- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അനധികൃതമെങ്കിൽ കയ്യേറ്റം നീക്കാം; കോടതിയെ രാഷ്ട്രീയ വേദിയാക്കരുത്; സിപിഎം എന്തിനു ഹർജി നൽകുന്നു?'; ഷഹീൻബാഗിൽ നഷ്ടം നേരിടുന്നവരല്ലേ സമീപിക്കേണ്ടതെന്നും സുപ്രീംകോടതി
ന്യൂഡൽഹി: ഷഹീൻബാഗിലെ പൊളിച്ചു നീക്കലിനെതിരെ ഹർജി നൽകിയ സിപിഎമ്മിനെ വിമർശിച്ച് സുപ്രീം കോടതി. കോടതിയെ രാഷ്ട്രീയ വേദിയാക്കരുതെന്ന് ജസ്റ്റിസ് എൽ. നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. പൊളിച്ചുനീക്കലിനെതിരെ ഷഹീൻബാഗ് നിവാസികളല്ലേ തങ്ങളെ സമീപിക്കേണ്ടതെന്ന് കോടതി ആരാഞ്ഞു. തുടർന്ന് സിപിഎം. ഹർജി പിൻവലിച്ചു.
ഒഴിപ്പിക്കലിനെതിരെ ഹർജി ഫയൽ ചെയ്ത സിപിഎമ്മിനോടും മറ്റു ഹർജിക്കാരോടും ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. സൗത്ത് ഡൽഹി മുൻസിപ്പൽ കോർപറേഷന്റെ നേതൃത്വത്തിൽ ഇന്നു രാവിലെയാണ് ഷഹീൻബാഗിൽ നിർമ്മാണങ്ങൾ പൊളിച്ചുനീക്കാൻ ആരംഭിച്ചത്. പൊളിച്ചുനീക്കലിനെതിരെ അടിയന്തിരമായി ഇടപെടണമെന്ന സ.പി.എമ്മിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.
എന്തിനാണ് രാഷ്ട്രീയ പാർട്ടിയായ സിപിഎം. പൊളിച്ചുനീക്കലിനെതിരെ ഹർജി ഫയൽ ചെയ്യുന്നതെന്ന് ജസ്റ്റിസ് എൽ. നാഗേശ്വർ റാവു ആരാഞ്ഞു. പരാതിയുണ്ടെങ്കിൽ പൊളിച്ചുനീക്കലിൽ നഷ്ടം നേരിടുന്നവരല്ലേ കോടതിയെ സമീപിക്കേണ്ടതെന്നും ബെഞ്ച് ആരാഞ്ഞു. ജഹാംഗീർപുരിയിൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതുകൊണ്ടാണ് ഇടപെട്ടതെന്ന് കോടതി വ്യക്തമാക്കി. എന്നാൽ ഷഹീൻ ബാഗിൽ എന്താണ് പൊളിച്ചുനീക്കുന്നതെന്ന് വ്യക്തമല്ലെന്നും കോടതി നിരീക്ഷിച്ചു.
ഈ വിഷയത്തിൽ ഷഹീൻബാഗിലെ ഒരു വ്യക്തിയും കോടതിയെ സമീപിച്ചിട്ടില്ലെന്നും രാഷ്ട്രീയ പാർട്ടി മാത്രമാണ് സമീപിച്ചതെന്നും ജസ്റ്റിസ് നാഗേശ്വര റാവു വിലയിരുത്തി. ഹർജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാനും നേരിട്ട് സുപ്രീം കോടതിയിലേക്കു വരരുതെന്നും കോടതി അറിയിച്ചു. എല്ലാ ഒഴിപ്പിക്കലും തടയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കോർപറേഷൻ പറയുന്നതുപോലെ അനധികൃത കയ്യേറ്റങ്ങളല്ല ഷഹീൻഹാഗിലേതെന്നാണ് ഹർജിയിൽ പരാമർശിക്കുന്നത്. അനധികൃതമായ എല്ലാ കയ്യേറ്റങ്ങളും തന്റെ നിർദേശത്തെ തുടർന്ന് നേരത്തേതന്നെ ഒഴിപ്പിച്ചിരുന്നെന്ന് ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാനും പ്രസ്താവിച്ചിരുന്നു. നിലവിൽ അനധികൃത കയ്യേറ്റങ്ങളൊന്നും ഇല്ലെന്നാണ് അമാനത്തുള്ള അറിയിച്ചത്. നേരത്തെ ജഹാംഗീർപുരിയിലും സമാനമായ ഒഴിപ്പിക്കൽ നടന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് കോടതി ഇടപെട്ട് നടപടികൾ നിർത്തിവയ്‌പ്പിക്കുകയായിരുന്നു.
മുൻകൂട്ടി നോട്ടിസ് നൽകാതെയുള്ള ഇത്തരം നടപടിക്രമങ്ങൾ പുനഃപരിശോധിക്കണമെന്നും കോടതി മുൻസിപ്പൽ കോർപറേഷനോട് പറഞ്ഞു. 'കോടതി ഈ വിഷയത്തിൽ ഇടപെടുന്നതല്ല, എന്നിരുന്നാലും മുൻകൂട്ടി നോട്ടിസ് നൽകി നിയമപ്രകാരം ഇത്തരം നടപടികൾ െചയ്തുകൂടേ? എന്തുകൊണ്ടാണ് നിങ്ങൾ അവർക്ക് നോട്ടിസ് നൽകാതിരുന്നത്? നോട്ടിസ് നൽകാതെ ഒരു നിർമ്മാണവും തകർക്കരുത്' കോടതി പറഞ്ഞു
മുൻകൂർ നോട്ടീസ് ഉൾപ്പടെ നൽകിയ ശേഷം പൊളിച്ചുനീക്കൽ നടത്തികൂടേയെന്ന് മുൻസിപ്പൽ കോർപറേഷനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആരാഞ്ഞു. എന്നാൽ വസ്തുതകൾ കോടതിയിൽ തെറ്റായി അവതരിപ്പിക്കുകയാണെന്ന് സോളിസിറ്റർ ജനറൽ മറുപടി നൽകി. വീടുകൾ പൊളിച്ചുനീക്കിയെന്ന വിവരം എവിടെനിന്നാണ് ഹർജിക്കാരന് ലഭിച്ചതെന്നും സോളിസിറ്റർ ജനറൽ ആരാഞ്ഞു.
ഹൈക്കോടതിയിൽ നിന്ന് നീതി ലഭിക്കില്ലെന്ന ഹർജിക്കാരന്റെ വാദവും കോടതി വിമർശിച്ചു. തുടർന്ന് ഹർജി പിൻവലിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ അഭിഭാഷകർക്ക് സുപ്രീം കോടതി അനുമതി നൽകി.