കൊച്ചി: ചാണകത്തെ കളിയാക്കുന്നവർ പോയി ചാവട്ടെയെന്നും തന്നെ ചാണകമെന്ന് വിളിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും നടനും രാജ്യ സഭാ അംഗവുമായ സുരേഷ് ഗോപി. തന്നെ പോലുള്ളവരെ ചാണകമെന്ന് വിശേഷിപ്പിക്കുന്നതിൽ അതൃപ്തി ഇല്ലെന്നും ആ വിളി നിർത്തരുതെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോ രക്ഷാ ഗോവിജ്ഞാൻ രഥയാത്രയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം. ശ്രീനാരായണ ഗുരു പോലും ജനനസമയത്ത് ആദ്യം സ്പർശിച്ചത് ചാണകത്തിലാണെന്നും സുരേഷ് ഗോപി പറഞ്ഞു.

സഹായത്തിനായി വിളിച്ച ഇ ബുൾ ജെറ്റ് ആരാധകനോടുള്ള സുരേഷ് ഗോപിയുടെ മറുപടിയും ചാണകവുമായി ബന്ധപ്പെടുത്തി വൈറൽ ആയിരുന്നു. പെരുമ്പാവൂർ എറണാകുളത്ത് നിന്നുള്ള കുറച്ചു പേരാണ് പ്രശ്‌നത്തിൽ ഇടപെടണമെന്ന പേരിൽ സുരേഷ്ഗോപിയെ വിളിച്ചത്. ആദ്യം പറഞ്ഞപ്പോൾ താരത്തിനും സംഗതി വ്യക്തമായില്ല. ഇ ബുൾ ജെറ്റോ എന്നാണ് അദ്ദേഹം ആദ്യം ചോദിക്കുന്നത്.

പിന്നീട് വണ്ടി മോദിഫൈ ചെയ്തതിനാൽ ഇ ബുൾ ജെറ്റ് സഹോദരന്മാരെ പൊലീസ് അറസ്‌ററ് ചെയ്‌തെന്നും, സാർ ഇടപെടണമെന്നും പറയുന്ന ആരാധകനോട് പ്രശ്‌നം കേരളത്തിലല്ലേ നടക്കുന്നത്, നിങ്ങൾ നേരെ മുഖ്യമന്ത്രിയെ വിളിക്കു എന്നാണ് സുരേഷ് ഗോപിയുടെ മറുപടി. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്‌മെന്റ് എല്ലാം മുഖ്യ മന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും കീഴിൽ ആണെന്നും അദ്ദേഹം പറയുന്നു.

അതു കഴിഞ്ഞ് സാറിന് ഒന്നും ചെയ്യാൻ പറ്റില്ലേ എന്ന ആരാധകന്റെ ചോദ്യത്തിനുള്ള താരത്തിന്റെ പ്രതികരണമാണ് വൈറൽ ആയത്. എനിക്ക് ഇതിൽ ഇടപെടാൻ പറ്റില്ല ഞാൻ ചാണകമല്ലേ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. താൻ ഒരു ബിജെപി പ്രവർത്തകനാണെന്നും തന്നെ സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചോളൂവെന്നുമായിരുന്നു അന്നത്തെ പ്രതികരണം.

ഗോസംരക്ഷണയാത്ര സംസ്ഥാനത്തെ സർവ്വജനങ്ങൾക്കും പ്രചോദനം നൽകുമെന്ന് ഉദ്ഘാടനശേഷം താരം പറഞ്ഞു. പശുസംരക്ഷണത്തിനായുള്ള വലിയ വിളംബരപ്രവർത്തനം നടക്കും. ഒരുവർഷം കഴിഞ്ഞ് സമാപിക്കുമ്പോൾ കേരളത്തിലെ ജനത ബോധവത്ക്കരിക്കപ്പെടും. പൂർവ്വികർ അനുവർത്തിച്ചുപോരുന്ന കൃഷിയും ശുദ്ധ ഭക്ഷണവുമൊക്കെ തിരിച്ചുപിടിക്കുന്നതിൽ ഗോസംരക്ഷണം ചാലകശക്തിയാവും. രഥയാത്രയിലൂടെ അമ്മ ഭക്ഷണത്തിന്റെ അന്തസത്ത തിരിച്ചുപിടിക്കാനാവും.

മനുഷ്യന്റെ ജനിതക സംരക്ഷണത്തിന് ഉതകുന്നതാവും ഗോസംരക്ഷണത്തിനായി കൈക്കൊള്ളുന്ന ഓരോ ചുവടുവെയ്‌പ്പുകളെന്നും സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാനത്ത് പശുസംരക്ഷണവും ഗോക്കളുടെ വർധനവും ലക്ഷ്യമിട്ട് ഒരു വർഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തുന്ന യാത്ര അടുത്തവർഷം പാവക്കുളം ക്ഷേത്രത്തിൽ തന്നെ സമാപിക്കും .സംവിധായകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനുമായ വിജി തമ്പിയടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.