- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെളിച്ചക്കുറവ് മൂലം മുന്നോട്ട് നിൽക്കാൻ മാധ്യമപ്രവർത്തകർ സുരേന്ദ്രനോട് ആവശ്യപ്പെട്ടു; നിങ്ങളുടെ ഈ മൈക്കുകൾ നീക്കിയാൽ അല്ലേ മുന്നോട്ട് വരാനാകു എന്ന് സൗഹൃദ രൂപേണ പറയുകയായിരുന്നു ബിജെപി അധ്യക്ഷൻ; 'കൊലച്ചരിയിലെ' കള്ളം പൊളിച്ച് അലക്‌സ് റാം മുഹമ്മദ്; പരിവാറുകാർ വൈറലാക്കുന്ന പോസ്റ്റ് ഇങ്ങനെ
തിരുവനന്തപുരം: കെ സുരേന്ദ്രന്റെ ചിരിയിൽ സത്യം പറഞ്ഞ് 24 ന്യൂസിലെ മാധ്യമ പ്രവർത്തകൻ. ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാർത്താസമ്മേളനം ഔദ്യോഗികമായി തുടങ്ങുന്നതിന് മുന്നേയുള്ള ഈ ദൃശ്യങ്ങളിൽ നിന്ന് ഒരു ഭാഗം വെട്ടിയെടുത്ത് പ്രചരിപ്പിച്ചവരുടെ കെണിയിൽ വീണ പരിവാറുകാരേയും അത്ഭുതപ്പെടുത്തി ഈ മാധ്യമ പ്രവർത്തകന്റെ പോസ്റ്റ്. അലക്‌സ് റാം മുഹമ്മദിന്റെ സത്യം പറച്ചലിന് വൈറലാക്കുകയാണ് ഇപ്പോൾ പരിവാറുകാർ. 100% കമ്മ്യൂണിസ്റ്റുകാരനായ 24 മണിക്കൂറും ബിജെപിയെ വിമർശിക്കുന്ന പ്രശസ്ത മാധ്യമപ്രവർത്തകനാണ് അലക്‌സ് എന്ന് സമ്മതിച്ചു കൊണ്ടാണ് പരിവാറുകാർ ഈ പോസ്റ്റിനെ ആഘോഷമാക്കുന്നത്.
അലക്‌സ് റാം മുഹമ്മദ് പോസ്റ്റായി കുറിച്ചത് ചുവടെ: ആശയങ്ങളിലെ അഭിപ്രായ വ്യത്യാസവും സംഘർഷവും ഒക്കെ നിലനിർത്തി കൊണ്ട് തന്നെ പറയട്ടെ, ഈ പ്രചരിക്കുന്നത് അവാസ്തവമാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ ഈയുള്ളവനും ഉണ്ടായിരുന്നു. വെളിച്ചക്കുറവ് മൂലം മുന്നോട്ട് നിൽക്കാൻ മാധ്യമപ്രവർത്തകർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. നിങ്ങളുടെ ഈ മൈക്കുകൾ നീക്കിയാൽ അല്ലേ മുന്നോട്ട് വരാനാകു എന്ന് പറയുകയായിരുന്നു കെ.സുരേന്ദ്രൻ. അത് അവിടെ നിന്ന മാധ്യമ പ്രവർത്തകരോടുള്ള സൗഹൃദ രൂപേണയുള്ള മറുപടിയായിരുന്നു.. അത് എ.വിജയരാഘവനായാലും, കെ.സുധാകരനായാലും മാധ്യമ പ്രവർത്തകരോട് ഇങ്ങനെ തന്നെയാവും പ്രതികരണം. ഇക്കാര്യത്തിൽ 'കെ.സുരേന്ദ്രനല്ലേ അതുകൊണ്ട് ആവാം... ' എന്ന നിലപാടിനൊപ്പം നിൽക്കാൻ തൽക്കാലം നിവൃത്തിയില്ല.-ഇതാണ് 24ലെ മാധ്യമ പ്രവർത്തകൻ കുറിച്ചത്.
ഈ പോസ്റ്റിനെ ആവേശത്തോടെയാണ് സൂരജ് ഇലന്തൂരിനെ പോലുള്ളവർ കണ്ടത്. സുരേന്ദ്രനെതിരെ പ്രതിരോധം തീർത്ത് അവർ അതിവേഗം രംഗത്തു വന്നു. സ്വന്തം കഴിവിലും ആദർശകരുത്തിലും സംശയമുള്ളവർ ദയവായി വഴി മാറി തരിക... എന്ത് എവിടെ എങ്ങനെ ചെയ്യണമെന്ന് ഈ പ്രസ്ഥാനത്തിന് നന്നായിട്ടറിയാം..അതിന് ഒരു ഉപദേശകസമിതിയുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല.... -ഇങ്ങനെ കുറിക്കുകയാണ് സൂരജ് ഇലന്തൂർ.
