള സ്‌പൈവെയർ ഉപയോഗിക്കുന്നതും സ്ഥാപിക്കുന്നതും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഫോൺ ചോർത്തൽ പട്ടികയിൽ ഉൾപ്പെട്ട മുതിർന്ന മാധ്യമപ്രവർത്തകനായ പരഞ്‌ജോയ് ഗുഹയും മറ്റു നാലുപേരും സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.

സർക്കാർ ഏജൻസികളുടെ ഇത്തരത്തിലുള്ള അനധികൃത നിരീക്ഷണങ്ങൾ ജനങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും എഡിറ്റേഴ്‌സ് ഗിൽഡ് ഹർജിയിൽ ആരോപിക്കുന്നു.

അതേസമയം, പെഗസ്സസ് വിഷയത്തിൽ സമാന്തര പാർലമെന്റ് സംഘടിപ്പിച്ച് പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സൈക്കിളിൽ പാർലമെന്റിൽ എത്തിയാണ് ഇന്ന് പ്രതിപക്ഷം നിലപാട് കടുപ്പിച്ചത്. സഭ തടസ്സപ്പെടുത്തുന്നവർ മാത്രമായി പ്രതിപക്ഷം മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി.

ഡൽഹിയിൽ കോൺസ്റ്റിറ്റിയൂഷൻ ക്‌ളബിൽ നിന്ന് സൈക്കിളിൽ പ്രതിപക്ഷം പാർലമെന്റിലേക്ക്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പെട്രോൾ, പാചകവാതക വിലവർദ്ധനയ്‌ക്കെതിരെയുള്ള പോസ്റ്ററുകളാണ് സൈക്കിളിൽ ഉണ്ടായിരുന്നത്. പതിനഞ്ച് പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗം ചേർന്ന ശേഷമാണ് പ്രതിപക്ഷ അംഗങ്ങൾ തെരുവിലേക്ക് ഇറങ്ങിയത്.

ബിഎസ്‌പിയും ആംആദ്മി പാർട്ടിയും പങ്കെടുത്തില്ല. പെഗസ്സസ് ഫോൺ ചോർത്തലിൽ ജെഡിയു നേതാവ് നിതീഷ്‌കുമാറും അന്വേഷണം ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ ഒത്തുതീർപ്പ് വേണ്ടെന്ന് യോഗം ധാരണയിലെത്തി പാർലമെന്റിന് അകത്ത് ചർച്ചയില്ലാത്തതിനാൽ സമാന്തര ചർച്ച പുറത്ത് നടത്തി പെഗസ്സസ് ചോർത്തലിലെ ജനവികാരം പ്രകടിപ്പിക്കുമെന്നും യോഗം പ്രഖ്യാപിച്ചു

പിന്നീട് ഇരുസഭകളിലും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. രാജ്യം പാർലമെന്റിലെ സംഭവങ്ങൾ ശ്രദ്ധിക്കുന്നുണ്ട് എന്ന് മറക്കരുതെന്ന് സ്പീക്കർ ഓം ബിർളയും രാജ്യസഭ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവും പറഞ്ഞു. പ്രതിപക്ഷം സഭ മുടക്കുകയാണെന്ന് ബിജെപി പാർലമെന്ററി പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി ആഞ്ഞടിച്ചു.

ചർച്ചയ്ക്ക് തയ്യാറാവാത്ത് പ്രതിപക്ഷമാണെന്നും സർക്കാർ പറഞ്ഞു. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അന്വേഷണം ആവശ്യപ്പെട്ടതിനോട് സർക്കാർ മൗനം പാലിക്കുകയാണ്. സമ്മേളനം വെട്ടിച്ചുരുക്കുന്നതിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.