ചണ്ഡീഗണ്ഡ്: പത്മാവതി സിനിമാ വിവാദം ചേരി തിരിഞ്ഞുള്ള അടിയിലേക്ക് കടന്നു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമായി സിനിമയുടെ സംവിധായകാനായ സജ്ജയ് ലീലാ ബൻസാലി, ചിത്രത്തിലെ നായിക ദീപിക പദുക്കോൺ എന്നിവരുടെ തലവെട്ടാൻ ആഹ്വാനം ചെയ്ത സുരാജ്പാൽ അമു ഹരിയാനയിലെ ചീഫ് മീഡിയ കോഡിനേറ്റർ സ്ഥാനം രാജിവെച്ചു. സജ്ജയ് ലീലാ ബൻസാലിയുടെയും ദീപികയുടെ തലവെട്ടുന്നവർക്ക് പത്തു കോടി രൂപ നൽകും എന്നായിരുന്നു അമു പറഞ്ഞിരുന്നത്.

എന്നാൽ തന്റെ പ്രസ്ഥാപനക്കെതിരെ മുതിർന്ന ബിജെപി നേതാവും ഹരിയാനയിലെ ബിജെപി പ്രസിഡന്റുമായ സുബാഷ് ബാരാളയും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും രംഗത്ത് വന്നതോടെയാണ് സുരാജ്പാൽ അമുവിന്റെ പത്തി താഴ്ന്നത്. പാർട്ടിക്ക് തന്നെ കളങ്കം വരുത്തുന്ന രീതിയിൽ അമു നടത്തിയ പരസ്യ വെല്ലുവിളിക്കെതിരെ ഹരിയാനയിലെ ബിജെപി പ്രസിഡന്റ് സുബാഷ് ബാരാള കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ഉത്തരവിട്ടിരുന്നു.

ഇതോടെയാണ് അമു പാർട്ടി പ്രസിഡന്റിന് വാട്‌സ് ആപ്പിലൂടെ മീഡിയ കോഡിനേറ്റർ സ്ഥാനം രാജിവെക്കുന്നതായുള്ള സന്ദേശം അയച്ചത്. പത്മാവതി നിരോധിക്കാൻ ധൈര്യം കാണിക്കാത്ത ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന് ആത്മാർഥമായി ജോലി ചെയ്യുന്ന നേതാക്കളെ അവശ്യമില്ലെന്നും അദ്ദേഹത്തിന്റെ ചുറ്റും ആവശ്യമില്ലാത്ത കുറെ നേതാക്കൾ ഉണ്ടെന്നും അവരാണ് ആത്മാർത്ഥമായി ജോലി ചെയ്യുന്ന നേതാക്കളെ അദ്ദേഹത്തൽ നിന്നും അകറ്റുന്നതെന്നും അമു സുബാഷിനയച്ച സന്ദേശത്തിൽ കുറ്റപ്പെടുത്തി.

പത്മാവതി പ്രസിദ്ധീകരിച്ചാൽ രജപുത്ത് വിഭാഗത്തിന്റെ വികാരങ്ങൾ വ്രണപ്പെടും എന്നു മനസിലാക്കിയിട്ടും സിനിമ നിരോധിക്കാൻ തയ്യാറാകാത്തയാളാണ് ഖട്ടർ എന്നും വാട്‌സാപ്പ് സന്ദേശത്തിൽ പറയുന്നു. ബിജെപി തനിക്ക് പ്രമുഖ നേതാക്കളുമായി പ്രവർത്തിക്കാനുള്ള അവസരം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് മാത്രമല്ല കേന്ദ്രത്തിലും പ്രവർത്തിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ടെന്നും അമു പറഞ്ഞു.

രണ്ട് ദിവസം മുമ്പ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരേയും അമു രംഗത്ത് വന്നിരുന്നു. ശൂർപണഖയേപ്പോലെ ദുരുദ്ദേശമുള്ള ചില സ്ത്രീകളുണ്ട്. മൂക്കും മുലയും ച്ഛേദിച്ചാണ് ലക്ഷ്മണൻ ശൂർപണഖയ്ക്ക് മറുപടി നൽകിയത്. ഇത് മമതാ ബാനർജി മറക്കരുതെന്നും സുരാജ്പാൽ പറഞ്ഞിരുന്നു.