ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 186 കേസുകൾ പുനഃരന്വേഷിക്കാൻ സുപ്രീം കോടതി ഉത്തരവ്. മുൻ ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിൻേറതാണ് വിധി. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം പരിശോധിക്കാൻ സുപ്രീം കോടതി നിയോഗിച്ച രണ്ടംഗ മേൽനോട്ട സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരവ്.

ഹൈക്കോടതി മുൻ ജഡ്ജിയും രണ്ട് ഐ.പി.എസ് ഓഫീസർമാരും അടങ്ങുന്ന അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും സുപ്രീംകോടതി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. സിഖ് കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 241 കേസുകളിൽ 186 കേസുകളിൽ ശരിയായ അന്വേഷണം നടന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 16 നാണ് സുപ്രീംകോടതി സിഖ് കലാപവുമായി ബന്ധപ്പെട്ട 241 കേസുകളിലെ അന്വേഷണം പരിശോധിക്കാൻ രണ്ടംഗ മേൽനോട്ട സമിതിയെ നിയോഗിച്ചത്. സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് ജെ.എം പഞ്ചാൽ, ജസ്റ്റിസ് കെ.എസ്‌പി രാധാകൃഷ്ണൻ എന്നിവരായിരുന്നു സമിതി അംഗങ്ങൾ. എസ്.എ.ടി അന്വേഷിച്ച 250 കേസുകളിൽ 241 കേസുകളും അവസാനിപ്പിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിൽ രണ്ടുകേസുകൾ സിബിഐ ആണ് അന്വേഷിച്ചത്.