ന്യൂഡൽഹി: രാജ്യദ്രോഹത്തിനെതിരായ നിയമം മരവിപ്പിച്ച് സുപ്രീംകോടതി . ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ ആണ് മരവിപ്പിച്ചത്. കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നിലവിലെ രാജ്യദ്രോഹ കേസുകളുടെ നടപടികൾ എല്ലാം നിർത്തിവെയ്ക്കണം. പുനപരിശോധന വരെ വകുപ്പ് പ്രയോഗിക്കരുതെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. 124 എ ദുരുപയോഗം തടയാനുള്ള മാർഗ്ഗനിർദ്ദേശം സർക്കാരിന് തയ്യാറാക്കാമെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്. 124 എ വകുപ്പ് താൽക്കാലികമായി സ്റ്റേ ചെയ്യരുതെന്ന് കേന്ദ്രം ഇന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ എതിർപ്പ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിർണായകമായ ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

രാജ്യദ്രോഹക്കുറ്റം ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 125 എ വകുപ്പ് പ്രകാരം പുതിയ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് പറഞ്ഞ കോടതി, ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം സംസ്ഥാന സർക്കാരുകൾ നൽകണമെന്ന് കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചു. വിഷയത്തിൽ പുനഃപരിശോധന പൂർത്തിയാകുന്നതുവരെ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് സംസ്ഥാനങ്ങളെയും പൊലീസിനെയും വിലക്കണമെന്നാണ് കോടതി നിർദ്ദേശം.

നിലവിൽ ഈ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്നവർക്ക് ജാമ്യം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാനുള്ള അനുമതിയും കോടതി നൽകിയിട്ടുണ്ട്. 124 എയുടെ പുനഃപരിശോധന നടക്കുന്നതുവരെയാണ് ഈ താൽക്കാലിക ഉത്തരവ് നിലവിലുണ്ടാവുകയെന്നും ഇടക്കാല ഉത്തരവ് വ്യക്തമാക്കുന്നു.

കൊളോണിയൽ കാലത്തു നിലവിൽ വന്ന രാജ്യദ്രോഹ നിയമം റദ്ദാക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹർജികളാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്. നിയമം പുനപ്പരിശോധിക്കുമെന്ന നിലപാടാണ് കേന്ദ്ര സർക്കാർ കോടതിയിൽ സ്വീകരിച്ചത്. ഉചിത ഫോറത്തിൽ നിയമം പുനപ്പരിശോധിക്കണമെന്നാണ് കരുതുന്നതെന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കി. ഇതു രേഖപ്പെടുത്തിയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

പുനപ്പരിശോധന വരെ പുതിയ കേസെടുക്കുന്നത് ഒഴിവാക്കാനാവുമോയെന്ന് കോടതി കേന്ദ്ര സർക്കാരിനോട് ആരാഞ്ഞിരുന്നു. ഇതിനോട് കേ്ന്ദ്രം അനുകൂലമായി പ്രതികരിച്ചില്ല. രാജ്യദ്രോഹ നിയമപ്രകാരം കേസെടുക്കുന്നത് ഒഴിവാക്കാനാവില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നു രാവിലെ കോടതിയെ അറിയിച്ചു. നിലവിൽ രജിസ്റ്റർ ചെയ്ത കേസുകൾ മരവിപ്പിക്കാനാവില്ലെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു.