കൊച്ചി: ദശമൂലം ദാമു എന്ന് പേര്് കേട്ടാൽ ചിരി വരാത്തവരായി ആരുമില്ല. ഫേസ്‌ബുക്കിലും വാട്‌സാപ്പിലും പോസ്റ്റുകളായും കമന്റുകളായും  സ്റ്റാറ്റസായും ഒക്കെ ഇപ്പോൾ തിളങ്ങുന്നത് 9 വർഷം മുൻപ് സിനിമയിൽ സുരാജ് അവതരിപ്പിച്ച കഥാപാത്രമാണ്. 2009ൽ മമ്മൂട്ടി നായകനായി ഷാഫി സംവിധാനം ചെയ്ത ചട്ടമ്പിനാട് തിയേറ്ററിൽ വൻ വിജയമാണ് നേടിയത്.

ഒരിടയ്ക്ക് സലിം കുമാറിന്റെ ചിത്രം വച്ചുള്ള ട്രോളുകൾ നിറഞ്ഞു നിന്നിരുന്ന പ്രതീതി സമൂഹ മാധ്യമത്തിൽ ഉണ്ടായിരുന്നു. ഇതിനെ മലർത്തിയടിച്ചാണ് ദശമൂലം ദാമൂ ട്രോൾ നിരയിൽ ഒന്നാം സ്ഥാനം നേടിയത്. എന്നാലിപ്പോൾ ദശമൂലത്തെ കുറിച്ചുള്ള ട്രോളുകൾ സുരാജ് തന്നെ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ്.

ദാമുവിന്റെ പിറവി എങ്ങനെയായിരുന്നുവെന്ന് കുറച്ചുനാളുകൾക്ക് മുമ്പ് തിരക്കഥകൃത്ത് ബെന്നി പി നായരമ്പലം പങ്കുവയ്ച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ -അത് തീർത്തും യാദൃച്ഛികമായി ഉണ്ടായൊരു കഥാപാത്രമാണ്. ഷാഫി ഇങ്ങിനെയൊരു പ്രമേയം പറയുകയും അതിനനുസരിച്ച് എഴുതി തുടങ്ങുകയും ചെയ്തപ്പോൾ അത്തരത്തിലൊരാൾ വേണമായിരുന്നു. എന്റെ നാട്ടുമ്പുറത്തും കൂട്ടുകാർ പറഞ്ഞും അല്ലാതെയുമൊക്കെ ഇത്തരത്തിലുള്ള വ്യാജചട്ടമ്പികളെ എനിക്കറിയാം. നമുക്കെല്ലാവർക്കും അറിയാം.

 

വിടുവായത്തം മാത്രം പറയുന്ന, പ്രവൃത്തിയിൽ അങ്ങനെയൊട്ടും അല്ലാത്ത മഹാ പേടിത്തൊണ്ടനായ നാട്ടുമ്പുറം വില്ലന്മാർ. അവരുടെ പേരുകൾ മിക്കപ്പോഴും ദാമു എന്നോ മറ്റോ ആയിരിക്കും. ഒരു വട്ടപ്പേരും കാണും.

 

അങ്ങനെ ഓർത്തപ്പോഴാണ് ദശമൂലം ദാമു എന്നാക്കിയാലോ എന്നു തോന്നിയത്. അത് എല്ലാവർക്കും ഇഷ്ടമായി. ഈ വില്ലന്മാരുടെ പണി അടികൊള്ളലാണല്ലോ, എന്നിട്ട് ഉഴിച്ചിലും പിഴിച്ചിലുമൊക്കെയായി നടക്കുക. അപ്പോൾ ദശമൂലം എന്ന പേര് നന്നായി ചേരും എന്നു തോന്നി. അങ്ങിനെയാണ് ആ പേര് നൽകിയത്.

 

സുരാജ് വളരെയധികം രസകരമായിട്ടാണ് ആ കഥാപാത്രമായി മാറിയത്. സെറ്റിൽ ഒക്കെ ആകെ ചിരി ആയിരുന്നു. ആ ചിരി അതേപടി തിയേറ്ററുകളിലും മുഴങ്ങിക്കേട്ടു.