ന്യൂഡൽഹി : കാലിത്തീറ്റ കുംഭകോണ കേസിൽ ആർജെഡി അധ്യക്ഷൻ ലാലുപ്രസാദിന് തിരിച്ചടിയായി സുപ്രീം കോടതി വിധി. അഴിമതി കേസുകളിൽ ലാലുപ്രസാദ് യാദവ് വിചാരണ നേരിടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. നാല് കേസുകളിൽ പ്രത്യേകമായി വിചാരണ നേരിടാനാണ് സുപ്രീം കോടതി ഉത്തരവ്. ഗൂഢാലോചന കുറ്റവും പരമോന്നത കോടതി പുനഃസ്ഥാപിച്ചു.

ഒരു കേസിൽ അഞ്ച് വർഷം കഠിനതടവ് വിധിച്ചതിനാൽ കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട അനുബന്ധ കേസുകളിൽ പ്രത്യേകം ഗൂഢാലോചന ചുമത്തി വിചാരണ വേണ്ടെന്ന ജാർഖണ്ഡ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.

സിബിഐ സമർപ്പിച്ച ഹർജ്ജിയാലാണ് സുപ്രീം കോടതിയുടെ നിർണ്ണായക വിധി.9 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന സമയത്ത് സംസ്ഥാനത്തേക്കാവശ്യമായ കാലിത്തീറ്റ വാങ്ങുന്നതിനായുള്ള നടപടി ക്രമങ്ങളിൽ കോടികളുടെ അഴമതി നടന്നെന്നാണ് കേസ്.

900 കോടി രൂപയുടെ അഴിമതിയാണ് കാലിത്തീറ്റ കുംഭകോണത്തിൽ നടന്നതെന്നാണ് ആരോപണം. പല ട്രഷറികളിൽ നിന്ന് പലപ്പോഴായി പലതുകയാണ് പിൻവലിച്ചത്. ഇതിനാൽ ഇവ ഓരോന്നും പ്രത്യേകം പ്രത്യേകം പരിശോധിച്ച് വിചാരണ നടത്താൻ ഈ കോടതി ഉത്തരവിലൂടെ സിബിഐക്ക് കഴിയും.

ജസ്റ്റിസുമാരായ അരുൺ മിശ്ര, അമിതാവ റോയ് എന്നിവരുടെ ബെഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്.

 

2013 ഒക് ടോബറിലാണ് ലാലുവിനെ അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ചത്. ഈ ശിക്ഷയിൽ ജാമ്യത്തിലാണ് ലാലു ഇപ്പോൾ.