ന്യൂഡൽഹി: സാധാരണഗതിയിൽ കേസുകളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത പണം പ്രതി കുറ്റവിമുക്തനായാൽ തിരികെ നൽകാറാണ് പതിവ്. എന്നാൽ, നോട്ട് നിരോധനത്തി്‌ന് ശേഷം ഈ നോട്ടുകൾ കിട്ടിയിട്ട് എന്തുകാര്യം? അത് മാറിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ വെറും കടലാസിന്റെ വില മാത്രം

നോട്ടു നിരോധനത്തിനു മുൻപ് ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിച്ചെടുത്ത പണം നോട്ട് നിരോധനത്തിനു ശേഷം തിരികെ ലഭിച്ചാൽ ഉടമസ്ഥൻ എന്തുചെയ്യുമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു.പൊലീസ് പിടിച്ചെടുത്ത പണം തിരികെ കിട്ടിയെങ്കിലും അസാധു നോട്ടുകൾ മാറ്റി നൽകാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി ഇത് ചോദിച്ചത്. ജസ്റ്റിസ് റോഹിന്റൺ എഫ്. നരിമാൻ, സഞ്ജയ് കെ. കൗൾ എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യത്തിൽ സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ നോട്ടുകൾക്ക് മൂല്യം ഇല്ലാത്ത സാഹചര്യത്തിൽ, നോട്ട് മാറ്റിയെടുക്കാനാവാതിരുന്നത് അയാളുടെ കുറ്റംകൊണ്ടല്ല എന്നിരിക്കെ ഉടമസ്ഥന് പണം നഷ്ടമാകുന്നത് എങ്ങനെ നീതീകരിക്കപ്പെടുമെന്ന് വ്യക്തമാക്കണമെന്ന് കോടതി അറ്റോർണി ജനറലിനോട് ആവശ്യപ്പെട്ടു.
പഴയ നോട്ടുകൾ മാറ്റിയെടുക്കാനുള്ള അവസാന തീയതി 2016 ഡിസംബർ 30 ആയിരുന്നെന്നും അതിനു ശേഷം നോട്ടുകൾ മാറ്റിയെടുക്കാനാവില്ലെന്നും എജി കോടതിയെ അറിയിച്ചു. പഴയ കറൻസികൾ മാറ്റിയെടുക്കാൻ വീണ്ടും അവസരം നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് സമർപ്പിക്കപ്പെട്ട ഹർജികളെ സർക്കാർ എതിർത്തു. പൊലീസിന്റെ കൈവശമുണ്ടായിരുന്ന പണം സംബന്ധിച്ച് തീരുമാനമറിയിക്കുന്നതിന് കൂടുതൽ സമയം വേണമെന്നും എജി ആവശ്യപ്പെട്ടു. കോടതി രണ്ട് ആഴ്ച സമയം അനുവദിച്ചു.

ഐപിഎൽ വാതുവയ്പുമായി ബന്ധപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന അഭിഷേക് ശുക്ല നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. ഇദ്ദേഹത്തിൽനിന്ന് 2013 സെപ്റ്റംബറിൽ 5.5 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. തുടർന്ന് കേസിൽ അഭിഷേക് ശുക്ല അടക്കമുള്ളവരെ വെറുതെ വി്ട്ടു. തുടർന്ന് പിടിച്ചെടുത്ത പണം 2017 ഫെബ്രുവരിയിൽ തിരികെ നൽകി. ഇതിനിടയിൽ നോട്ട് നിരോധനം നടപ്പാക്കപ്പെടുകയും മാറ്റിയെടുക്കാനുള്ള സമയപരിധി കഴിഞ്ഞു.