ന്യൂഡൽഹി: സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റീസും മുതിർന്ന് ജഡ്ജിമാരും തമ്മിലുണ്ടായ തർക്കം ഫുൾകോർട്ട് വിളിച്ച് പരിഹരിക്കാൻ ധാരണയായതായി റിപ്പോർട്ട്. ബുധനാഴ്ച ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. ഇതുമായി ബന്ധപ്പെട്ട തീരുമാനം നാളെ ഉണ്ടായേക്കും. ഫുൾ കോർട്ട് വിളിച്ചു മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയൂവെന്ന് നേരത്തെ അഭിപ്രായം ഉയർന്നിരുന്നു.

ചീഫ് ജസ്റ്റീസിനെതിരേ പരസ്യ വിമർശനം ഉന്നയിച്ച നാല് ജഡ്ജിമാരുമായും അദ്ദേഹം ഇന്ന് രാവിലെ അനൗദ്യോഗിക ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫുൾകോർട്ട് വിളിക്കാൻ ധാരണയായത്. വിഷയം ഫുൾകോർട്ട് വിളിച്ച് പരിഹരിക്കണമെന്ന് ബാർ അസോസിയേഷൻ ഉൾപ്പടെ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ ജെ ചെലമേശ്വർ, രഞ്ജൻ ഗോഗോയി, കുര്യൻ ജോസഫ്, മദൻ ബി ലോകൂർ എന്നിവരാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ വിമർശനവുമായി വാർത്താ സമ്മേളനം നടത്തിയത്.

അതേസമയം ചീഫ് ജസ്റ്റിസും വാർത്താ സമ്മേളനം നടത്തിയ നാല് ജസ്റ്റിസുമാരും ഇന്ന് ചർച്ച നടത്തിയിരുന്നു. പതിനഞ്ച് മിനുട്ടായിരുന്നു കൂടിക്കാഴ്ച. ദീപക് മിശ്ര നേരിട്ടെത്തിയാണ് നാല് ജസ്റ്റിസുമാരുമായി കൂടിക്കാഴ്ച നടത്തിയത്. വിവാദ വാർത്താ സമ്മേളനത്തിലേക്ക് എത്തിയ കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തെന്നാണ് സൂചന.