ന്യൂഡൽഹി ജഡ്ജിമാരുടെ പേരിലുൾപ്പെടെ കോഴയിടപാടു നടന്നെന്ന കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കണമെന്ന ഉത്തരവ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര റദ്ദാക്കി. ബെഞ്ച് രൂപീകരിക്കാൻ തനിക്കാണ് അധികാരമെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസിന്റെ നടപടി. ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഇടയ്ക്കു നടപടികൾ നിർത്തിവയ്ക്കുന്നതുൾപ്പെടെ നാടകീയ രംഗങ്ങളും സുപ്രീം കോടതിയിൽ അരങ്ങേറി.

സുപ്രീംകോടതി ജഡ്ജിമാരുടെ പേര് ഉൾപ്പെടെയുള്ള കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഏറ്റവും മുതിർന്ന അഞ്ചു ജഡ്ജിമാരുൾപ്പെട്ട ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്നു സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. ഇതാണ് ഇപ്പോൾ റദ്ദായത്. ജഡ്ജിമാരായ ജെ. ചെലമേശ്വർ, എസ്.അബ്ദുൽ നസീർ എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. എന്നാൽ ഭരണഘടനാബെഞ്ച് രൂപീകരിക്കാൻ തനിക്കാണ് അധികാരമെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് ഉത്തരവ് റദ്ദാക്കുകയായിരുന്നു. ജഡ്ജിമാർക്കെതിരെയുള്ള രണ്ട് അഴിമതി ആരോപണ ഹർജികളിലും പുതിയ ബെഞ്ച് വാദം കേൾക്കും.

ഒഡീഷ ഹൈക്കോടതിയിലെ മുൻ ജഡ്ജി ഇസ്രത് മസ്രൂർ ഖുദുസിയും പ്രതിയായ കോഴക്കേസിൽ ശേഖരിച്ച വിവരങ്ങളെല്ലാം സിബിഐ രഹസ്യരേഖയായി ഭരണഘടനാ ബെഞ്ചിനു കൈമാറാനും നിർദേശിച്ചിട്ടുണ്ട്. കേസ് ഈ മാസം 13ന് അഞ്ചംഗ ബെഞ്ച് പരിഗണിക്കുമെന്നു ജഡ്ജിമാരായ ജസ്തി ചെലമേശ്വർ, എസ്.അബ്ദുൽ നസീർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കുകയും ചെയ്തു.

ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചതും മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ടതുമായ കേസിലാണു കോഴയാരോപണമുണ്ടായത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഡൽഹി സർക്കാരിന്റെ അധികാരം സംബന്ധിച്ച കേസിൽ വാദം കേൾക്കുന്നതിനിടെയാണു കഴിഞ്ഞ ദിവസം രണ്ടംഗ ബെഞ്ചിൽ കോഴക്കേസിന്റെ ഹർജി പരിഗണിച്ചത്. എന്നാൽ, ചീഫ് ജസ്റ്റിസ് ഉൾപ്പെടാത്തതോ അദ്ദേഹം തീരുമാനിക്കുന്നതല്ലാത്തതോ ആയ ബെഞ്ച് കേസ് പരിഗണിക്കണമെന്നാണ് ഹർജിക്കാരിയായ മുതിർന്ന അഭിഭാഷക കാമിനി ജയ്സ്വാളിനുവേണ്ടി ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടത്. ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. പകരം, ഏറ്റവും മുതിർന്ന അഞ്ചു ജഡ്ജിമാരുടെ ബെഞ്ച് കേസ് പരിഗണിക്കണമെന്നു നിർദേശിച്ചു. ഈ ഉത്തരവുപ്രകാരമാകുമ്പോൾ ഭരണഘടനാ ബെഞ്ചിൽ ചീഫ് ജസ്റ്റിസും ഉൾപ്പെടും.