ബല്ലിയ: ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഹിന്ദു സംസ്‌കാരം അംഗീകരിക്കാൻ കഴിയുന്ന മുസ്ലിം മതവിഭാഗക്കാർ മാത്രം ഇന്ത്യയിൽ കഴിഞ്ഞാൽ മതിയെന്ന വർഗീയ പരാമർശവുമായി ബിജെപി എംഎൽഎ രംഗത്ത്. ബൈരിയ എംഎൽഎ സുരേന്ദ്ര സിംഗാണ് വിവാദ പ്രസ്ഥാപന.

രാജ്യസ്‌നേഹികളായ വളരെ കുറച്ച് മുസ്ലിംകൾ മാത്രമാണുള്ളത്. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകുന്‌പോൾ, ഹിന്ദു സംസ്‌കാരം അംഗീകരിക്കാൻ കഴിയുന്ന മുസ്ലിം മതവിഭാഗക്കാർ മാത്രം ഇന്ത്യയിൽ കഴിഞ്ഞാൽ മതി. മറ്റുള്ളവർക്ക് മറ്റേതെങ്കിലും രാജ്യത്ത് അഭയം തേടാമെന്നും സുരേന്ദ്ര സിങ് പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയിൽ ഇന്ത്യൻ, ഇറ്റാലിയൻ മൂല്യങ്ങൾ കൂടിച്ചേർന്നിട്ടുണ്ടെന്നും ഇന്ത്യൻ മൂല്യങ്ങളുമായി പൊരുത്തപ്പെടാൻ ഒരിക്കലും അദ്ദേഹത്തിനു കഴിയില്ലെന്നും എംഎൽഎ പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി ആരാധനാമൂർത്തിയുടെ അവതാര പുരുഷനാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

2025ൽ ആർഎസ്എസ് നൂറു വർഷം പൂർത്തിയാക്കുന്‌പോൾ ഇന്ത്യ ഹിന്ദു രാഷ്ട്രമാകും. ഈശ്വരന്റെ അനുഗ്രഹത്താൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കീഴിൽ ഇന്ത്യ വൻ ശക്തിയാകും. 2024ൽ ഇന്ത്യ ഹിന്ദു രാഷ്ട്രമാകും- സുരേന്ദ്ര സിങ് പറയുന്നു.