ന്യൂഡൽഹി: മരടിലെ ഫ്‌ളാറ്റുടമകൾക്കുള്ള നഷ്ടപരിഹാര കുടിശ്ശിക നൽകുന്നതിന് ഫ്‌ളാറ്റ് നിർമ്മാണ കമ്പനികൾക്ക് മൂന്ന് മാസത്തെ സാവകാശം കൂടി അനുവദിച്ച് സുപ്രീംകോടതി. അതിനകം നഷ്ടപരിഹാര കുടിശ്ശിക നൽകിയില്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ഫ്‌ളാറ്റുടമകൾക്ക് നൽകാനുള്ള പണം നൽകിയ ശേഷം സർക്കാരിന്റെ കുടിശ്ശിക നൽകിയാൽ മതിയെന്ന് കോടതി പറഞ്ഞു.

നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ ഫ്‌ളാറ്റുടമകൾക്ക് യാതൊരു ആശങ്കയും വേണ്ടെന്നും നിർമ്മാണ കമ്പനികൾ കോടതിയുടെ നിരീക്ഷണത്തിൽ തന്നെയാണെന്നും ജസ്റ്റിസ് നവീൻ സിൻഹ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

നഷ്ടപരിഹാരം നൽകാനായി ചെലവിട്ട പണത്തിന് പുറമെ ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കാൻ ചെലവാക്കിയ മൂന്ന് കോടി രൂപ കൂടി നൽകണമെന്നും സംസ്ഥാന സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നവംബർ മാസത്തിൽ കോടതി വാദം കേൾക്കും. തീരപരിപാലന നിയമങ്ങൾ കാറ്റിൽ പറത്തി മരടിൽ പടുകൂറ്റൻ ഫ്‌ളാറ്റുകൾ നിർമ്മിച്ച കേസുകൾ കൈംബ്രാഞ്ചും വിജിലൻസും അന്വേഷിക്കുണ്ട്.

ജയിൻ കോറൽ കോവ്, ആല്ഫാ സറീൻ, എച്ച്ടു ഓ ഹോളിഫെയ്ത്ത് എന്നിവ സംബന്ധിച്ച കേസുകളാണ് ക്രൈംബ്രാഞ്ചിന്റെ കൈവശമുള്ളത്. വിജിലൻസ് അന്വേഷിക്കുന്നത് ഗോൾഡൻ കായലോരം സംബന്ധിച്ച കേസുകളാണ്. നാല് സമുച്ചയങ്ങളിലുമായുള്ളത് 328 ഫ്‌ളാറ്റുകളാണ്. അന്വഷണം ഇപ്പോൾ അന്തിമ ഘട്ടത്തിലാണ്. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെയും നിയമിച്ചു. ഓരോ വ്യക്തിഗത പരാതിയിലും പ്രത്യേകം കുറ്റപത്രങ്ങൾ ഫയൽ ചെയ്യണം എന്നാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമോപദേശം.