സുരേഷ് ഗോപി ഇപ്പോഴും പ്രതീക്ഷയിലാണ്. മോദിജി വാക്കു പാലിക്കാതിരിക്കില്ല. രാജ്യസഭാംഗവും പിന്നീട് കേന്ദ്രമന്ത്രിയും ആക്കാമെന്നു പ്രധാനമന്ത്രി നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും താൻ ഇപ്പോഴും ആ പ്രതീക്ഷയിലാണെന്നും സുരേഷ് ഗോപി തന്നെയാണു വ്യക്തമാക്കിയത്. സുരേഷ് ഗോപി മോദിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ പിന്നിൽ മന്ത്രിമോഹം തന്നെയാണെന്ന് മുമ്പു റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സിനിമയിലെ രാഷ്ട്രീയവും സുരേഷ് ഗോപിയുടെ അഭിമുഖത്തിലൂടെ പുറത്തുവന്നിട്ടുണ്ട്.

മമ്മൂട്ടിയുടെ പേരു പറയാതെ എം എ ബേബിയെ തോൽപ്പിക്കാൻ മെഗാ സ്റ്റാർ നീക്കം നടത്തിയെന്നു സുരേഷ് ഗോപി പറയുന്നുണ്ട്. ആ ആരോപണത്തിന് അടിവരയിടാൻ ഏറ്റവും ഇഷ്ടപ്പെട്ട നടൻ മോഹൻലാലാണെന്ന പ്രസ്താവനയും സുരേഷ് ഗോപി നടത്തുന്നുണ്ട്.

തെരഞ്ഞെടുപ്പിനുമുമ്പേ തന്നെ രാജ്യസഭാംഗമാക്കാനും മന്ത്രിയാക്കാനും സാധ്യതയുണ്ടെന്ന കാര്യം മോദി സൂചിപ്പിച്ചിരുന്നുവെന്ന് മംഗളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സുരേഷ് ഗോപി പറഞ്ഞത്. ''രാജ്യസഭാമെമ്പർ സ്ഥാനം സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയെ വിമർശിച്ചതിന് തന്റെ കോലം കത്തിക്കുന്നത് വരെ എടുത്തിരുന്നില്ല. രാജ്യസഭാമെമ്പറാക്കാനും മന്ത്രിയാക്കാനുമുള്ള തീരുമാനം നരേന്ദ്ര മോദിജി തെരഞ്ഞെടുപ്പിനുമുമ്പേ സൂചിപ്പിച്ചിരുന്നതാണ്. എന്നാൽ, ഇനി അങ്ങനെ സംഭവിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല.''- സുരേഷ് ഗോപി പറയുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് സിപിഐ(എം) നേതാവ് എം എ ബേബിയെ തോൽപ്പിച്ചത് മലയാളത്തിലെ ഒരു നടൻ പ്രമുഖ സ്ഥാനം വഹിക്കുന്ന ചാനലാണെന്നും സുരേഷ്‌ഗോപി പറഞ്ഞു. മാതാ അമൃതാനന്ദമയിക്കെതിരേ ചാനൽ കൊടുത്ത പരിപാടി തിരിച്ചടിയായി. ഇക്കാര്യത്തിൽ കൊല്ലത്തെ സീറ്റ് നഷ്ടപ്പെടൽ മാത്രമായിരുന്നു നടന്റെ ആഗ്രഹമെന്നും സുരേഷ്‌ഗോപി പറഞ്ഞു.

കേരളത്തിലെ ഏറ്റവും നല്ല നേതാവ് ആരെന്ന് ചോദിച്ചാൽ മലയാള സിനിമയിൽ നല്ല നടൻ ആരെന്നു ചോദിച്ചാൽ 'മോഹൻലാൽ' എന്ന് സംശയമില്ലാതെ, ഒരേ സ്വരത്തിൽ പറയുന്നതുപോലെ വി എസ് അച്യുതാനന്ദന്റെ പേര് സന്തോഷത്തോടും അഭിമാനത്തോടും പറയുമെന്നും സുരേഷ്‌ഗോപി പറഞ്ഞു. വി എസിന്റെ ഒപ്പം നിൽക്കുന്ന മറ്റൊരു രാഷ്ട്രീയ നേതാവ് വി എം സുധീരനാണ്. അതുപോലെ ഏറ്റവും നല്ല അഞ്ച് എംഎൽഎമാരുടെ പേരിൽ ആദ്യത്തെ പേര് കെ മുരളീധരന്റേതാണെന്നും അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞു.

മംഗളത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പൂർണ രൂപം ഇതാ...

സുരേഷ്‌ഗോപി ഇപ്പോഴും തിരക്കിലാണ്. മുൻപത്തേക്കാൾ തിരക്ക്. സെറ്റിൽ നിന്നും സെറ്റിലേക്കായിരുന്നു സുരേഷ്‌ഗോപിക്ക് മുമ്പുണ്ടായിരുന്ന തിരക്കെങ്കിൽ ഇപ്പോഴത്തെ തിരക്ക് സിനിമ, കോടീശ്വരൻ, സാമൂഹിക സാംസ്‌കാരികപ്രവർത്തനം എന്നീ നിലകളിലാണ്. 1965ൽ കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത 'ഓടയിൽ നിന്ന്' എന്ന ചിത്രത്തിൽ ബാലനടനായി അഭിനയം തുടങ്ങിയ സുരേഷ്‌ഗോപിയുടെ ആഗ്രഹം നല്ല നടനാകാനായിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം സജീവമായി അഭിനയരംഗത്ത് തുടരാൻ അച്ഛനും അമ്മയും പറഞ്ഞെങ്കിലും ആഗ്രഹമനുസരിച്ച് അവസരങ്ങൾ കിട്ടിയില്ല. അതുകൊണ്ട് എം.എ. കഴിഞ്ഞ് ഐ.എ.എസിന് ശ്രമിച്ചെങ്കിലും നടന്നില്ല. തന്റെ രംഗം സിനിമയാണെന്നു തിരിച്ചറിഞ്ഞ സുരേഷ്‌ഗോപി പിന്നീട് അതിന്റെ പുറകെയായി ഓട്ടം. 

