കൊച്ചി: ജീൻസ് വിവാദത്തിൽ യേശുദാസിന് പിന്തുണയുമായി സൂപ്പർ താരം സുരേഷ് ഗോപി. നല്ല ഉദ്ദേശ്യത്തോടെയാണ് യേശുദാസ് വിമർശനം നടത്തിയതെന്ന് സുരേഷ്‌ഗോപി കൊച്ചിയിൽ സ്വകാര്യ ചടങ്ങിൽ പറഞ്ഞു.

സ്ത്രീ സുരക്ഷയെ മുന്നിൽ കണ്ടു കൊണ്ടാണ് യേശുദാസ് അത്തരമൊരു പ്രസ്താവന നടത്തിയത്. ഒരു മുത്തശ്ശന്റെ വാക്കുകൾ പോലെ ഇത് കേരളീയ സമൂഹം എടുക്കണം. ആവശ്യമുള്ളവർക്ക് അദ്ദേഹത്തിന്റെ വാക്കുകൾ സ്വീകരിക്കാം, അല്ലാത്തവർക്ക് നിരാകരിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.

സ്ത്രീകളുടെ സൗന്ദര്യം സൗമ്യതയാണെന്നും സ്ത്രീകൾ ജീൻസിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കരുതെന്നും യേശുദാസ് പറഞ്ഞത് വലിയ വിവാദമായിരുന്നു. സ്ത്രീകൾ മറയ്‌ക്കേണ്ടതെല്ലാം മറയ്ക്കണമെന്നും മറച്ചുവയ്ക്കുന്നതിനെ ഉൾക്കൊള്ളുന്നതാണ് നമ്മുടെ സംസ്‌കാരമെന്നും യേശുദാസ് പറഞ്ഞു.

ഗാനഗന്ധർവന്റെ അഭിപ്രായ പ്രകടനത്തിനെതിരെ പലകോണിൽ നിന്നും വിമർശനം ഉയരുന്നതിനിടെയാണ് സുരേഷ് ഗോപി പിന്തുണയുമായി എത്തിയത്. നേരത്തെ സലിംകുമാറും യേശുദാസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.