ന്യൂഡൽഹി:വാഹനാപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം യുക്തിസഹമാക്കാൻ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് പുതിയ മാർഗരേഖ തയ്യാറാക്കി.നേരത്തേ രണ്ടു കേസുകളിൽ കോടതി നടത്തിയ നിരീക്ഷണങ്ങളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി രണ്ടംഗ ബെഞ്ചാണ് വിഷയം ഭരണഘടനാ ബെഞ്ചിനയച്ചത്.സ്ഥിരജോലിക്കാരെയും, സ്വയം തൊഴിൽ ചെയ്തിരുന്നവരെയും സ്ഥിരശമ്പളക്കാരെയും വെവ്വേറെ പരിഗണിച്ചാണ് പ്രായപരിധിയുടെ അടിസ്ഥാനത്തിൽ മാർഗരേഖ തയ്യാറാക്കിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് വിധി.സ്വയംതൊഴിൽ കണ്ടെത്തിയവരുടെയും വാർഷിക വർധനയില്ലാത്ത സ്ഥിരംശമ്പളക്കാരുടെയും വരുമാനം എങ്ങനെ കണക്കാക്കണമെന്നതായിരുന്നു ഭരണഘടനാബെഞ്ചിന് മുമ്പാകെയുണ്ടായിരുന്നു പ്രധാന വിഷയം.

നഷ്ടപരിഹാരം ഒരിക്കലും പൂർണതയോടെ കണക്കാക്കാനാവില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഓരോ വ്യക്തിയുടെയും കാര്യത്തിൽ ലഭ്യമായ രേഖകൾ വെച്ചുകൊണ്ട് പരമാവധി പൂർണതയോടെ കണക്കാക്കുകയാണ് ലക്ഷ്യം. പണം ജീവന് പകരമാവില്ലെന്നത് വസ്തുതയാണ്. നഷ്ടപരിഹാരം എന്നത് മരിച്ചയാളുടെ ബന്ധുക്കൾക്ക് അപ്രതീക്ഷിതമായ വൻ നേട്ടമാവാൻ പാടില്ലെങ്കിലും തുക തുച്ഛമാവാൻ പാടില്ല.

യാഥാർഥ്യവുമായി പരമാവധി പൊരുത്തപ്പെടുംവിധമാകണം കോടതികളും ട്രിബ്യൂണലുകളും നഷ്ടപരിഹാരം നിശ്ചയിക്കാൻ. മരിച്ചയാളുടെ വരുമാനം, പ്രായം എന്നിവ സംബന്ധിച്ച തെളിവുകൾ പരിഗണിച്ചുവേണം നഷ്ടപരിഹാരം കണക്കാക്കാനെന്നും അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി.

നാഷണൽ ഇൻഷുറൻസ് കമ്പനിയും പുഷ്പയും തമ്മിലുള്ള കേസ് പരിഗണിക്കവേയാണ് രണ്ട് കോടതിവിധികൾ തമ്മുള്ള വൈരുധ്യം കണ്ടെത്തിക്കൊണ്ട് രണ്ടംഗ ബെഞ്ച്, വിഷയം ഭരണഘടനാ ബെഞ്ചിന് വിട്ടത്.

സ്ഥിരംജോലിയുണ്ടായിരുന്ന, 40ൽ താഴെ പ്രായമുള്ള വ്യക്തിയാണെങ്കിൽ യഥാർഥശമ്പളത്തിന്റെ കൂടെ 50 ശതമാനം കൂടി അധികമായി ചേർത്ത് വേണം വരുമാനം കണക്കാക്കാൻ. 40നും 50നുമിടയിൽ പ്രായമുള്ളയാളാണെങ്കിൽ ശമ്പളത്തിന്റെ കൂടെ 30 ശതമാനം കൂടി ചേർക്കണം. 50നും 60നുമിടയിലാണെങ്കിൽ 15 ശതമാനവും അധികമായി ചേർക്കണം. 40 വയസ്സിൽ താഴെയുള്ള സ്വയംതൊഴിൽ ചെയ്യുന്നയാളോ സ്ഥിരശമ്പളക്കാരനോ ആണെങ്കിൽ വരുമാനത്തിന്റെ കൂടെ 40 ശതമാനം കൂടി അധികമായി ചേർക്കണം. ഇത്തരക്കാരുടെ പ്രായം 40നും 50നുമിടയിലാണെങ്കിൽ 25 ശതമാനവും 50നും 60നുമിടയിലാണെങ്കിൽ പത്ത് ശതമാനവും കൂട്ടിച്ചേർക്കണം