49 വർഷത്തെ അഭിനയജീവിതത്തിനിടയിൽ 200ൽ അധികം സിനിമകളിൽ അഭിനയിച്ചു. സംസ്ഥാന ദേശീയ അവാർഡുകൾ നേടിയ സുരേഷ്‌ഗോപിയെ ഓർമിക്കുന്ന സിനിമകളാണ് രാജാവിന്റെ മകൻ, ജനുവരി ഒരോർമ്മ, ഇരുപതാംനൂറ്റാണ്ട്, ന്യൂഡൽഹി, ഒരു സിബിഐ. ഡയറിക്കുറിപ്പ്, 1921, ഒരു വടക്കൻവീരഗാഥ, ഇന്നലെ, തലസ്ഥാനം, ഏകലവ്യൻ, മാഫിയ, കമ്മീഷണർ, മണിച്ചിത്രത്താഴ്, കളിയാട്ടം, സമ്മർ ഇൻ ബത്‌ലഹേം, ലേലം, വാഴുന്നോർ, പത്രം, ഭരത്ചന്ദ്രൻ ഐ.പി.എസ്., ചിന്താമണി കൊലക്കേസ്, നാദിയ കൊല്ലപ്പെട്ട രാത്രി, ലങ്ക, പതാക, രാഷ്ട്രം, കല്ലുകൊണ്ടൊരു പെണ്ണ്, കുലം, ട്വന്റി 20, ക്രിസ്ത്യൻ ബ്രദേഴ്‌സ്, 2220, കിങ് ആൻഡ് കമ്മീഷ്ണർ, സലാം കാശ്മീർ, അപ്പോത്തിക്കിരി, ഡോൾഫിൻ തുടങ്ങിയവ. 2014ൽ മൂന്നു സിനിമകളാണ് സുരേഷ്‌ഗോപിയുടേതായി റിലീസ് ചെയ്തത്. സലാം കാശ്മീരിൽ ടോമിൻ ഈപ്പൻ ദേവസ്യ, അപ്പോത്തിക്കിരിയിൽ ഡോ. വിജയ്‌നമ്പ്യാർ, ഡോൾഫിനിൽ പനയാമുട്ടം സുധ എന്നീ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.

ജയരാജ് സംവിധാനം ചെയ്ത 'കളിയാട്ട'ത്തിലെ കണ്ണൻ പെരുമലയൻ അവിസ്മരണീയമാക്കിയതിനാണ് ഏറ്റവും നല്ല നടനുള്ള ദേശീയ അവാർഡ് നേടിയത്. സാമൂഹിക സാംസ്കാരിക പ്രവർത്തനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ കോൺഗ്രസുകാരും യൂത്ത് കോൺഗ്രസുകാരും സുരേഷ്‌ഗോപിയുടെ കോലം കത്തിക്കുകയുണ്ടായി. 'കോടീശ്വരൻ' പരിപാടിയിലൂടെ ഏറെ പ്രശസ്തിനേടിയ സുരേഷ്‌ഗോപി സിനിമയും സാംസ്കാരിക പ്രവർത്തനവും ഒരുമിച്ചു കൊണ്ടുനടക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് രാഷ്ട്രീയം സിനിമ സാംസ്കാരികം അധികാരം എന്നീ വിഷയങ്ങളെക്കുറിച്ച് സുരേഷ്‌ഗോപിയോട് സംസാരിച്ചത്. മണിക്കൂറുകൾ നീണ്ടുനിന്ന അഭിമുഖത്തിൽ നിന്നും എടുത്ത പ്രസക്തഭാഗങ്ങളാണ് ഇവിടെ കൊടുക്കുന്നത്.

? സിനിമാനടൻ എന്ന നിലയിൽ നിന്നും രാജ്യം ശ്രദ്ധിക്കപ്പെടുന്ന സാമൂഹികപ്രവർത്തകൻ എന്ന നിലയിലേക്ക് എത്തപ്പെടാനുണ്ടായ കാരണം എന്താണ്

നമ്മുടെ നാട്ടിലെ അധ:സ്ഥിതരെ കൂടുതൽ നാശത്തിലേക്ക് കൊണ്ടെത്തിക്കുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം 'വളരുക ജന്മനാടേ' എന്നു പറയുന്നതിനു പകരം 'തളർത്തും ജന്മനാടിനെ' എന്നു പറയുന്ന രീതിയിൽ കാര്യങ്ങൾ എത്തിച്ചിരിക്കുന്നു. അത് കണ്ടുനിൽക്കുമ്പോൾ, അതിനെക്കുറിച്ച് മനസിലാക്കി വരുമ്പോൾ പെട്ടെന്നൊരു വ്യഗ്രതയുണ്ടാകും. ഇതെല്ലാം ഇപ്പോൾത്തന്നെ തടയണം. അല്ലെങ്കിൽ കൂടുതൽ ദുരന്തത്തിലേക്ക് അധ:സ്ഥിതരുടെ ജീവിതം പൊയ്‌ക്കൊണ്ടേയിരിക്കും. അവരുടെ എണ്ണം കൂടാതെയോ കുറയാതെയോ തുടരും. അല്ലെങ്കിൽ കൂടിയും കുറഞ്ഞുമിരിക്കും. അപ്പോൾ അതുണ്ടാകണമെങ്കിൽ ഒരവബോധം സൃഷ്ടിക്കേണ്ടത് ഉള്ളവന്റെ മേഖലയിലാണ്. ഉള്ളവനായി നിന്നുകൊണ്ട് അതു ചെയ്താൽ ഇഫക്ടീവാകുമെന്നു തോന്നിയതുകൊണ്ടാണ് ഞാൻ ഈ രംഗത്ത് സജീവമായത്.

? ഈ രാജ്യത്ത് അധ:സ്ഥിതവർഗത്തിനുവേണ്ടി പോരാടിയതും അവരോടൊപ്പം നിന്നതും കമ്യൂണിസ്റ്റുപാർട്ടിയാണ്. ഇതെല്ലാം മറന്നുകൊണ്ടല്ലെ താങ്കൾ സംസാരിച്ചത്

അവരും ചെയ്‌തോട്ടെ. ഇതെല്ലാം കമ്യൂണിസ്റ്റുപാർട്ടിയുടെ മാത്രം അവകാശമാണെന്ന് എന്തിനു ചിന്തിക്കുന്നു? എന്റെ പ്രവൃത്തികളിൽ നിങ്ങൾക്ക് കമ്മ്യൂണിസമോ സോഷ്യലിസമോ ആന്റി ക്യാപ്പിറ്റലിസമോ ചിലപ്പോൾ തോന്നിയെന്നുവരാം. പക്ഷെ, ഞാനീ പറയുന്ന രണ്ട് ജീവിതരീതി, എന്റെ പ്രവർത്തനംകൊണ്ട് ചിലപ്പോൾ മാറ്റമുണ്ടായെന്നുവരാം. എനിക്കങ്ങനെ വിചാരിച്ചുകൂടെ? ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ വ്യാകുലത ഉണ്ടാകേണ്ടതും ക്യാപ്പിറ്റലിസ്റ്റുകൾക്കാണ്. ക്യാപ്പിറ്റലിസ്റ്റ് സമൂഹം തഴച്ചുവളർന്ന് മറ്റുള്ളവർക്ക് ഒന്നു കാണാൻപോലും കഴിയാത്തതരത്തിൽ ഉയരത്തിലേക്ക് എത്തിയാൽ താഴെ ഞാൻ നിലയുറപ്പിച്ചിരിക്കുന്ന മണ്ണിനുനേരെയുള്ള കലാപശബ്ദം, പ്രവർത്തനം എന്നു പറയുന്നത് എന്നെ പാടേ വീഴ്‌ത്തും.

