- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വാവിട്ട വാക്കുകൾ രാജ്യത്താകെ തീപടർത്തി; എന്തുപറഞ്ഞാലും അധികാരത്തിന്റെ പിന്തുണയുണ്ടാകുമെന്ന് കരുതിയോ?; ഉത്തരവാദി നിങ്ങളാണ്'; രാജ്യത്തോട് മാപ്പ് പറയണമെന്ന് നൂപുർ ശർമയോട് സുപ്രീംകോടതി; എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടും ഡൽഹി പൊലീസ് നൂപുറിനെ പിടികൂടിയില്ല; ചാനൽ അവതാരകന് എതിരെയും കേസെടുക്കണമെന്ന് കോടതി
ന്യൂഡൽഹി: പ്രവാചകനെതിരായ വിവാദ പരാമർശത്തിൽ ബിജെപി വക്താവായിരുന്ന നൂപുർ ശർമ രാജ്യത്തോടാകെ മാപ്പ് പറയണമെന്ന് സുപ്രീം കോടതി. സംസ്ഥാന വ്യത്യാസമില്ലാതെ തനിക്കെതിരെയുള്ള എല്ലാ കേസുകളും ഡൽഹിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ നിർദ്ദേശം.
ഉദയ്പുർ കൊലപാതകം ഉൾപ്പെടെ രാജ്യത്ത് ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾക്ക് കാരണം നൂപുർ ശർമയുടെ പ്രസ്താവനയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പാർട്ടി വക്താവ് എന്നത് എന്തും വിളിച്ചു പറയാനുള്ള ലൈസൻസല്ലെന്നും പ്രസ്താവന പിൻവലിച്ച് രാജ്യത്തോട് മാപ്പുപറയണമെന്നും കോടതി ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ വിവിധ ഭാഗത്ത് തന്റെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയാണെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് മുൻ ബിജെപി വക്താവ് നൂപുർ ശർമ സുപ്രീം കോടതിയെ സമീപിച്ചത്. വിവിധ എഫ്ഐആർ, ഒറ്റ എഫ്ഐആറാക്കി മാറ്റണമെന്നും കേസ് ഡൽഹിയിലേക്ക് മാറ്റണമെന്നുമാണ് അവർ ആവശ്യപ്പെട്ടത്. എന്നാൽ ശക്തമായ പരാമർശവും വിമർശനവുമാണ് നൂപുർ ശർമക്ക് സുപ്രീം കോടതിയിൽ നിന്ന് ഏറ്റുവാങ്ങേണ്ടിവന്നത്.
തികച്ചും അപക്വമായ പ്രസ്താവനയാണ് നൂപുർ ശർമയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഹർജി പരിഗണിക്കവേ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി. പർദിവാല എന്നിവരടങ്ങുന്ന ബഞ്ച് വിമർശിച്ചു. അപക്വമായ പ്രസ്താവന രാജ്യത്ത് വലിയ തോതിലുള്ള അക്രമങ്ങൾക്കും സംഘർഷങ്ങൾക്കും വഴിവെച്ചതായി ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഉദയ്പുരിലുണ്ടായ ദാരുണ സംഭവത്തിന് പോലും വഴിവെച്ചത് ഈപ്രസ്താവനയാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.
അവരുടെ വാവിട്ട വാക്കുകൾ രാജ്യത്താകെ തീപടർത്തി. എന്തുപറഞ്ഞാലും അധികാരത്തിന്റെ പിന്തുണയുണ്ടാകുമെന്ന് അവർ കരുതിയോ എന്നും സുപ്രീം കോടതി ചോദിച്ചു. ഒരു വാർത്ത ചാനലിലെ ചർച്ചയിൽ പങ്കെടുക്കുമ്പോഴാണ് പരാമർശങ്ങൾ നടത്തിയതെന്നും ചാനൽ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്നുമാണ് നൂപുർ ശർമയുടെ അഭിഭാഷകൻ വ്യക്തമാക്കിയത്. അങ്ങനെയാണെങ്കിൽ എന്തുകൊണ്ട് ചാനൽ അവതാരകനെതിരേ നടപടി സ്വീകരിച്ചില്ലെന്നും കോടതി ചോദിച്ചു. പ്രസ്താവന പിൻവലിച്ച് ഖേദം രേഖപ്പെടുത്തിയെന്ന് അഭിഭാഷകൻ വ്യക്തമാക്കിയെങ്കിലും കോടതി അതിൽ തൃപ്തി പ്രകടിപ്പിച്ചില്ല.
