സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാസ്വാദകർ. കിങ് ആൻഡ് കമ്മീഷണർ എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം താരത്തിന്റെ 252-ാമത്തെ സിനിമയാണ്. നിലവിൽ ചിത്രം റിലീസിനൊരുങ്ങുകയാണ്. ഈ അവസരത്തിൽ തന്റെ 253-ാമത്തെ ചിത്രത്തിന്റെ സൂചന നൽകിയിരിക്കുകയാണ് സുരേഷ് ഗോപി.

 

ഫേസ്‌ബുക്കിൽ പങ്കുവച്ച ഒരു പോസ്റ്ററിനൊപ്പമാണ് 253മത്തെ ചിത്രത്തെ കുറിച്ച് സുരേഷ് ഗോപി പറയുന്നത്. സർപ്രൈസിങ് ആയൊരു വെളിപ്പെടുത്തൽ വരുന്നുവെന്നും അതിനായി കാത്തിരിക്കൂ എന്നുമാണ് ഇതിൽ കുറിച്ചിരിക്കുന്നത്. പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. പത്രം 2 ലോഡിങ് എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. പോസ്റ്ററിൽ പത്ര കട്ടിങ്ങുകൾ ഉൾപ്പെടുത്തിയിട്ടുള്ളതുകൊണ്ടാണോ എന്നാണ് മറ്റുചിലർ കമന്റ് ചെയ്യുന്നത്. സിനിമയെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.

മഞ്ജു വാര്യർ, സുരേഷ് ഗോപി എന്നിവർ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹിറ്റ് ചിത്രമായിരുന്നു 1999 ൽ പുറത്തിറങ്ങിയ 'പത്രം'. ശക്തമായ സംഭാഷണങ്ങൾകൊണ്ടും, മഞ്ജു വാര്യറുടെ കരുത്തുറ്റ പ്രകടനം കൊണ്ടു ശ്രദ്ധിക്കപ്പെട്ട സിനിമ മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചാർട്ടുകളിൽ ഒന്നാണ്.