- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നയമുണ്ടാക്കുന്നവർക്കു നാടിനെ കുറിച്ചു ബോധ്യം വേണം; കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും രണ്ടു വില ഈടാക്കുന്നതിലെ യുക്തി മനസിലാകുന്നില്ല; ഗ്രാമവാസികൾ കോവിൻ ആപ്പിൽ രജസ്റ്റർ ചെയ്യേണ്ടതെങ്ങിനെയെന്നും കോടതിയുടെ ചോദ്യം; കേന്ദ്രത്തിന് എതിരെ സുപ്രീംകോടതിയുടെ വിമർശനം വാക്സിൻ നയത്തിനെതിരെ സ്വമേധയ എടുത്ത കേസിൽ
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വാക്സീൻ നയത്തിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി.കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും രണ്ടുവിലയിലെ യുക്തി എന്തെന്ന് മനസിലാകുന്നില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ വിമർശനം.വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കുകയായിരുന്നു സുപ്രീംകോടതി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഈ വർഷം അവസാനത്തോടെ രാജ്യത്ത് വാക്സിനേഷൻ പൂർത്തിയാവുമെന്നാണ് കരുതുന്നത് എന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് വിവിധ ആശങ്കകൾ കോടതി ഉന്നയിച്ചത്.
ഗ്രാമവാസികൾ എങ്ങനെ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുമെന്ന് ചോദിച്ച കോടതി, കോവിൻ പോർട്ടൽ റജിസ്ട്രേഷൻ നടപടി ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടു.റജിസ്ട്രേഷൻ വേണം. പക്ഷേ അത് ഡിജിറ്റലായി മാത്രം എന്നതാണ് പ്രശ്നം. ഡിജിറ്റൽ ഇന്ത്യ പറയുന്നതല്ലാതെ യഥാർഥ സ്ഥിതി അറിയാമോയെന്നും കോടതി ചോദിച്ചു.കേന്ദ്രസർക്കാരിന്റെ വാക്സിൻ നയത്തിനെതിരെ നിരവധി ചോദ്യങ്ങളും സുപ്രീംകോടതി ഉന്നയിച്ചു.
വ്യത്യപ്രായപരിധിയിലുള്ളവർക്കുള്ള വാക്സിൻ വിതരണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, ഗ്രാമപ്രദേശങ്ങളിലുള്ളവർ കോവിൻ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ എങ്ങനെയാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത് എന്ന് ചോദിച്ചു. വാക്സിന് കോവിൻ ആപ്പിൽ രജിസ്ട്രേഷൻ നിർബന്ധമാക്കിയതുമായി ബന്ധപ്പെട്ട് നയമുണ്ടാക്കുന്നവർക്ക് നാടിനെ കുറിച്ച് ബോധ്യം വേണമെന്നും കോടതി വിമർശിച്ചു.
45 വയസിന്് മുകളിലുള്ളവർക്ക് വാക്സിൻ കേന്ദ്രം പൂർണമായി നൽകുന്നു. എന്നാൽ 45 വയസിന് താഴെയുള്ളവർക്കുള്ള വാക്സിൻ വിതരണത്തിൽ വിഭജനം ഏർപ്പെടുത്തി. 50 ശതമാനം വാക്സിൻ ഡോസുകൾ സംസ്ഥാനം സംഭരിക്കണം. കേന്ദ്രം നിർദ്ദേശിക്കുന്ന വിലയാണ് ഇതിന് ഈടാക്കുന്നത്. വാക്സിൻ വാങ്ങാൻ കേന്ദ്രം വാങ്ങുന്ന വിലയേക്കാൾ കൂടുതൽ സംസ്ഥാനം നൽകേണ്ടി വരുന്നത് എന്തുകൊണ്ടാണ് എന്ന് കോടതി ചോദിച്ചു.
45 വയസിന് മുകളിലുള്ളവർക്ക് അപകട സാധ്യത കൂടുതലാണ് എന്ന യുക്തിയാണ് മുന്നോട്ടുവെയ്ക്കുന്നത്. എന്നാൽ കോവിഡ് രണ്ടാം തരംഗത്തിൽ ഈ പ്രായപരിധിയിലുള്ളവരെ കാര്യമായി കോവിഡ് ബാധിച്ചിട്ടില്ല. 18നും 44നും ഇടയിൽ പ്രായമുള്ളവരെയാണ് കാര്യമായി ബാധിച്ചത്. വാക്സിൻ സംഭരിക്കുക എന്നത് മാത്രമാണ് ഉദ്ദേശമെങ്കിൽ എന്തിന് 45 വയസിന് മുകളിലുള്ളവർക്ക് മാത്രമായി വാങ്ങുന്നു എന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. 18നും 45നും ഇടയിലുള്ളവരുടെ വാക്സിൻ നയത്തിന്റെ അടിസ്ഥാനമെന്തെന്നും കോടതി ചോദിച്ചു.
എന്തിന് വാക്സിൻ വാങ്ങുന്നതിന് സംസ്ഥാനസർക്കാരുകൾ കേന്ദ്രത്തേക്കാൾ കൂടുതൽ വില നൽകേണ്ടി വരുന്നു? രാജ്യത്ത് മുഴുവനും വാക്സിന് ഒരേ വില ലഭിക്കുന്നതിന് ഇതിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിന് ഏറ്റെടുത്തു കൂടേയെന്നും കോടതി ചോദിച്ചു. വാക്സിൻ ലഭിക്കുന്നതിന് കോവിൻ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യണം.
രാജ്യത്ത് 'ഡിജിറ്റൽ ഡിവൈഡ്' നിലനിൽക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലുള്ളവർ മുഴുവനായി കോവിൻ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുന്നത് യാഥാർത്ഥ്യമാകുമോ എന്നും കോടതി ചോദിച്ചു.
മറുനാടന് മലയാളി ബ്യൂറോ