നൂപുർ ശർമ പാർട്ടിയുടെ വക്താവാണെങ്കിൽ അധികാരം തലയ്ക്കു പിടിച്ചോയെന്നും ചോദിച്ചു. നൂപുറിന്റെ പരാതിയിൽ ഒരാളെ അറസ്റ്റ് ചെയ്തു. എന്നാൽ നിരവധി എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടും ഡൽഹി പൊലീസ് നൂപുറിനെ പിടികൂടിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അവരുടെ ജീവന് ഭീഷണിയുണ്ടെന്ന് അഭിഭാഷകൻ പറഞ്ഞപ്പോൾ, അവർക്ക് ഭീഷമിയുണ്ടെന്നാണോ അവർ ഒരു സുരക്ഷാ ഭീഷണിയായെന്നാണോ എന്നും ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. ഇത്തരം പരാമർശം നടത്തി അവർ രാജ്യമെങ്ങും വികാരങ്ങൾ ആളിക്കത്തിച്ചു. രാജ്യത്ത് സംഭവിക്കുന്നതിന്റെ എല്ലാ ഉത്തരവാദിത്തവും അവർക്കാണ്. നൂപുർ മാപ്പു പറഞ്ഞ് പരാമർശം പിൻവലിക്കാൻ വളരെ വൈകി. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ എന്ന നിബന്ധന പറഞ്ഞാണ് അവർ പരാമർശം പിൻവലിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
ജീവന് ഭീഷണിയുണ്ടെന്നും അതിനാൽ പല സംസ്ഥാനങ്ങളിലേക്ക് പോകാൻ കഴിയില്ലെന്നും കേസുകൾ ഒന്നിച്ച് ഡൽഹി പൊലീസിന്റെ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരണമെന്നുമാണ് നൂപുർ ശർമ്മ ആവശ്യപ്പെടുന്നത്. ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചതിനെ തുടർന്ന് നൂപുർ ശർമ്മ ഹർജി പിൻവലിച്ചു. ഹർജി പരിഗണിക്കാൻ മനസാക്ഷി അനുവദിക്കുന്നില്ലെന്നായിരുന്നു കോടതിയും പരാമർശം. പൊലീസ് അന്വേഷണത്തെ പരിഹസിച്ച കോടതി, നൂപുർ ശർമ്മക്ക് ചുവന്ന പരവതാനി കിട്ടിക്കാണുമെന്നും വിമർശിച്ചു. അറസ്റ്റ് നടക്കാത്തത് നൂപുറിന്റെ സ്വാധീനം വ്യക്തമാക്കുന്നതാണെന്നും കോടതി കുറ്റപ്പെടുത്തി.
അഭിഭാഷകയാണ് നുപുർ ശർമ്മ. ബിജെപി നേതാവും പാർട്ടി വക്തമാവുമാണ്. മെയ് 28ന് നുപുർ ശർമ്മ ഒരു ടെലിവിഷൻ വാർത്താ ചർച്ചയിൽ പ്രവാചകൻ മുഹമ്മദിനെ കുറിച്ച് നടത്തിയ പരാമർശം രാജ്യത്തിന് പുറത്തേക്കും വലിയ ചർച്ചയായി മാറിയിരിക്കുന്നത്. പ്രസ്താവന ഗൾഫ് രാജ്യങ്ങൾ വരെ അപലപിക്കുന്ന സാഹചര്യത്തിലെത്തിയതോടെ ശർമ്മയെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു.
നുപുർ നൽകിയ വിശദീകരണം;
ശിവദേവനെ അപമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഞാൻ കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. അതിനിടെ തമാശയാക്കുന്ന തരത്തിൽ ശിവലിംഗം ജലധാരയ്ക്കുള്ള സ്തൂപമാണെന്ന് പറഞ്ഞു. റോഡരികുകളിലെ മുന്നറിയിപ്പും സൈനുകളുമായും ശിവലിങ്കത്തെ താരതമ്യം ചെയ്തു. ശിവദേവനെ തുടർച്ചയായി അപമാനിക്കുന്നത് എനിക്ക് സഹിക്കാൻ സാധിച്ചില്ല. അങ്ങനെയാണ് ചില കാര്യങ്ങൾ എനിക്ക് പറയേണ്ടിവന്നത്. എന്നാൽ എന്റെ വാക്കുകൾ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുകയോ, മതവികാരം വ്രണപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ എന്റെ പരാമർശം നിരുപാധികം പിൻവലിക്കുകയാണ്. ആരുടെയും മതവികാരം വ്രണപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല - അവർ ട്വിറ്ററിൽ കുറിച്ചു.
മറുനാടന് മലയാളി ബ്യൂറോ