അതുകൊണ്ട് രാജ്യം എങ്ങോട്ടാണ് പോകുന്നതെന്ന ഭയപ്പാട് ക്യാപ്പിറ്റലിസ്റ്റുകൾക്കുണ്ടാകണം. ക്യാപ്പിറ്റലിസ്റ്റുകൾ എന്നു പറയുന്നവർ നേരായ മാർഗത്തിൽ പണമുണ്ടാക്കിയവരാകണം. അല്ലാതെ കള്ളുകച്ചവടക്കാരോ മറ്റു തെറ്റായരീതിയിൽ പണം സമ്പാദിച്ചവരോ ആകരുത്. കാരണം ഞാൻ ക്യാപ്പിറ്റലിസ്റ്റ് സമൂഹത്തിന്റെ ഉള്ളിൽ പെട്ടുപോയ ആളാണ്. അതുകൊണ്ടാണ് ഇത്രയും വ്യക്തമായി പറഞ്ഞത്.

അധ:സ്ഥിതർക്കുവേണ്ടി ശബ്ദമുയർത്തിയവരാണ്, അല്ലെങ്കിൽ ഇപ്പോഴും അങ്ങനെ അവകാശപ്പെടുന്നവരാണ് നക്‌സലൈറ്റുകളും മാവോവാദികളും. പക്ഷേ, അവരങ്ങനെ പറയുമ്പോൾ മറ്റു വ്യാഖ്യാനങ്ങൾ നൽകിയാണ് അവരെ ക്രൂശിക്കാൻ ശ്രമിക്കുന്നത്
അധ:സ്ഥിതർക്കുവേണ്ടി ശബ്ദമുയർത്തുമ്പോൾ മുഷ്ടിയുടെ ബലം, ആഘാതം അതാണ് വേണ്ടത്. അല്ലാതെ ശരീരം ഛിന്നഭിന്നമാക്കുന്ന, കൊലപാതകങ്ങളിൽ ഭീതിനിറയ്ക്കുന്ന രാഷ്ട്രീയക്കാരന്റെ കുതന്ത്രമായി മാറാൻ പാടില്ല. മാവോവാദികളായാലും നക്‌സലൈറ്റുകളായാലും അധ:സ്ഥിതർക്കുവേണ്ടി വാദിക്കുമ്പോഴും പ്രവർത്തിക്കുമ്പോഴും രക്തച്ചൊരിച്ചിലുകളോ സായുധവിപ്ലവമോ ഉണ്ടാക്കാൻപാടില്ല. അതേസമയം 'മുഷ്ടി'യുടെ ശക്തി എന്താണെന്ന് ഭരണകർത്താക്കളെ അറിയിക്കണം.

? നമ്മുടെ നാട്ടിൽ മാവോയിസ്റ്റുകൾ ഉണ്ടോ!

എനിക്കു തോന്നുന്നില്ല. ഭരണത്തിലെ വീഴ്ചകൾ മറച്ചുവയ്ക്കാനാണ് മാവോയിസ്റ്റുകൾ ഉണ്ടെന്നും, അവർ അക്രമം അഴിച്ചുവിട്ടിരിക്കുന്നതെന്നും പ്രചരിപ്പിക്കുന്നത്. മാവോയിസ്റ്റുകൾ ഉണ്ടെങ്കിൽ എന്തുകൊണ്ടാണ് അവരെ അറസ്റ്റുചെയ്യാത്തത്? ഒരുതരം പുകമറ സൃഷ്ടിച്ച് ഭരണത്തിന്റെ കറുത്തമുഖംമൂടി വയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെല്ലാം. അതുകൊണ്ട് മാവോയിസ്റ്റുകൾ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണി എന്നു പറയുന്നതിൽ ഒരർത്ഥവുമില്ല. വിവരമില്ലായ്മ എന്നുപറയുന്ന വാക്കിന്റെ അർത്ഥമറിയാത്തവരാണ് ഭാവിയിലെ നമ്മുടെ നാടുഭരിക്കാൻ പോകുന്നവർ. വിവരമില്ല എന്നു പറഞ്ഞാൽ, എന്താണ് ഇൻഫർമേഷൻ ടെക്‌നോളജി? വിവരസാങ്കേതികവിദ്യ. ഇൻഫർമേഷൻ ഇല്ല എന്നാണ് വിവരമില്ല എന്നു പറഞ്ഞാൽ അർത്ഥം. അതു മനസിലാക്കാൻ പറ്റാത്തവരും, കോലം കത്തിക്കാൻ മാത്രം അറിയാവുന്നവരുമായിപ്പോയി ഇവിടെ പലരും. രാഷ്ട്രീയത്തിലെ തൊലിക്കട്ടി അളക്കാൻ ഒക്കത്തില്ല. കോലം കത്തിച്ചാൽ അവൻ അതുകൊണ്ട് വളരുകയാണ്. എന്നാൽ, എന്റെ കോലം കത്തിച്ചപ്പോൾ ഹൃദയമാണ് കത്തിപ്പോയത്.

? സുരേഷ്‌ഗോപിയുടെ കോലം കത്തിക്കാൻ എന്താണ് കാരണം

നാടിന്റെ വികസനത്തിന് ഒപ്പം നിൽക്കേണ്ട മുഖ്യമന്ത്രി അതിൽ നിന്നും വ്യതിചലിച്ചെന്ന് മനസിലാക്കിയപ്പോഴാണ് ഒരു പൗരൻ എന്ന നിലയിൽ ഞാൻ പ്രതികരിച്ചത്. അതിന് വിവരംകെട്ട ചിലർ എന്റെ കോലം കത്തിച്ചു. അതിൽ എനിക്കു വല്ലാത്ത വേദനയുണ്ട്.

