- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അത്യാവശ്യഘട്ടങ്ങളിൽ മാത്രമെ അറസ്റ്റ് പാടുള്ളു; ജയിലുകളിൽ രോഗവ്യാപന സാദ്ധ്യത കുറയ്ക്കാൻ സുപ്രീംകോടതി മാർഗനിർദ്ദേശം
ന്യൂഡൽഹി: ഏഴ് വർഷത്തിൽ താഴെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾക്ക് ആവശ്യമെങ്കിൽ മാത്രമേ പ്രതികളെ അറസ്റ്റ് ചെയ്യാവൂവെന്ന് ഉത്തരവുമായി സുപ്രീംകോടതി. കോവിഡ് രണ്ടാം തരംഗം ശക്തമായതോടെ ജയിലുകൾ നിറഞ്ഞ് രോഗവ്യാപന സാദ്ധ്യത ഉണ്ടാകാതിരിക്കാനാണ് സുപ്രീംകോടതിയുടെ ഉത്തരവ്. തടവുകാർക്ക് മതിയായ ചികിത്സാ സംവിധാനം ഏർപ്പെടുത്തുമെന്നത് ഉറപ്പാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
തടവുകാരിൽ വിട്ടയക്കാവുന്നവരെ കണ്ടെത്താനും നടപടിയെടുക്കാനും സംസ്ഥാന സർക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും രൂപീകരിച്ച ഉന്നതാധികാര സമിതികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം പരോൾ ലഭിച്ച തടവുകാർക്ക് ഈ വർഷവും 90 ദിവസങ്ങൾ വരെ പരോൾ നൽകാനും സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജയിലുകളിൽ കുറ്റവാളികൾ നിറയുന്നത് ഇന്ത്യയുൾപ്പടെ പല രാജ്യങ്ങളും നേരിടുന്ന പ്രശ്നമാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി തടവുകാർക്കും ജയിൽ ജീവനക്കാർക്കും ടെസ്റ്റിങ് ഇടക്കിടെ നടത്തി കോവിഡ് രോഗത്തെ ഫലപ്രദമായി തടയണമെന്നും അഭിപ്രായപ്പെട്ടു. ആവശ്യമെങ്കിൽ അതിവേഗം ചികിത്സ നൽകണം. തടവറകളിൽ ശുചിത്വം പാലിക്കുന്നു എന്ന് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.
പുറത്തിറങ്ങിയാൽ കോവിഡ് പിടിപെടുമെന്ന് ഭയമുള്ള തടവുകാരെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ കഴിയണം. നാല് ലക്ഷത്തിലേറെയാണ് രാജ്യത്തെ തടവറകളിൽ കഴിയുന്നവരുടെ ആകെ എണ്ണം. ഇതിൽ പല ജയിലുകളിലും പരിധിയിലധികം കുറ്റവാളികളെ പാർപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉന്നതാധികാര സമിതികളുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം പരോൾ അനുവദിച്ചവർക്ക് ഇക്കൊല്ലവും 90 ദിവസം വരെ പരോൾ നൽകാനും അറസ്റ്റ് പരമാവധി കുറയ്ക്കാനും കോടതി ഉത്തരവിട്ടത്.
ഡൽഹിയിലെ ജയിലുകളിൽ കൊള്ളാവുന്നതിന്റെ രണ്ടിരട്ടി ആളുകളാണ് തടവിലുള്ളത്. ഇതോടെ രൂക്ഷമായ കോവിഡ് വ്യാപനം ഇവിടങ്ങളിലുണ്ടാകുന്ന സാഹചര്യമാണ്. ഇത് കൂടി കണ്ടുകൊണ്ടാണ് കോടതി ഉത്തരവിറക്കിയിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