ന്യൂഡൽഹി: എൻഎഫ്ഡിസി ചെയർമാൻ പദത്തിൽ ഉടനെത്തുമെന്ന് സൂപ്പർ താരം സുരേഷ് ഗോപി പറഞ്ഞിട്ട് നാളേറെയായി. കേന്ദ്ര സഹമന്ത്രി പദവിയിലെ സ്ഥാനം ഉറപ്പായതോടെ അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കായി വോട്ട് തേടിയും നടനെത്തി. എന്നാൽ അരവിക്കരയും കഴിഞ്ഞ് തദ്ദേശവുമെത്തി. ബിജെപിയാകട്ടെ പുതിയ കൂട്ടുകെട്ടുകളിലേക്ക് പോകുന്നു. സുരേഷ് ഗോപിയെ തഴഞ്ഞ് വെള്ളാപ്പള്ളിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുൽകി കഴിഞ്ഞു. എൻഎഫ്ഡിസി ചെയർമാൻ സ്ഥാനം സുരേഷ് ഗോപിയക്ക് നഷ്ടമാകൻ സാധ്യത ഏറെയാണെന്നാണ് സൂചന. മോദി സർക്കാർ അധികാരത്തിലെത്തിയപ്പോൾ സുരേഷ് ഗോപിയും പ്രധാനമന്ത്രിയുടെ അടുത്തയാളായി. ഒരു ഘട്ടത്തിൽ രാജ്യസഭാ സീറ്റും കേന്ദ്രസഹമന്ത്രി സ്ഥാനവും വരെ നൽകാമെന്ന സൂചന നൽകി.

എന്നാൽ ഈ സൂചന വാർത്തയായി പ്രചരിച്ചു. ഇതോടെയാണ് എംപി സ്ഥാനവും കേന്ദ്രമന്ത്രി പദവിയും നടന് കൈവിട്ടത്. എൻഎഫ്ഡിസിയുടെ ചെയർമാൻ സ്ഥാനത്തിനും അതു തന്നെ സമ്മതിച്ചു. ബിജെപി നേതൃത്വം ഇക്കാര്യം അറിയിച്ചപ്പോൾ തന്നെ മാദ്ധ്യമങ്ങൾ ചർച്ചയാക്കി. പദവിയുടെ കാര്യം സ്ഥിരീകരിക്കുന്ന തരത്തിൽ സുരേഷ് ഗോപിയും പ്രസ്താവനകളുമായെത്തി. ഈ സാഹചര്യത്തിലാണ് എൻഎഫ്ഡിസി നിയമനം വൈകുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക തലത്തിൽ ഒരു നടപടിയും എടുത്തില്ലെന്നാണ് വ്യക്തമാകുന്നത്. പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ നിയമന വിവാദവും ഇതിനെ ബാധിച്ചുവെന്നാണ് സൂചന. എന്നാൽ സുരേഷ് ഗോപി എൻഎഫ്ഡിസിയുടെ തലപ്പത്ത് എത്തുമെന്ന് ഇപ്പോൾ ആർക്കും പറയാനാകുന്നില്ല. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപി നടത്തുന്ന പുതിയ കരുനീക്കമാകും ഇനി നിർണ്ണായകമാവുക.

എൻ.എഫ്.ഡി.സി ചെയർമാൻപദം സംബന്ധിച്ച് സുരേഷ്‌ഗോപി പ്രചരിപ്പിച്ച അവകാശവാദങ്ങളത്രയും പൊള്ളയാണെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിവരാവകാശ പ്രകാരം മറുപടി നൽകുന്നു. ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻപദത്തിലേക്ക് നിയുക്തനായി എന്ന നടൻ സുരേഷ്‌ഗോപിയുടെ പ്രചാരണമാണ് ഔദ്യോഗികമായി തള്ളുന്നത്. ചെയർമാനായി ആരെയും നിയമിക്കുകയോ ഷോർട്ട് ലിസ്റ്റ് തയാറാക്കുകയോ ചെയ്തിട്ടില്ലെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. ഒരാൾ എൻ.എഫ്.ഡി.സി ചെയർമാനായി നിയമിക്കപ്പെട്ടു എന്ന മട്ടിൽ പത്രമാദ്ധ്യമങ്ങളിൽ വരുന്ന വാർത്ത ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് മന്ത്രാലയം പറയുന്നു.

