- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിസ്റ്റർ കൗൺസൽ, വാദത്തിനായി നിങ്ങൾക്കൊരു ഡസ്ക്ടോപ്പ് വാങ്ങിക്കൂടെ ; ഭൂരിഭാഗം അഭിഭാഷകരും പങ്കെടുക്കുന്നത് മൊബൈൽ ഫോണിലുടെ; കോടതി നടപടികൾ ഓൺലൈനിലായതോടെ വെല്ലുവിളിയായി റേഞ്ച് പ്രശ്‌നം; ഹിയറിങ്ങ് അലങ്കോലത്തിൽ അതൃപ്തി പരസ്യമാക്കി സുപ്രീം കോടതി; മൊബൈലിലൂടെ പങ്കെടുക്കുന്നത് നിരോധിക്കേണ്ടിവരുമെന്ന് ചീഫ്ജസ്റ്റിസ്
ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം വ്യാപിച്ചതോടെ ഔദ്യോഗിക പരിപാടികളും ഓഫീസുകളുടെ പ്രവർത്തനവുമെല്ലാം ഓൺലൈനിലേക്ക് മാറുകയാണ്.അഭിഭാഷകർക്ക് കോവിഡ് വ്യാപിച്ചതോടെ കേരളമുൾപ്പടെ മിക്ക സംസ്ഥാനങ്ങളും കോടതിയുടെ പ്രവർത്തനവും ഓൺലൈനിലേക്ക് മാറ്റി.എന്നാലിപ്പോഴിതാ റേഞ്ച് പ്രശ്‌നം കോടതി നടപടികളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.നടപടികൾ അലങ്കോലപ്പെട്ടതോടെ അതൃപ്തി പരസ്യമാക്കി സുപ്രീംകോടതി രംഗത്ത് വന്നു.
അഭിഭാഷകരിൽ കൂടുതൽപേരും മൊബൈൽ ഫോൺ ഉപയോഗിച്ച് പങ്കെടുത്തതോടെ ഓൺലൈൻ ഹിയറിങ് അലങ്കോലമായതാണ് കോടിയെ മുഷിപ്പിച്ചത്.ഹിയറിങ് തുടർച്ചയായി തടസ്സപ്പെട്ടതിന് പിന്നാലെ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് അതൃപ്തി അറിയിച്ചത്. മൊബൈലിലൂടെ വാദത്തിൽ പങ്കെടുക്കുന്നത് നിരോധിക്കേണ്ടി വന്നേക്കുമെന്നും കോടതി പറഞ്ഞു.
'അഭിഭാഷകർ മൊബൈൽ ഫോൺ മുഖാന്തരമാണ് ഹാജരാകുന്നത്, പക്ഷെ, കാണാൻ കഴിയുന്നില്ല. മൊബൈൽ ഫോൺ മുഖാന്തരമുള്ള നടപടിക്രമങ്ങൾ നിരോധിക്കേണ്ടി വന്നേക്കും. മിസ്റ്റർ കൗൺസൽ, നിങ്ങൾ ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നത് സുപ്രീം കോടതിയിലാണ്. പതിവായി ഹാജരാകുന്നുമുണ്ട്. വാദത്തിനായി ഒരു ഡെസ്‌ക്ടോപ് താങ്കൾക്ക് വാങ്ങിക്കൂടേ', ഒരു കേസിന്റെ വാദത്തിനിടെ കോടതി ആരാഞ്ഞു.
ലിസ്റ്റ് ചെയ്യപ്പെട്ടതിൽ പത്തോളം കേസുകളാണ് അഭിഭാഷകരുടെ ഭാഗത്തുനിന്നുള്ള ശബ്ദമോ ദൃശ്യങ്ങളോ തടസ്സപ്പെട്ടതിന് പിന്നാലെ കോടതിക്ക് മാറ്റിവെക്കേണ്ടിവന്നത്. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, ഹിമ കോലി എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം ചൂണ്ടിക്കാട്ടിയത്.
മറ്റൊരു കേസിൽ ബെഞ്ചിനെ വലച്ചത് അഭിഭാഷകന്റെ ഭാഗത്തുനിന്നുള്ള മോശം ഇന്റർനെറ്റ് കണക്ടിവിറ്റി ആയിരുന്നു. ഇത്തരം കേസുകൾ കേൾക്കാനുള്ള ഊർജം തങ്ങൾക്കില്ലെന്ന് ബെഞ്ച് പറഞ്ഞു. കേൾക്കാൻ സാധിക്കുന്ന സംവിധാനം ഉപയോഗപ്പെടുത്താനും കോടതി നിർദേശിച്ചു.
മറുനാടന് മലയാളി ബ്യൂറോ