ന്യൂഡൽഹി: പാർശ്വവത്കരിക്കപ്പെട്ട ചേരി നിവാസികളെ ഒഴിപ്പിക്കുമ്പോൾ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് സുപ്രീം കോടതി. ഡൽഹി സരോജിനി നഗറിലെ ചേരികളിൽ നിന്ന് ഒഴിപ്പിക്കുന്നവരെ പുനഃരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിർണ്ണായകമായ നിരീക്ഷണം.

ഡൽഹി സരോജിനി നഗറിലെ 200 ഓളം ചേരി നിവാസികളെ ഒഴിപ്പിക്കുന്നതും സുപ്രീം കോടതി താത്കാലികാലമായി തടഞ്ഞു. ഒഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാൻ പദ്ധതിയില്ലെന്ന് സർക്കാരിന് പറയാൻ കഴിയില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

പാവപ്പെട്ടവരെയും പാർശ്വവത്ക്കരിക്കപ്പെട്ടവരെയും നിസ്സാരമായി ഇറക്കിവിടാൻ കഴിയില്ലെന്ന് ജസ്റ്റിസ് കെ.എം. ജോസഫിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിരീക്ഷിച്ചു. കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നതെന്ന കാര്യം കണക്കിലെടുക്കണമെന്നും കോടതി നിരീക്ഷിച്ചു. ചേരികളിൽ നിന്ന് ഒഴിപ്പിക്കപ്പെടുന്നവർക്ക് പുനരധിവാസം അവകാശപ്പെടാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് ചൂണ്ടിക്കാട്ടി.

എന്നാൽ സർക്കാരിന് പുനരധിവാസത്തിന് നയമില്ലെന്ന് പറയാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്നാണ് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനോട് വിശദമായ സത്യവാങ്മൂലം ഫയൽ ചെയ്യാൻ ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടത്.

വർഷങ്ങളായി ചേരിയിൽ താമസിക്കുന്ന തങ്ങൾക്ക് ആധാർ, തിരിച്ചറിയൽ കാർഡ് ഉൾപ്പടെയുള്ള രേഖകളുണ്ടെന്ന് ചേരി നിവാസികൾ സുപ്രീം കോടതിയെ അറിയിച്ചു. ചേരിനിവാസികളുടെ ഹർജി തിങ്കളാഴ്‌ച്ച പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. അതുവരെയാണ് ഒഴിപ്പിക്കൽ നടപടി സുപ്രീം കോടതി തടഞ്ഞത്.