കൊച്ചി: മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളുടെ പട്ടികയിലായിരുന്നു സുരേഷ് ഗോപിയുടെ സ്ഥാനം. ഇടക്കാലം കൊണ്ട് മങ്ങിയെങ്കിലും തന്റെ താരസിംഹാസനം തിരിച്ചു പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. തുടർച്ചയായി സിനിമകളാണ് ഇനി സുരേഷ് ഗോപിയുടേതായി കാത്തിരിക്കുന്നത്. സജീവ രാഷ്ട്രീയത്തിൽ നിന്നും തൽക്കാലം സുരേഷ് ഗോപി മാറി നിൽക്കാനും സാധ്യതയുണ്ട്. കുറച്ചുകലമായി താരസംഘടനയായ അമ്മയുമായി സഹകരിച്ചാണ് സുരേഷ് ഗോപി മുന്നോട്ടു പോകുന്നത്. അമ്മയിലേക്ക് ആഘോഷപൂർവമാണ് സുരേഷ് ഗോപി മടങ്ങിയെത്തിയത്. ഇപ്പോൾ സംഘടനയുമായി കൂടുതൽ സഹകരിക്കാനും അദ്ദേഹം തയ്യാറാകുന്നു.

താരസംഘടന അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ ചേർന്നപ്പോഴും താരമായത് സുരേഷ് ഗോപിലായായിരുന്നു. ഇന്ന് തന്നെയാണ് സുരേഷ് ഗോപി തന്റെ 64ആം പിറന്നാൾ ആഘോഷിക്കുന്നതും. ഇപ്പോഴിതാ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ സുരേഷ് ഗോപിയുടെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കുടുംബസമേതമാണ് സുരേഷ് ഗോപി യോഗത്തിൽ പങ്കെടുത്തത്.

അമ്മയുടെ തന്നെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇടത്തു മോഹൻലാലും വലത്തു മമ്മൂട്ടിയെയും നിർത്തി താരങ്ങൾക്ക് നടുവിലായിരുന്നു കേക്കുമുറി. താരങ്ങൾ ഹാപ്പി ബർത്ത്‌ഡേ ആലപിച്ചപ്പോൾ സുരേഷ്‌ഗോപി കേക്കു മുറിച്ചു. മമ്മൂട്ടി ഒരു കഷ്ണം കേക്കെടുത്തു വായിൽ വെച്ചു നൽകി. പിന്നാലെ മോഹൻലാലും കേക്ക് സുരേഷ് ഗോപിക്കായി നൽകി.

ജോഷിയുടെ സംവിധാനത്തിൽ പുറതിറങാനിരിക്കുന്ന പാപ്പനാണ് സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം. ജയരാജ് സംവിധാനം ചെയ്യുന്ന ഹൈവേ എന്ന ചിത്രവും കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ടിരുന്നു. മെയ്‌ രണ്ടിന് നടന്ന അമ്മയുടെ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തുകൊണ്ടാണ് ഏറെ നാളുകൾക്ക് ശേഷം സുരേഷ് ഗോപി അമ്മയുടെ യോഗങ്ങളിൽ വീണ്ടും സജീവമായത്.

രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായിരുന്ന താരം ഒരു ഇടവേളയ്ക്ക് ശേഷം 2020 ലാണ് സിനിമയിലേയ്ക്ക് മടങ്ങിയെത്തിയത്. അനൂപ് സത്യൻ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെയായിരുന്നു മടങ്ങിവരവ്. പിന്നാലെ നിരവധി പ്രോജക്ടുകളിലൂടെ സുരേഷ് ഗോപി വീണ്ടും സജീവമായി.താരത്തിന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി നിരവധി സഹപ്രവർത്തകരും ആരാധകരും എത്തിയിട്ടുണ്ട്.

മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജോണി ആന്റണി, ഷാജി കൈലാസ്, മേജർ രവി തുടങ്ങിയവർ ആശംസകളുമായി എത്തി.ൗെൃലവെഴീുശപ്രിയപ്പെട്ട സുരേഷിന് ജന്മദിനാശംസകൾ എന്ന് മമ്മൂട്ടി കുറിച്ചു. 'കിങ് ആൻഡ് കമ്മീഷണർ' എന്ന ചിത്രത്തിലെ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി ആശംസകൾ അറിയിച്ചത്. നടൻ മോഹൻലാലും ദിലീപും ആശംസകൾ അറിയിച്ചു. സുരേഷ് ഗോപിയുടെയും തന്റെയും കുടുംബങ്ങളോടൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് സംവിധായൻ ഷാജി കൈലാസ് പിറന്നാൾ ആശംസകൾ അറിയിച്ചത്. എന്റെ മേജറിന്, എന്റെ പ്രിയപ്പെട്ട സുരേഷേട്ടന് ഒരായിരം ജന്മദിനാശംസകൾ എന്ന് സംവിധായകനും നടനുമായ ജോണി ആന്റണി കുറിച്ചു.

അതേസമയം വാർഷിക യോഗത്തിൽ മമ്മൂട്ടി, മോഹൻലാൽ, ലൈംഗിക പീഡന കേസിൽ പ്രതിയായ വിജയ് ബാബു ഉൾപ്പെടെ സിനിമ രംഗത്തെ നിരവധി പേർ പങ്കെടുത്തിരുന്നു. പ്രസിഡന്റായ മോഹൻലാലിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. അച്ചടക്ക ലംഘനം ആരോപിച്ച് നടൻ ഷമ്മി തിലകനെയും യോഗത്തിൽ പുറത്താക്കിയിട്ടുമുണ്ട്. മുൻപ് നടന്ന ജനറൽ ബോഡി യോഗം മൊബൈലിൽ പകർത്തിയതിനെ കുറിച്ച് അച്ചടക്ക സമിതിക്ക് മുമ്പാകെ ഷമ്മി തിലകൻ വിശദീകരണം നൽകിയിരുന്നില്ല. അമ്മ ഭാരവാഹികൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ ആരോപണങ്ങൾ ഉന്നയിച്ചതും അച്ചടക്ക ലംഘനമായി കണക്കാക്കിയാണ് ഷമ്മി തിലകനെ പുറത്താക്കിയത്.