? പിന്നെന്തിനാണ് മാപ്പു പറഞ്ഞത്

ഞാൻ ഒരിടത്തും മാപ്പു പറഞ്ഞില്ല. അതേസമയം ഉമ്മൻ ചാണ്ടിക്കത് പേഴ്‌സണലായി കൊണ്ടു എന്ന് തിരുവഞ്ചൂർ പറഞ്ഞപ്പോഴാണ് എനിക്ക് മനസിലായത്. ഞാൻ വിമർശിച്ചത് ഉമ്മൻ ചാണ്ടിയെയല്ല ഈ നാടിന്റെ മുഖ്യമന്ത്രിയെയാണ്. ഒരു ജനതയുടെ മുഴുവൻ മുഖ്യൻ എന്നു പറഞ്ഞിരിക്കുന്ന ആള് വിവരം ഇല്ലാതെ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ അതു ചോദ്യം ചെയ്യാൻ ഇവിടത്തെ ഒരു യാചകനുപോലും അവകാശമുണ്ട്. വിവരമില്ലായ്മയുടെ അർത്ഥം ഒ.എൻ.വി സാറിനെപ്പോലുള്ളവരോടും ചോദിച്ചു പഠിച്ചാൽ നന്നായിരിക്കും.

? സുരേഷ്‌ഗോപിക്ക് രാഷ്ട്രീയം ഉണ്ടായിരുന്നില്ലേ

പണ്ട് ഞാൻ എസ്.എഫ്.ഐ.യിൽ പ്രവർത്തിച്ചിരുന്നു. എന്റെ സുഹൃത്തുക്കൾ എല്ലാവരും എസ്.എഫ്.ഐ.ക്കാരായിരുന്നു. അതുകൊണ്ട് മാത്രമാണ് ഞാനും എസ്.എഫ്.ഐ.ക്കാരനായത്. അന്ന് സിപിഐ(എം). നേതാവായ എം.എ. ബേബി കോളജിൽ വന്ന് ഉദ്‌ബോധന ക്ലാസെടുത്തപ്പോൾ 'കൊള്ളാം' എന്നു തോന്നി. അന്നേരം എന്റെ ഹൃദയത്തിൽ ഇരിക്കുന്നത് ഇന്ദിരാഗാന്ധിയാണ്. ഇന്ദിരാഗാന്ധിയെ തെറിവിളിച്ചുകൊണ്ടുള്ള ഒരു സമരത്തിലും ഞാൻ പങ്കെടുത്തിട്ടില്ല.

? അതെന്താണ് താങ്കൾക്കു രണ്ടു നയം

അത് നയമല്ലല്ലോ, നമ്മുടെ ഇഷ്ടങ്ങളല്ലെ. ഒരു വീട്ടിൽ അച്ഛനെ ഇഷ്ടപ്പെടുക, അമ്മയെ ഇഷ്ടപ്പെടുക എന്നു പറഞ്ഞാൽ രണ്ടു നയമാണെന്നാണോ അർത്ഥം? അതും ഇതും വ്യത്യാസമുണ്ട്. ഒരു വശത്ത് കമ്മ്യൂണിസ്റ്റ് ആദർശവും മറുഭാഗത്ത് കോൺഗ്രസ് ആദർശവുമാണ്. ഇതിനിടയിൽ മനുഷ്യനിസം എന്നുപറഞ്ഞ ഒന്നില്ലേ? രാജ്യം എന്നുപറഞ്ഞ ഒന്നില്ലെ? എന്നിൽ ഉണ്ടായിരുന്നത് അന്തർദ്ദേശീയ ഇസമാണ്. ഇന്ദിരാഗാന്ധിയെ, ഒരമേരിക്കൻ പ്രസിഡന്റ് ഭയപ്പാടോടെയാണെങ്കിലും കസേര നൽകിയില്ലെ? ഭയപ്പാടോടെ ബഹുമാനിച്ചു എന്നു തന്നെ വിചാരിച്ചോളൂ. അങ്ങനെ ഒരു പുറംചട്ട പുറംലോകം കണ്ടില്ലെ? അപ്പോൾ ഇന്ദിരാഗാന്ധി ആരാണ്. അതിനുശേഷം ഞാൻ വാജ്‌പേയിയെ ബഹുമാനിച്ചിരുന്നു. അത് അദ്ദേഹത്തിന്റെ ബഹുമുഖപ്രതിഭ. അദ്ദേഹത്തിന്റെ ലാളിത്യവും ശുദ്ധതയും എന്നെ ആകർഷിച്ചു.

? ലീഡറായിട്ട് അടുപ്പമുണ്ടായിരുന്നല്ലൊ

ലീഡറാണ് കേരളത്തിന്റെ ഭരണ അനുഗ്രഹം. ലീഡറെക്കുറിച്ച് പലർക്കും പല അഭിപ്രായമാണ്. ചിലർ അദ്ദേഹത്തെ കള്ളൻ എന്നു പറഞ്ഞിട്ടുണ്ട്. അദ്ദേഹം കള്ളനായിക്കോട്ടെ, അദ്ദേഹം ഭരിച്ചപ്പോൾ ജനങ്ങൾക്ക് കിട്ടേണ്ടത് കിട്ടിയിരുന്നു. ഇന്നതില്ല.

? പിന്നീട് താങ്കൾ കളംമാറി ചവിട്ടി, വി എസ്. അച്യുതാനന്ദന്റെ കൂടെയായി

'നിങ്ങളീ കൂടെയായി' എന്നു വിചാരിക്കാതെ. വി എസ്. ചെയ്യുന്ന പല ഇടപെടലുകളും നീതിക്കും ന്യായത്തിനും വേണ്ടിയായിരുന്നു. അതുകൊണ്ട് വി എസ്. പറഞ്ഞത് ശരിയാണെന്ന് ഞാനും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശരി ചെയ്താൽ, ജനങ്ങൾക്ക് ഗുണകരമായ രീതിയിൽ ഭരിച്ചാൽ ഞാൻ മോദിക്കൊപ്പം നിൽക്കും. ജ്യോതിബസുവിന്റെ മകൻ ശരിചെയ്താൽ ഞാനവിടെ നിൽക്കും. ഒരു വോട്ടർ ചെയ്യുന്നതെന്താണ്? സ്ഥിരമായി ഒരു മുന്നണിക്കു മാത്രം വോട്ടു ചെയ്യുന്നില്ലല്ലോ. അവർ മാറിമാറി വോട്ടു ചെയ്യുകയല്ലെ! അവരുടെ കൂട്ടത്തിൽപ്പെടുന്ന ഒരു വോട്ടറാണ് ഞാൻ.നിങ്ങൾ സുരേഷ്‌ഗോപിയെ വിടുക. സുരേഷ്‌ഗോപിയായതുകൊണ്ട് എനിക്കു ഒരു പക്ഷം വേണമെന്ന് നിർബന്ധിക്കുന്നതെന്തിന്!

