- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോറട്ടോറിയം കാലത്തെ പലിശ മുഴുവനായും എഴുതി തള്ളാനാകില്ലെന്ന് സുപ്രീംകോടതി; ഹർജി തള്ളിയത് സർക്കാർ തന്നെയാണ് സാമ്പത്തിക മേഖലയിലെ ഉചിതമായ തീരുമാനം എടുക്കേണ്ടതെന്ന നിരീക്ഷണത്തോടെ; പലിശയുടെ മേൽ പലിശ ഈടാക്കിയത് ന്യായീകരിക്കാനാകില്ലെന്നും വിമർശനം
ന്യൂഡൽഹി: മോറട്ടോറിയം കാലാവധി നീട്ടണമെന്ന ഹർജി തള്ളി സുപ്രീംകോടതി. മോറട്ടോറിയം കാലത്തെ പലിശ മുഴുവനായും എഴുതി തള്ളാനാകില്ലെന്ന് പറഞ്ഞ കോടതി, മോറട്ടോറിയം കാലത്തെ പലിശയുടെ മേൽ പലിശ ഈടാക്കിയത് ന്യായീകരിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി. സാമ്പത്തിക മേഖലയിൽ ഇടപെടാനാകില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. സാമ്പത്തിക മേഖലയിൽ കോടതി ഇടപെടുന്നത് സാമ്പത്തിക രംഗത്തെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ലോക്ഡൗൺ കാലത്ത് ബാങ്ക് വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെ പലിശയും പിഴപ്പലിശയും ഈടാക്കിയത് ചോദ്യം ചെയ്തുള്ള കേസിലാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്. സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ നിന്ന് കോടതികൾ വിട്ടുനിൽക്കുന്നതാണ് നല്ലത്. സർക്കാർ തന്നെയാണ് സാമ്പത്തിക മേഖലയിലെ ഉചിതമായ തീരുമാനം എടുക്കേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു.
സാമ്പത്തിക പാക്കേജും സാമ്പത്തിക പദ്ധതികളും വിശദമായ പഠനത്തോടെ സർക്കാർ തന്നെയാണ് തീരുമാനിക്കേണ്ടത്. ഏതെങ്കിലും ഒരു മേഖലയിൽ പ്രശ്നങ്ങളുണ്ട് എന്നതുകൊണ്ട് കോടതി നയപരമായ വിഷയങ്ങളിൽ ഇടപെടുന്നത് ഉചിതമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ബാങ്കുകൾക്ക് നിക്ഷേപകർക്കും പലിശ നൽകേണ്ടതാണ്. പലിശ എഴുതള്ളുന്നത് ബാങ്കുകളെ തകർക്കുമെന്നും കോടതി നിരീക്ഷിച്ചു.
കോടതി നിർദ്ദേശം അനുസരിച്ച് പിഴപ്പലിശ ഒഴിവാക്കാൻ കേന്ദ്രം തീരുമാനിക്കുകയും പിഴപ്പലിശ ഒഴിവാക്കാനുള്ള മാർഗ്ഗരേഖ പുറത്തിറക്കുകയും ചെയ്തിരുന്നു. പക്ഷെ, പലിശ ഒഴിവാക്കാനാകില്ല എന്നതായിരുന്നു നിലപാട്. പലിശ കൂടി ഒഴിവാക്കിയാൽ ബാങ്കുകൾ പ്രതിസന്ധിയിലാകും എന്നതായിരുന്നു കേന്ദ്ര സർക്കാരും ആർബിഐയും വ്യക്തമാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