നേമം: ബിജെപിയുടെ ഏക എംഎൽഎയുള്ള മണ്ഡലമാണ് നേമം. അവിടെ മികച്ച ഭൂരിപക്ഷത്തനാണ് ഒ രാജഗോപാൽ ജയിച്ചത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ എൺപത്തിയേഴുകാരനായ രാജഗോപാൽ മത്സരിക്കില്ല. പകരം ആരാകും ബിജെപിക്കായി മത്സരിക്കുകയെന്ന ചർച്ച ഇപ്പോഴെ സജീവമാണ്. നടൻ സുരേഷ് ഗോപിയാണ് നേമത്തേക്ക് ബിജെപി പരിഗണിക്കുന്ന പ്രധാന പേരുകാരൻ. ഇത് മനസ്സിലാക്കിയുള്ള ഇടപെടൽ എംപി കൂടിയായ സുരേഷ് ഗോപി തുടങ്ങി കഴിഞ്ഞു. കല്ലിയൂർ പഞ്ചായത്തിലെ ഇടപെടൽ നൽകുന്ന സൂചനയാ ഇത് തന്നെയാണ്.

കാൽ നൂറ്റാണ്ടു മുമ്പ് കിരീടം സിനിമയ്ക്കു വേണ്ടി വെള്ളായണിക്കായലിലെ കന്നുകാലി ചാലിനു കുറുകെ നിർമ്മിച്ച 'കിരീടം പാലം; നടൻ മോഹൻലാലിനെക്കൊണ്ടു പുനർനിർമ്മിച്ചു സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ വികസിപ്പിക്കാൻ ശ്രമിക്കുമെന്നു സുരേഷ് ഗോപി എംപി കല്ലിയൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കും നാട്ടുകാർക്കും ഉറപ്പുനൽകി. കല്ലിയൂർ ഗ്രാമപഞ്ചായത്തിനെ കേന്ദ്ര സർക്കാരിന്റെ ആദർശ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി വികസന പദ്ധതികൾ നടപ്പാക്കുന്നതിനു മുന്നോടിയായി ഇന്നലെ വെള്ളായണി കായലും ചുറ്റുവട്ടങ്ങളും സന്ദർശിക്കാനെത്തിയതായിരുന്നു സുരേഷ് ഗോപി. കിരീടം സിനിമയിലെ മോഹൻലാൽ കഥാപാത്രമായ സേതു മാധവനൊപ്പം പ്രശസ്തമായതാണ് അതിലെ പാലവും. കിരീടം സിനിമയുടെ ഷൂട്ടിങ്ങിനു ശേഷം ഉപയോഗശൂന്യമായ പാലം ഇപ്പോൾ തുരുമ്പുപിടിച്ചു പൊട്ടിപ്പൊളിഞ്ഞു നാശാവസ്ഥയിലാണ്.

കിരീടം പാലം മുതൽ കരുമം വരെയുള്ള കന്നുകാലിച്ചാൽ ബണ്ട് സംരക്ഷിക്കാൻ എംപിയെന്ന നിലയിൽ നടപടി സ്വീകരിക്കുമെന്നും സുരേഷ്‌ഗോപി ഉറപ്പുനൽകി. രാവിലെ ഏഴുമണിക്കെത്തിയ അദ്ദേഹം നാലുമണിക്കൂറോളം നാട്ടുകാരോടും ജനപ്രതിനിധികളോടുമൊപ്പം കായലോരവും കൃഷിയിടങ്ങളും സന്ദർശിച്ചു. കായൽ വെള്ളം കയറിക്കിടക്കുന്ന സ്വകാര്യവ്യക്തികളുടെ ഭൂമി കണ്ടെത്തി ഉടമകൾക്കു പൊന്നും വില നൽകി ഭൂമി ഏറ്റെടുക്കും. തുടർന്നു മണ്ണടിഞ്ഞു നാശത്തിന്റെ വക്കിലായിരിക്കുന്ന ശുദ്ധജലതടാകത്തിലെ ചെളി കോരിമാറ്റുന്നതിനും പദ്ധതി പരിഗണനയിലാണ്. ഇതിനുശേഷം 12-14 കിലോമീറ്ററോളം വരുന്ന കായലിനു ചുറ്റും കല്ലും കോൺക്രീറ്റും ഒഴിവാക്കി മുളയും മറ്റും കൊണ്ട് ജൈവവേലി നിർമ്മിച്ചു സംരക്ഷിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

കാർഷിക കോളജുമായി സഹകരിച്ചു പ്രദേശത്തു ഫാം ടൂറിസം പദ്ധതിയും ആദർശഗ്രാമം പദ്ധതിയുടെ ഭാഗമായി പരിഗണനയിലാണെന്ന് അദ്ദേഹം അറിയിച്ചു. ഇതെല്ലാം ഉൾപ്പെടുത്തി പഞ്ചായത്തിനോടു വെള്ളായണിക്കായൽ സംരക്ഷണ മാസ്റ്റർ പ്ലാൻ തയാറാക്കി നൽകാനാവശ്യപ്പെട്ടാണ് അദ്ദേഹം മടങ്ങിയത്. ഇതിനിടെ വിശ്രമവേളയിൽ തന്നെ സന്ദർശിച്ചു പത്ത് കംപ്യൂട്ടറുകൾ ആവശ്യപ്പെട്ട പുന്നമൂട് ഗവ.മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ അധികൃതർക്കു രണ്ട് സ്മാർട് ക്ലാസ് റൂമുകൾ കൂടി അനുവദിച്ചു. ഇതിനുള്ള പ്രോജക്ട് നൽകുന്ന മുറയ്ക്ക് ഏഴുലക്ഷം രൂപ എംപി ഫണ്ടിൽ നിന്ന് ഉടൻ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ചോദിച്ചതെല്ലാം നാട്ടുകാർക്ക് സുരേഷ് ഗോപി നൽകി.

ശാന്തിവിള പൊതുമാർക്കറ്റിൽ നിന്നു തുടങ്ങി അനധികൃതമായി മണ്ണിട്ടു നികത്തുന്നതിനെ തുടർന്ന് വിവാദമായ മാംഗ്ലിക്കരി പാടശേഖരം, ജൈവ പച്ചക്കറി കൃഷി നടക്കുന്ന വള്ളംകോട് ഏല, കല്ലിയൂർ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഓഫ് കേരള വിപണിയിലെ വെജിറ്റബിൾ കട്ടിങ് യൂണിറ്റ് തുടങ്ങിയവ സുരേഷ് ഗോപി സന്ദർശിച്ചു. ബിജെപി നേതാക്കളും നടനെ അനുഗമിച്ചു. ബിജെപിയുടെ ഭരണമാണ് കല്ലിയൂർ പഞ്ചായത്തിലുള്ളത്. നേമം മണ്ഡലത്തിൽ ബിജെപിക്ക് ഏറ്റവും സ്വാധീനമുള്ള പ്രദേശം. ഇത് മനസ്സിലാക്കിയാണ് കല്ലിയൂരിലെ സുരേഷ് ഗോപിയുടെ ഇടപെടൽ.