? സുരേഷ്‌ഗോപി ജനപ്രിയതലങ്ങളിലേക്ക് എത്തപ്പെടാൻ ഒരു പ്രതലം വേണ്ടേ

ഞാൻ ഒരു പോയിന്റിലേക്ക് പാതവെട്ടുന്നില്ല. ഞാൻ ജനിച്ചിടത്തുനിന്നും മരിക്കാൻ വേണ്ടിയുള്ള യാത്രയിലേക്ക് പോകുന്നു അത്രമാത്രം. ഇതിനിടയിൽ ഒരു നടൻ എന്ന നിലയ്ക്കുള്ള സംഭാവന നൽകി, ആ സംഭാവനയിലൂടെ ഒരു ജനകീയ പരിപാടി അവതരിപ്പിച്ചുള്ള വഴി വേറെ ചില ഉത്തരവാദിത്വങ്ങൾ ഉണ്ട് എന്ന് എന്റെ ഹൃദയത്തോടു പറയുന്നു. ചരിത്രപരമായ ചില സാന്നിധ്യങ്ങൾ രേഖപ്പെടുത്താൻ ഉതകുന്ന രീതിയിലുള്ള ചില സംഭാവനകൾ നടത്തേണ്ടതുണ്ട്. അത്രമാത്രമാണ് ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്നത്.

? ഇപ്പോൾ കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കുറെ വൃത്തികെട്ട സംസ്‌ക്കാരത്തിനെതിരേ പ്രതികരിക്കാത്തതെന്താണ്

പേടിച്ചിട്ടാണ്.

? ആരെ

ഇപ്പോഴത്തെ പിള്ളാരെ. അവർ യേശുദാസിന്റെ തന്തയ്ക്കും തള്ളയ്ക്കും വരെ വിളിച്ചു. അതുകൊണ്ട് പേടിച്ചിട്ടാണ് പ്രതികരിക്കാത്തത്.

? സുരേഷ്‌ഗോപിയെപ്പോലൊരു വലിയ മനുഷ്യൻ പിള്ളേരെ പേടിച്ചാൽ കഷ്ടമാണ്

ഞാൻ തൽക്കാലം പേടിക്കുന്നത് എന്നിലെ സിംഹം ഉണരാതിരിക്കാനാണ്. എന്നെ തെറിവിളിച്ചാൽ വിളിക്കുന്നവന്റെ കുടുംബം ഞാൻ തൊലച്ചുകളയും. അതൊക്കെ ഒഴിവാക്കാനാണ് ഞാൻ ഭയം നടിക്കുന്നത്.

? സുരേഷ്‌ഗോപി ആദ്യം ലീഡർക്കൊപ്പമായിരുന്നു. പിന്നീട് വി എസ്. അച്യുതാനന്ദന്റെ കൂടെയായി. ഇപ്പോൾ നരേന്ദ്ര മോദിയുടെ സ്വന്തം ആളെന്നനിലയിൽ അറിയപ്പെടുന്നു

ഞാൻ കമ്മ്യൂണിസ്റ്റുകാരനോ കോൺഗ്രസുകാരനോ ബിജെപിക്കാരനോ അല്ല. എനിക്കു വ്യക്തികളാണ് പ്രധാനം.

? പക്ഷെ, സുരേഷ്‌ഗോപി ബിജെപി.യിൽ ചേരുമെന്നും രാജ്യസഭാമെമ്പർ സ്ഥാനം നൽകി മന്ത്രിസഭയിൽ എടുക്കുമെന്നും വിശ്വാസകേന്ദ്രങ്ങളിൽ നിന്നും ലഭിച്ചു. ഇതിനെക്കുറിച്ച് എന്തുപറയുന്നു

ഞാൻ മുമ്പ്, അതായത് എന്റെ കോലം കത്തിക്കുന്ന നിമിഷംവരെ അങ്ങനെ ഒരു തീരുമാനം എടുത്തിരുന്നില്ല. ഒരു പൗരൻ എന്ന നിലയിൽ മുഖ്യമന്ത്രിയെക്കുറിച്ച് എനിക്കു തോന്നിയ ഒരു പരാതി പറഞ്ഞതിനാണ് എന്റെ കോലം കത്തിച്ചത്. മാനസികമായി എന്നെ വളരെയേറെ വേദനിപ്പിച്ച സംഭവമാണത്. അതിനുശേഷം ഞാൻ കടുത്ത തീരുമാനങ്ങൾ എടുക്കണമെന്ന് തീരുമാനിച്ചെങ്കിലും നടന്നില്ല. ഒരു പക്ഷെ, വരും നാളുകളിൽ ഞാൻ കടുത്ത തീരുമാനം എടുത്തേക്കും. രാജ്യസഭാമെമ്പറാക്കാനും മന്ത്രിയാക്കാനുമുള്ള തീരുമാനം നരേന്ദ്ര മോദിജി തെരഞ്ഞെടുപ്പിനുമുമ്പേ സൂചിപ്പിച്ചിരുന്നതാണ്. എന്നാൽ, ഇനി അങ്ങനെ സംഭവിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല.

? ബിജെപി. മന്ത്രിസഭയിൽ ചേരും എന്നല്ലെ അതിനർത്ഥം

വേറെ വല്ല അർത്ഥമുണ്ടോ എന്ന് എനിക്കറിഞ്ഞുകൂടാ. ഞാനങ്ങനെ ചെയ്താൽ അതിന് പ്രധാന കാരണക്കാർ എന്റെ കോലം കത്തിച്ചവർ മാത്രമായിരിക്കും. പക്ഷെ, കേരളത്തിനുവേണ്ടി ചില കാര്യങ്ങൾ ചെയ്യണമെങ്കിൽ എനിക്ക് മോദിജിയുടെ കൂടെ നിൽക്കണം. അതിൽ സ്വാർത്ഥതയില്ല, കക്ഷിരാഷ്ട്രീയമില്ല, ജനങ്ങൾക്കുവേണ്ടി അധികാരം കൊണ്ട് സേവനം ചെയ്യുന്നതും അധികാരമില്ലാതെ സേവനം ചെയ്യുന്നതും വ്യത്യാസമുണ്ടായിരിക്കും.

? മോദിയുടെ ഭരണത്തെക്കുറിച്ച്

മോദിജി ഒന്നിരുന്നിട്ടില്ലല്ലൊ. സാങ്കേതികമായിട്ട് പ്രവർത്തിച്ച് ശരിയാക്കാനുള്ള പ്‌ളാറ്റ്‌ഫോമുകൾ മാത്രമാണ് ഒരുക്കുന്നത്. അത് അടിയൊഴുക്കുപോലെയാണ്, കടലില്. നമുക്ക് കാണാൻ കഴിയില്ല. അതു മുഴുവൻ ഒരുക്കിവച്ചശേഷം മാത്രമേ നമ്മൾ കാണുന്ന ഈ പ്രതലത്തിലുള്ള ചില വളർച്ചകളായിട്ട് പതിയെ വരൂ.

? കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ സിപിഐ(എം)., ബിജെപി. അടക്കമുള്ള രാഷ്ട്രീയപാർട്ടികൾ താങ്കളെ സ്ഥാനാർത്ഥിയാക്കാൻ ശ്രമിച്ചിരുന്നു. എന്നിട്ടും വഴുതി നടന്നു

അതെ. ലോകസഭയിൽ മത്സരിക്കുക എന്നത് എന്റെ ഉദ്ദേശമല്ലായിരുന്നു.

? കള്ളം പറയുന്നു

കള്ളം പറയുകയല്ല, സത്യമാണ്.

? താങ്കൾ ജനകീയ നേതാവാണെന്നു പറയുമ്പോൾ പുറകിൽ ജനങ്ങളുണ്ടോ

ഉണ്ട്. എന്റെ പിന്നിലും ജനങ്ങൾ ഉണ്ട്. തൽക്കാലം ഇത്രമാത്രം മനസിലാക്കിയാൽ മതി. കാര്യങ്ങൾ പിന്നീട് മനസിലാകും.

? ഭരണം പിടിച്ചടക്കാൻ നിരവധി അവസരങ്ങൾ ഉണ്ടായിട്ടും പ്രതിപക്ഷം അതു ചെയ്തില്ലെന്നു തോന്നിയോ

ഇത്തരം ചോദ്യങ്ങൾക്ക് ഞാൻ ഉത്തരം പറയാൻ ആഗ്രഹിക്കുന്നില്ല.

? പേടിയായിട്ടാണോ

അല്ല. ഭരിക്കുന്നതും പ്രതിപക്ഷത്തിരിക്കുന്നതും എന്റെ ജോലിയല്ല. എന്നാൽ സത്യം പറയാം, ഭരണം അട്ടിമറിക്കാൻ ശ്രമിച്ചതും ശ്രമിച്ചുകൊണ്ടിരിക്കുന്നതും പ്രതിപക്ഷമല്ല.

? പിന്നെ ആര്

ആരാണെന്ന് ഞാൻ പറയണോ? ലീഡറുടെ കാലുവാരിയത് ആരാണ്? ലീഡറെ മുഖ്യമന്ത്രിക്കസേരയിൽ നിന്നും ഇറക്കിവിട്ടത് ആരാണ്? പ്രതിപക്ഷമാണോ?

? അവരുടെ പേരു പറയാമോ

ഞാനാരുടേയും പേരു പറയില്ല. പക്ഷെ, അന്നു ചെയ്തതിന്റെ ഫലം ഇന്ന് ചിലർ അനുഭവിച്ചുകൊണ്ടിരിക്കുന്നു.

? ഉമ്മൻ ചാണ്ടിയെയാണോ ഉദ്ദേശിച്ചത്

(നീണ്ടചിരിയിൽ) ഞാൻ ആരുടേയും പേരു പറയില്ലെന്നു പറഞ്ഞതാണല്ലോ. ബുദ്ധിയുള്ളവർ കണ്ടുപിടിക്കട്ടെ.

? വി എസ്. അച്യുതാനന്ദനെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച വ്യക്തിയാണ് സുരേഷ്‌ഗോപി. എന്താണ് വി.എസിന് അമിതമായ പ്രാധാന്യം കല്പിക്കാൻ കാരണം

ഹൃദയശുദ്ധിയുള്ള നേതാവാണ്, മനുഷ്യസ്‌നേഹിയാണ് സ: വി എസ്. അച്യുതാനന്ദൻ. അദ്ദേഹമാണ് ഭാരതത്തിലെ പ്രതിപക്ഷനേതാവായിരിക്കാൻ യോഗ്യതയുള്ള ആൾ. അതിനുള്ള അവസരമാണ് ഉണ്ടാക്കേണ്ടത്.

? നായനാരേക്കാൾ ഹൃദയശുദ്ധി ഉണ്ടെന്നാണോ

സംശയമെന്ത്! നായനാരേക്കാൾ ഹൃദയശുദ്ധിയുള്ള ആളാണ് വി എസ്. ഇക്കാര്യം ഞാൻ എവിടെയും പറയാം.

? പാർട്ടിക്കകത്തു നിൽക്കുമ്പോൾ പാർട്ടി വിരുദ്ധപ്രവർത്തനങ്ങൾ ചെയ്യാൻ പാടുണ്ടോ

അതൊക്കെ പാർട്ടിയുടെ ഇന്നർ പൊളിറ്റിക്‌സാണ്. അതിൽ കൈകടത്താനോ അഭിപ്രായം പറയാനോ എനിക്ക് താല്പര്യമില്ല.

? എല്ലാവരേയും സുഖിപ്പിക്കാനുള്ള തന്ത്രം, അല്ലെ

എല്ലാവരേയും സുഖിപ്പിച്ചിട്ട് എനിക്കെന്തു കാര്യം. എന്റെ പ്രവർത്തനങ്ങൾ എല്ലാവരേയും സുഖിപ്പിക്കുന്നില്ലല്ലോ. എന്റെ കോലം കത്തിച്ചത് ഞാൻ എല്ലാവരേയും സുഖിപ്പിച്ചതുകൊണ്ടാണോ?

? കേരളത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന നല്ല രാഷ്ട്രീയനേതാവ് ആരാണ്

വി എസ്. അച്യുതാനന്ദൻ. മലയാള സിനിമയിൽ നല്ല നടൻ ആരെന്നു ചോദിച്ചാൽ 'മോഹൻലാൽ' എന്ന് സംശയമില്ലാതെ, ഒരേ സ്വരത്തിൽ പറയുന്നതുപോലെയാണ് ഞാൻ വി എസ്. അച്യുതാനന്ദന്റെ പേര് സന്തോഷത്തോടും അഭിമാനത്തോടും പറയുന്നത്. വി.എസിന്റെ ഒപ്പം നിൽക്കുന്ന, നിർത്തുന്ന മറ്റൊരു രാഷ്ട്രീയ നേതാവ് വി എം. സുധീരനാണ്. അതുപോലെ ഏറ്റവും നല്ല 5 എംഎ‍ൽഎ. മാരുടെ പേരിൽ ആദ്യത്തെ പേര് കെ. മുരളീധരന്റേതാണ്. അദ്ദേഹത്തിന്റെ മഹത്വംകൊണ്ടല്ല, പ്രവർത്തനംകൊണ്ടാണ് ഞാൻ ഇങ്ങനെ പറഞ്ഞത്. ഊണും ഉറക്കവും ഇല്ലാതെ ജനങ്ങൾക്കുവേണ്ടി കെ. മുരളീധരൻ പ്രവർത്തിക്കുന്നത് ഞാൻ ശാസ്തമംഗലത്തിരുന്നുകൊണ്ട് കാണുകയാണ്.