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ ചിരിച്ചുകൊണ്ട് പ്രതികരണം നടത്തിയെന്ന് ആരോപിച്ച് സുരേന്ദ്രനെ പരിഹസിച്ച് സൈബർ സഖാക്കൾ രംഗത്ത് വന്നിരുന്നു. 'എവിടെ ചിരിക്കണം, എവിടെ ചിരിക്കാതിരിക്കണം എന്ന് മനസിലാക്കാനുള്ള ബോധം ഉള്ളവൻ സംഘത്തിൽ ചേരില്ലല്ലോ', 'ഇംഗ്ലീഷ് പടത്തിൽ നായകനും നായികയും ചങ്ക് പൊട്ടിക്കരയുന്നത് കാണുന്ന ഇംഗ്ലീഷ് അറിയാത്ത ചങ്കുകൾ' തുടങ്ങി പരാമർശങ്ങളുമായാണ് സുരേന്ദ്രനെ സൈബർ ലോകത്തെ സിപിഐഎം ട്രോളന്മാർ പരിഹസിച്ചത്. ട്രോളുകൾ വൈറലായി. ഇതിനു പിന്നാലെയാണ് 24 മാധ്യമ പ്രവർത്തകന്റെ സത്യം പറച്ചിൽ എത്തിയത്.
ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ചിരിച്ചുകൊണ്ട് പ്രതികരിക്കാനെത്തിയ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ വിമർശനം ശക്തമെന്ന വാർത്ത റിപ്പോർട്ടർ ടിവിയുടെ വെബ് സൈറ്റിലാണ് ആദ്യം എത്തിയത്. ഇഥോടെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പേജിലെ കമന്റ് ബോക്സുകളിലാണ് ബിജെപി പ്രവർത്തകർ അടക്കമുള്ളവർ വിമർശനം ഉന്നയിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കും മുൻപാണ് സുരേന്ദ്രന്റെ ചിരി. ''സ്വന്തം പ്രവർത്തകൻ മരിച്ച വാർത്ത പറയാൻ ചിരിച്ചു കൊണ്ട് വരുന്ന ഒരേ ഒരു നേതാവാണ് സുരേന്ദ്രൻ''-ഇതൊക്കെയായിരുന്നു വിമർശനം.
അതേസമയം, ആർഎസ്എസ് പ്രവർത്തകനെ വെട്ടികൊലപ്പെടുത്തിയതിന് പിന്നിൽ എസ്ഡിപിഐയാണെന്നാണ് ബിജെപി ആരോപണം. യാതൊരു പ്രകോപനവും കൂടാതെയാണ് ആക്രമണം നടത്തിയതെന്നും കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ രണ്ടാമത്തെ ആർഎസ്എസ് പ്രവർത്തകനാണ് എസ്ഡിപിഐ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നും കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. ആസൂത്രിതമായ കൊലപാതകങ്ങളാണ് എസ്ഡിപിഐ നടത്തുന്നത്. ഈ തരത്തിൽ പ്രകോപനമില്ലാതെ ആർഎസ്എസ്-ബിജെപി പ്രവർത്തകരെ ആക്രമിക്കാനും കൊലപ്പെടുത്താനുമാണ് എസ്ഡിപിഐ സംഘം വരുന്നതെങ്കിൽ അതേ നാണയത്തിൽ മറുപടി നൽകുമെന്നും കെ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.
അടിക്കടിയുള്ള കൊലപാതകത്തിന് കാരണം പൊലീസിന്റേയും സർക്കാരിന്റേയും വീഴ്‌ച്ചയാണെന്നും എസ്ഡിപിഐയെ സിപിഐഎമ്മും സർക്കാരും സംരക്ഷിക്കുകയാണെന്നും ബിജെപി ആരോപിച്ചു. കേരളത്തിലെ പല തദ്ദേശ സ്ഥാപനങ്ങളിലും എസ്ഡിപി ഐയുമായി ഭരണം പങ്കിടുന്നതുകൊണ്ടാണ് സിപിഐഎം പ്രതികളെ സംരക്ഷിക്കുന്നത്. പ്രതികൾക്കെതിരെ ശക്തമായ നടപടിയുണ്ടായില്ലെങ്കിൽ ചെറുത്തുനിൽപ്പിനെതിരെ മറ്റു നടപടികൾ ആലോചിക്കേണ്ടി വരുമെന്നും ബിജെപി മുന്നറിയിപ്പ് നൽകി. ആർഎസ്എസ് പ്രവർത്തകനായ എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഭാര്യയുമായി ബൈക്കിൽ പോവുകയായിരുന്ന സഞ്ജിത്തിനെ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. ഭാര്യയും നാട്ടുകാരും നോക്കി നിൽക്കയാണ് പ്രതികൾ വെട്ടി കൊന്നത്.
മറുനാടന് മലയാളി ബ്യൂറോ