ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയ സ്ഥലം സംരക്ഷിക്കണമെന്ന് സുപ്രീംകോടതി. അതേസമയം, ഉത്തരവ് ഒരു തരത്തിലും മുസ്ലിംകളെ നമസ്‌കാരത്തിനോ മതപരമായ അനുഷ്ഠാനങ്ങൾക്കോ പള്ളിയിലേക്കുള്ള പ്രവേശനത്തെയോ തടസ്സപ്പെടുത്തുന്നതല്ലെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. പള്ളിയുടെ സംരക്ഷണം ജില്ലാ മജിസ്ട്രേറ്റിനാണെന്നും ബെഞ്ച് വ്യക്തമാക്കി. പള്ളിയിൽ നിന്ന് ശിവലിംഗം കണ്ടെത്തിയതായി പരാതിക്കാരനാണ് പറയുന്നതെന്നും അഭിഭാഷക കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു. സർവെ നടപടികൾ നിർത്തിവയ്ക്കണമെന്ന മസ്ജിദ് കമ്മീഷന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ഗ്യാൻവാപി ആരാധനാലയമാണ്. ശിവലിംഗം കണ്ടുവെന്ന വാദം അംഗീകരിക്കാനാകില്ല. മുന്നറിയിപ്പില്ലാതെ മസ്ജിദ് പരിസരം സീൽ ചെയ്തത് തെറ്റായ നടപടിയാണ്. വരാണസി കോടതിയുടെ നടപടി തിടുക്കത്തിലായി. പറയാനുള്ളത് കേൾക്കാനുള്ള സാവകാശം കോടതി കാട്ടിയില്ലെന്നും മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയിൽ പറഞ്ഞു. കാര്യങ്ങൾ കീഴ്‌ക്കോടതി തീരുമാനിക്കട്ടെയെന്ന് സുപ്രീം കോടതി മറുപടി നൽകി.

ശിവലിംഗം എവിടെയെന്ന് കോടതി ചോദിച്ചു. ജില്ല മജിസ്‌ട്രേറ്റ് പോലും ഇത് കണ്ടിട്ടില്ല. സീൽ ചെയ്ത സ്ഥലം സംരക്ഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ജില്ലാ മജിസ്‌ട്രേറ്റിനാണ് സംരക്ഷണ ചുമതല. സുരക്ഷയുടെ പേരിൽ മുസ്ലീങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടരുതെന്നും കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, പിഎസ് നരസിംഹ എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസിൽ കക്ഷി ചേരാൻ ഹിന്ദുസേന നേതാവ് വിഷ്ണു ഗുപ്തയും ഹർജി നല്കിയിട്ടുണ്ട്.

ആരാധനാലയങ്ങളെ സംബന്ധിച്ച 1991ലെ നിയമത്തിന്റെ ലംഘനമാണ് സർവ്വെയ്ക്കുള്ള ഉത്തരവെന്നാണ് മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നത്. ഗ്യാൻവാപി മസ്ജിദിൽ ഇന്നലെ ശിവലിംഗം കണ്ടെത്തി എന്ന് ചില അഭിഭാഷകർ അറിയിച്ചതിനെ തുടർന്ന് ഈ പ്രദേശം സീൽ ചെയ്യാനും സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്താനും കോടതി ഉത്തരവ് നല്കിയിരുന്നു. എന്നാൽ ജലസംഭരണിയിലെ വാട്ടർ ഫൗണ്ടനാണിതെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ വിശദീകരണം.

അതേസമയം, ഗ്യാൻവാപി മസ്ജിദ് സർവെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ അഭിഭാഷ കമ്മീഷണർ അജയ് മിശ്രയെ മാറ്റി വാരാണസി ജില്ലാ കോടതി. കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടുദിവസത്തെ സമയം അനുവദിച്ചു.

സർവെ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയതിനാണ് മിശ്രയെ മാറ്റിയത്. അഭിഭാഷക കമ്മീഷനിൽ അംഗമായ മറ്റു രണ്ട് അഭിഭാഷകർക്ക് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി രണ്ടുദിവസത്തെ സമയം കൂടി അനുവദിച്ചു. റിപ്പോർട്ട് തയ്യാറായിട്ടില്ലെന്നും കൂടുതൽ സമയം വേണമെന്നും കമ്മീഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

സിവിൽ ജഡ്ജ് രവികുമാർ ദിവാകർ ആണ് കേസ് പരിഗണിച്ചത്. കൂടുതൽ സമയം ചോദിച്ച് സ്പെഷ്യൽ അഡ്വക്കേറ്റ് കമ്മീഷണർ വിശാൽ സിങ് ആണ് ബെഞ്ചിനെ സമീപിച്ചത്. ഗ്യാൻവാപി മസ്ജിദിൽ പുതിയ സർവെ നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരും അപേക്ഷ നൽകിയിരുന്നു.