? അങ്ങനെയെങ്കിൽ വി എസ്. അച്യുതാനന്ദന്റെ പാർട്ടിയും വി എം. സുധീരന്റെ പാർട്ടിയും ഒരുമിക്കേണ്ടതല്ലെ

ജനങ്ങൾക്ക് ഒരു പക്ഷേ, ഇതുകൊണ്ട് ഗുണമുണ്ടായിരിക്കും. പക്ഷേ, ഞാനതു പറയുമ്പോൾ സുരേഷ്‌ഗോപിക്ക് മാർക്‌സിസം എന്താണെന്നും പത്തുതൊണ്ണൂറുവർഷക്കാലം കൊണ്ട് സ്വന്തം അച്ഛന്റെ പാരമ്പര്യം കൂടി പാർട്ടി അണി എന്ന നിലയ്ക്ക് ചേർത്താൽ നൂറുവർഷം പാരമ്പര്യമുള്ള എന്റെ ചോരയിലെ മാർക്‌സിസം അറിയാത്തുകൊണ്ടാണ് വി എം. സുധീരനുമായി എന്നെ ചേർത്തത് എന്ന് വി എസ്. പറഞ്ഞാൽ.

? താങ്കളുടെ ആഗ്രഹമല്ലെ പറയുന്നത്?

അതുകൊണ്ട് എന്താ ഞാനിങ്ങനെയാണ്. അതേസമയം 140 എംഎ‍ൽഎ. മാരിൽ നിന്ന് മികച്ച 20 എംഎ‍ൽഎ. മാരെ എടുത്ത് മന്ത്രിസഭ ഉണ്ടാക്കട്ടെ. ഉണ്ടാക്കണം എന്നാണ് പ്രജ എന്ന നിലയിൽ എന്റെ ആഗ്രഹം. എങ്കിൽ മാത്രമേ ജനകീയമന്ത്രിസഭയാകൂ.

? എ.കെ. ആന്റണിയെക്കൊണ്ട് ഒരു പാപം ചെയ്യിച്ചെന്നു താങ്കൾ പറഞ്ഞിരുന്നു. എന്താണ് ആ പാപം

എ.കെ. ആന്റണി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേദിവസം എന്നെ കന്റോൺമെന്റ് ഹൗസിലേക്ക് വിളിപ്പിച്ചു. ഞാനപ്പോൾ നിർമ്മാതാക്കളായ സുരേഷ്‌കുമാർ, കല്ലിയൂർ ശശി എന്നിവരെയും കൂടെ കൊണ്ടുപോയി. ഞങ്ങളെ കണ്ടപ്പോൾ എ.കെ. ആന്റണി ചോദിച്ചു. 'എല്ലാവരും സിനിമാക്കാരണല്ലോ. എന്താണ് സിനിമാക്കാർക്കുവേണ്ടി ചെയ്യേണ്ടത്. ഞാനപ്പോൾ പറഞ്ഞു. 'സാംസ്കാരികവകുപ്പ് ഒരു അലയൻസ് പാർട്ട്ണർക്കു കൊടുക്കരുത്. ഒരു രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ് സാംസ്കാരികവകുപ്പാണ്. അത് കോൺഗ്രസ് കൈയിൽ വയ്ക്കണം.' അവിടെവച്ച് പുള്ളി അതംഗീകരിച്ചു. സാംസ്‌കാരികവകപ്പിന്റെ മന്ത്രിയായി അന്നു കൊണ്ടു വന്നത് ജി. കാർത്തികേയനെയായിരുന്നു. പക്ഷേ, അതിനകത്ത് മനംനൊന്തുപോയത് ടി.എം. ജേക്കബ് ആണ്. സിനിമാക്കാർക്കുവേണ്ടി കുറെ നല്ല കാര്യങ്ങൾ ചെയ്ത നല്ല വ്യക്തിയാണ്. ഫാസിലിന്റെ മണിച്ചിത്രത്താഴിന്റെ ചില കാര്യങ്ങൾക്കുവേണ്ടി ഞാനാണ് അന്നത്തെ സാംസ്കാരികവകുപ്പുമന്ത്രിയായിരുന്ന ടി.എം. ജേക്കബിനെ കണ്ടത്. ടി.എം. ജേക്കബ് ഇല്ലായിരുന്നെങ്കിൽ 'മണിച്ചിത്രത്താഴ്' എന്ന സിനിമയുടെ ചിത്രീകരണം നടക്കില്ലായിരുന്നു. തക്കലയിലെ പത്മനാഭപുരം പാലസ് ആർ.എസ്.എസുകാരെ പിടിച്ചിട്ടാണ് ശരിയാക്കിയത്. ഫാസിലും ശോഭനയും ചെന്നപ്പോൾ തടഞ്ഞതാണ്. അന്ന് എന്റെ മകൻ ഗോകുലിന്റെ നൂലുകെട്ടായിരുന്നു. അവർ ആ ചടങ്ങ് അറ്റന്റ് ചെയ്തിട്ടുപോയി. ഞാൻ രാത്രി പോകാനിരുന്നതാണ്. എന്നാൽ ഫാസിൽ കാര്യം വിളിച്ചു പറഞ്ഞപ്പോൾ ഉച്ചകഴിഞ്ഞ് അവിടെച്ചെന്ന് ആർഎസ്എസ്. നേതാക്കളെ ചെന്നുകണ്ട് സമ്മതിപ്പിച്ചു. പത്മനാഭപുരം പാലസിന്റെ ഇന്റീരിയർ ആയിരുന്നു ഹിൽപാലസിൽ ചിത്രീകരിച്ചത്. ഓരോ സ്ഥലത്തും ഞങ്ങളോടൊപ്പം ടി.എം. ജേക്കബ് വന്ന് അനുയോജ്യമായ സ്ഥലം അനുവദിച്ചുതന്നു. അങ്ങനെ ബന്ധമുള്ള ഒരാൾക്കാണ് അന്ന് സാംസ്കാരികവകുപ്പ് കൊടുക്കാതെ ജി. കാർത്തികേയന് ലഭിച്ചത്. അറിയാതെയാണെങ്കിലും അങ്ങനെ ഒരു പാപം ഞാൻ ചെയ്തു. അതുപിന്നെ ഞങ്ങൾക്ക് ദ്രോഹമായി ഭവിച്ചു.