കള്ളപ്രചാരണം നടത്തുന്നവർക്കെതിരെ എന്തു നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയില്ല. മുമ്പ് ഇത്തരം സംഭവങ്ങൾ ഇല്ലാത്തതിനാലാവാം അതു സംബന്ധിച്ച വിവരങ്ങളോ രേഖകളോ ലഭ്യമല്ലെന്ന് മന്ത്രാലയത്തിലെ ഫിലിം വിഭാഗം അണ്ടർ സെക്രട്ടറി എസ്.ബി. പാണ്ഡേ അറിയിച്ചു. ചെയർമാനായി സ്ഥാനമേറ്റാലുടൻ ഇന്ത്യയെ ആഗോള ഷൂട്ടിങ് ആസ്ഥാനമാക്കി (ഷൂട്ടിങ് ഹബ്ബ്) മാറ്റുമെന്നും അതിനായി ബജറ്റിൽ 30 കോടി നീക്കിവെക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ഉറപ്പു നൽകിയെന്നും മാദ്ധ്യമ പ്രവർത്തകരോട് കഴിഞ്ഞ ജൂണിൽ സുരേഷ്‌ഗോപി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ബിജെപി വേദികളിൽ സജീവമായതും. എന്നാൽ ആറു മാസമായിട്ടും നിയമനം മാത്രം എത്തിയില്ല.

കേന്ദ്ര സഹമന്ത്രിസ്ഥാനത്തിന് തുല്യമായ പദവിയാണ് എൻ എഫ് ഡി സി ചെയർമാന്റേത്. വിദേശ ചിത്രങ്ങൾ രാജ്യത്ത് എത്തിക്കുന്നതും ഇന്ത്യൻ ചിത്രങ്ങൾ വിദേശത്തേക്ക് അയക്കുന്നതും മറ്റും എൻ എഫ് ഡി സി വഴിയാണ്. മലയാളിയായ ആരും ഈ പദവയിൽ എത്തിയിട്ടുമില്ല. കേരളത്തിലെ മാദ്ധ്യമങ്ങൾ മാത്രമല്ല ദേശീയ പത്രങ്ങളും ചാനലുകളും സുരേഷ് ഗോപിയുടെ നിയമനം വാർത്തയാക്കി. ഇതോടെയാണ് കേന്ദ്ര സർക്കാരിന് മനം മാറ്റം വന്നത്. ഇതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷനാണ് സുരേഷ് ഗോപിയുടെ നിയമനത്തിന് തടസ്സമെന്നും വാർത്ത വന്നു. ഇതിനിടെയിലാണ് ബിജെപിയുടെ മനസ്സിലേക്ക് വെള്ളാപ്പള്ളിയും ഈഴവ രാഷ്ട്രീയവും എത്തുന്നത്. ഈ സാഹചര്യത്തിൽ വെള്ളാപ്പള്ളിയുടെ അനുമതിയില്ലാതെ ആർക്കും ഒരു പദവിയും നൽകാൻ പറ്റാത്ത സാഹചര്യവും നിലവിൽ വന്നു. അതുകൊണ്ട് തന്നെ സുരേഷ് ഗോപിയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

എന്നാൽ വിവാദങ്ങൾ കാര്യമില്ലെന്നാണ് ബിജെപിയുടെ പക്ഷം. സുരേഷ് ഗോപിയോട് സമ്മതമാണ് ചോദിച്ചത്. കൃത്യമായ സമയത്ത് ഉചിതമായ തീരുമാനം കേന്ദ്ര സർക്കാർ എടുക്കുമെന്ന് ബജെപി നേതാവ് ജോർജ് കുര്യൻ മറുനാടൻ മലയാളിയോട് പറഞ്ഞു. അതിനിടെ നായർ വോട്ട് ബാങ്കിനെ പിണക്കാതിരിക്കാൻ സുരേഷ് ഗോപിയെ കൈവിടില്ലെന്ന സൂചനയാണ് ബിജെപി നേതൃത്വം നൽകുന്നതെന്നതും ശ്രദ്ധേയമാണ്.