കറാച്ചി: പാക്കിസ്ഥാനിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ നിർണായക ഇടപെടലുമായി സുപ്രീംകോടതി. അവിശ്വാസ പ്രമേയത്തിന് വോട്ടെടുപ്പ് അനുവദിക്കാത്തത് ഭരണഘടന വിരുദ്ധമാണെന്ന് വിധിച്ച പാക് പരമോന്നത കോടതി ഡെപ്യൂട്ടി സ്പീക്കറുടെ നടപടി റദ്ദാക്കി. പാക് ദേശീയ അസംബ്ലി പിരിച്ച് വിട്ട നടപടിയും കോടതി റദ്ദാക്കി. പാക്കിസ്ഥാൻ ദേശീയ അസംബ്ലി ഇതോടെ പുനഃസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രി ഇമ്രാൻ ഖാന് തിരിച്ചടിയായി സുപ്രീംകോടതി വിധി.

ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയത്തിൽ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ദേശീയ സഭയിൽ വോട്ടെടുപ്പ് നടത്താമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അവിശ്വാസ പ്രമേയം വോട്ടിനിടാതിരുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. അവിശ്വാസ വോട്ടെടുപ്പ് തള്ളിയ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സൂരിയുടെ നടപടിയിലെ ഭരണഘടനാ സാധുത വിശദമായി പരിശോധിച്ച ശേഷമാണ് കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് ഉമർ അത്ത ബണ്ഡ്യാലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രധാനമന്ത്രി രാജ്യത്തിന്റെ ഭരണഘടന അനുസരിക്കാൻ ബാധ്യസ്ഥനാണെന്നും പ്രസിഡന്റിനോട് അസംബ്ലി പിരിച്ച് വിടാൻ ആവശ്യപ്പെടാൻ അധികാരമില്ലെന്നുമാണ് സുപ്രീം കോടതി വിധിയെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് ജഡ്ജിമാരടങ്ങിയ ബെഞ്ച് ഐക്യകണ്‌ഠേനയാണ് വിധി പാസാക്കിയത്.

സ്പീക്കറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് കോടതി നേരത്തെ തന്നെ നിരീക്ഷിച്ചിരുന്നു. ഭരണഘടനയുടെ 95 മത്തെ ആർട്ടിക്കിളിന്റെ ലംഘനമുണ്ടായെന്നാണ് ചീഫ് ജസ്റ്റിസ് ഉമർ അതാ ബന്ദിയാൽ അറിയിച്ചത്. സുപ്രീംകോടതിയിലെ മുഴുവൻ ജഡ്ജിമാരും ഉൾപ്പെട്ട ബെഞ്ച് വാദം കേൾക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യമെങ്കിലും ഇത് കോടതി നിരാകരിച്ചിരുന്നു. പകരം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വാദം കേട്ടത്.

അവിശ്വാസം അവതരിപ്പിക്കുന്നത് തടയാൻ സ്പീക്കർക്ക് അധികാരമില്ല, അവിശ്വാസ പ്രമേയം തടയാൻ സ്പീക്കർ ഭരണഘടന വളച്ചൊടിച്ചു, അവിശ്വാസം പരിഗണനയിൽ ഇരിക്കെ ദേശീയ അസംബ്ലി പിരിച്ചുവിടാൻ കഴിയില്ല എന്നിങ്ങനെയായിരുന്നു പ്രതിപക്ഷ വാദം. ഇത് സുപ്രീം കോടതി അംഗീകരിച്ചിരിക്കുകയാണ്.

പാക്കിസ്ഥാനിൽ ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഭരണഘടനയ്ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെപ്യൂട്ടി സ്പീക്കർ അനുമതി നിഷേധിച്ചത്. വിദേശ ശക്തിയുടെ പിന്തുണയുള്ള അവിശ്വാസം അവതരിപ്പിക്കാൻ അനുമതി നൽകാൻ ആവില്ലെന്നായിരുന്നു ഡെപ്യൂട്ടി സ്പീക്കർ ക്വസിം സൂരിയുടെ നിലപാട്.

അസംബ്ലിയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ വലിയ പ്രതിഷേധമുയർന്നിരുന്നു. അതിന് ശേഷമാണ് ഇമ്രാൻ ഖാൻ പ്രസിഡന്റിനെ കണ്ട് അസംബ്ലി പിരിച്ച് വിടാൻ ആവശ്യപ്പെട്ടതും രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചതും.

സാമ്പത്തികപ്രതിസന്ധിക്കും പണപ്പെരുപ്പത്തിനും കാരണം ഇമ്രാൻ സർക്കാരാണെന്നാരോപിച്ച് മാർച്ച് എട്ടിനാണ് പാക്കിസ്ഥാൻ മുസ്ലിംലീഗ് (നവാസ്), പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി എന്നിവയടക്കമുള്ള പ്രതിപക്ഷപാർട്ടികളിലെ നൂറോളം എംപി.മാർ അവിശ്വാസപ്രമേയവുമായി രംഗത്തെത്തിയത്. ഇമ്രാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫിലെ (പി.ടി.ഐ.) 24 ജനപ്രതിനിധികൾ കൂറുമാറിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. പിന്നാലെ ഏഴംഗങ്ങളുള്ള മുത്താഹിദ ക്വാമി മൂവ്‌മെന്റ് പാക്കിസ്ഥാൻ (എം.ക്യു.എം.-പി.), നാല് അംഗങ്ങളുള്ള ബലൂചിസ്താൻ അവാമി പാർട്ടി, ഓരോ അംഗംവീതമുള്ള പി.എം.എൽ.ക്യു. ജമൂരി വതൻ പാർട്ടി എന്നിവ പിന്തുണ പിൻവലിച്ചു. ഇതോടെ ഇമ്രാന്റെ ഭൂരിപക്ഷം നഷ്ടമാകുകയായിരുന്നു.

342 അംഗങ്ങളുള്ള ദേശീയസഭയിൽ 172 വോട്ടുകളാണ് പ്രമേയത്തെ പരാജയപ്പെടുത്താനായി ഇമ്രാനുവേണ്ടിയിരുന്നത്. പ്രതിപക്ഷത്തിന് 177 പേരുടെ പിന്തുണയുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം ഡെപ്യൂട്ടി സ്പീക്കർ വോട്ടെടുപ്പ് തള്ളിയതോടെ പ്രതിപക്ഷ നീക്കം പരാജയപ്പെടുകയായിരുന്നു. ഇതിനുപിന്നാലെ പ്രസിഡന്റ് ആരിഫ് ആൽവി ദേശീയസഭ പിരിച്ചുവിടുകയും ചെയ്തു. ഇതോടെയാണ് പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചത്.