? അതെങ്ങനെ

2004 ൽ 'അമ്മ'യും പ്ര?ഡ്യൂസേഴ്‌സ് അസോസിയേഷനുമായി തെറ്റി. സന്ധിസംഭാഷണത്തിനിടയിൽ 'അമ്മ'യ്ക്ക് ദ്രോഹമുണ്ടാക്കുന്ന തീരുമാനമാണ് ജി. കാർത്തികേയൻ എടുത്തത്. ആന്റണിക്കുപോലും ഞങ്ങളെ സഹായിക്കാൻ കഴിഞ്ഞില്ല. ടി.എം. ജേക്കബ് ആയിരുന്നെങ്കിൽ നിഷ്പക്ഷമായ ഒരു തീരുമാനം എടുക്കുമായിരുന്നു. 'അമ്മ' യ്‌ക്കെതിരായ നിലപാടെടുത്തതുകൊണ്ട് ജി. കാർത്തികേയന്റേത് മോശപ്പെട്ട വ്യക്തിത്വമാണെന്ന് വിചാരിക്കരുത്. മാന്യനായ രാഷ്ട്രീയനേതാവ് തന്നെയാണ് ജി. കാർത്തികേയൻ.

? എം.എ. ബേബി എസ്.എഫ്.ഐ. നേതാവായിരുന്നപ്പോൾ എസ്.എഫ്.ഐക്കാരനായിരുന്നു സുരേഷ്‌ഗോപി. എന്നാൽ ലോകസഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്തു നിന്നും ബേബി മത്സരിച്ചപ്പോൾ കൊല്ലംകാരൻ കൂടിയായ സുരേഷ്‌ഗോപി ഒരുദിവസം പോലും ബേബിക്കുവേണ്ടി പ്രവർത്തിക്കാൻ ഇറങ്ങിയില്ല.

എം.എ. ബേബി പാർട്ടി പറഞ്ഞതുകൊണ്ട് മാത്രമാണ് ലോകസഭയിലേക്ക് മത്സരിച്ചത്. അതറിഞ്ഞപ്പോൾ ഞാൻ എം.എ. ബേബിയെ വിളിച്ച് രണ്ട് ദിവസം പ്രചരണത്തിനിറങ്ങുമെന്ന് പറഞ്ഞു. എന്നാൽ അതുപറഞ്ഞതിനുശേഷം വൈകുന്നേരം എൻ.കെ. പ്രേമചന്ദ്രൻ കൊടിയും പിടിച്ച് പ്രക്ഷോഭത്തിനിറങ്ങി. അതെന്നിൽ വല്ലാത്ത വെപ്രാളം ഉണ്ടാക്കി. ബേബിയെപ്പോലെ തന്നെ പ്രേമചന്ദ്രനും എനിക്കു വേണ്ടപ്പെട്ട ആളാണ്. ഞങ്ങൾ ഒരു പാത്രത്തിൽ നിന്നും നാലുവർഷത്തോളം ഭക്ഷണം കഴിച്ചിട്ടുള്ളതാണ്. അതുകൊണ്ട് ഞാൻ ആർക്കും പ്രവർത്തിക്കാൻ ഇറങ്ങുന്നില്ല എന്നു തീരുമാനിച്ചു. ഇക്കാര്യം ബേബിയെ വിളിച്ചുപറഞ്ഞു. ഞാൻ ബേബിക്ക് ദ്രോഹം ചെയ്യില്ല. പ്രവർത്തിക്കാനും ഇറങ്ങില്ല. അദ്ദേഹത്തിന് കാര്യം മനസിലായി. തന്നെ ദ്രോഹിക്കില്ലല്ലോ അതുമതി എന്നു മാത്രം പറയുകയും ചെയ്തു. ഞാനിങ്ങനെ തീരുമാനിച്ചെങ്കിലും അൻപതിനായിരത്തിൽ താഴെ ഭൂരിപക്ഷത്തിന് എം.എ. ബേബി ജയിക്കുമെന്നായിരുന്നു പ്രവചനം, അതിനുള്ള സാധ്യതയും ഉണ്ടായിരുന്നു.

? എവിടെയാണ് പിഴച്ചത്

മാതാ അമൃതാനന്ദമയിക്കെതിരേ ഉയർന്ന കൈരളി ചാനലിന്റെ ശബ്ദം ഒരുവിഭാഗം വോട്ടർമാരെ വല്ലാതെ മുറിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് മാതാ അമൃതാനന്ദമയിയെ സ്‌നേഹിക്കുന്നവരും ആരാധകരും ഭക്തരും ബേബിക്കെതിരേ വോട്ടു ചെയ്യുകയുണ്ടായി. അല്ലായിരുന്നെങ്കിൽ പുഷ്പംപോലെ ബേബി ജയിക്കുമായിരുന്നു.

? ഒരു ചാനലിന്റെ, മാദ്ധ്യമ ധർമമല്ലെ കൈരളിചാനൽ ചെയ്തത്

എന്നു ഞാൻ വിശ്വസിക്കുന്നില്ല. അങ്ങനെ ചെയ്യണമായിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം ആകാമായിരുന്നല്ലോ. ഇതിന്റെ പേരിൽ കൊല്ലത്തു മാത്രമല്ല, കോഴിക്കോടും വടകരയിലും ചെറിയ വ്യത്യാസത്തിന് സിപിഐ(എം). സ്ഥാനാർത്ഥികൾ തോറ്റു.

? ബോധപൂർവമായിരുന്നോ അഭിമുഖം കൊടുത്തത്

എല്ലാം എന്നെക്കൊണ്ടു തന്നെ പറയിക്കണം അല്ലെ? ചാനലുമായി ബന്ധപ്പെട്ട ഒരു നടന്റെ കൈകൾ ഇക്കാര്യത്തിൽ പരിശുദ്ധമായിരുന്നില്ല എന്നാണ് അറിഞ്ഞത്.

? നടന്റെ പേരു പറയരുതോ

അതെന്റെ കടമയല്ല. നിങ്ങൾ പത്രക്കാർ കണ്ടുപിടിച്ചോളൂ. അതേസമയം കൈരളിയുടെ എല്ലാമെല്ലാമായ ജോൺബ്രിട്ടാസിനോട് ഞാനിക്കാര്യം പറഞ്ഞു... നിങ്ങളുടെ അഭിമുഖമാണ് സിപിഎമ്മിന് മൂന്നു സീറ്റുകൾ നഷ്ടപ്പെട്ടത്. കൊല്ലത്തെ സീറ്റ് നഷ്ടപ്പെടാൻ മാത്രമായിരുന്നു നടന്റെ ആഗ്രഹം. കോഴിക്കോടും വടകരയിലും നമ്മളുടെ ആളുകൾ ഉണ്ടായിരുന്നു. സിപിഐ(എം). സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാനിരുന്നവർ. അവർ അഭിമുഖം വന്നശേഷം മറിച്ച് വോട്ടു ചെയ്തു. അല്ലാതെ മറ്റൊരു കാരണവും ബേബിയുടെ തോൽവിക്കുണ്ടെന്നു തോന്നുന്നില്ല.