കൊച്ചി: മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നൽകിയ ഉറപ്പും പറഞ്ഞ വാക്കും പാലിച്ച് നടനും രാജ്യസഭാ അംഗവുമായ സുരേഷ്‌ഗോപി. ഇനി മുതൽ താൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നൽകുമെന്നാണ് മാസങ്ങൾക്ക് മുൻപ് സുരേഷ് ഗോപി ഉറപ്പുനൽകിയത്.

ഇക്കഴിഞ്ഞ ഓണക്കാലത്ത് ഒരു ടെലിവിഷൻ ചാനലിൽ നടന്ന പരിപാടിയിലാണ് സുരേഷ് ഗോപി മിമിക്രി കലാകാരന്മാർക്ക് സഹായം പ്രഖ്യാപിച്ചത്. കോവിഡ് രൂക്ഷമായതോടെ സീസണുകളിൽ ലഭിച്ചിരുന്ന പരിപാടികൾ ഇല്ലാതാവുകയും വരുമാനം നിലയ്ക്കുകയും ചെയ്തതോടെ പ്രതിസന്ധിയിലായ താരങ്ങളെ സഹായിക്കുന്നതിനായാണ് ഏഷ്യാനെറ്റ് ചാനലുമായി ചേർന്ന് മാ മാമാങ്കം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. സിനിമാ - മിമിക്രി താരങ്ങൾക്കൊപ്പം നടൻ സുരേഷ് ഗോപിയും പരിപാടിയിൽ പങ്കെടുത്തിരുന്നു.

മാ സംഘടനയുടെ പുതിയ രക്ഷാധികാരികളിൽ ഒരാളായി സുരേഷ് ഗോപിയെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പരിപാടിയിൽ പങ്കെടുക്കവെയാണ് മാ സംഘടനയ്ക്ക് സാമ്പത്തിക സഹായം നൽകുമെന്നാണ് താരം പ്രഖ്യാപിച്ചത്. ഇനി മുതൽ താൻ അഭിനയിക്കുന്ന ഓരോ സിനിമകളിലൂടെയും ലഭിക്കുന്ന പ്രതിഫലത്തിൽ നിന്നും രണ്ട് ലക്ഷം മാ സംഘടനയ്ക്ക് നൽകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ചാനലിൽ നിന്നും പുറത്ത് വന്ന പ്രൊമോ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

'വാർധക്യത്തിലാണ് നല്ല കാലം വരുന്നത്. എനിക്കും അങ്ങനെയാണ്. സമ്പാദിച്ച് കൊണ്ടിരിക്കുന്ന കാശിൽ നിന്നും ഇത്ര തരാമെന്ന് പറയുന്നതിൽ ഒരു കുറച്ചിലുണ്ട്. പക്ഷേ ഞാൻ വാക്ക് തരുന്നു, ഇവിടുന്ന് അങ്ങോട്ട് ചെയ്യുന്ന ഓരോ സിനിമയിൽ നിന്നും രണ്ട് ലക്ഷം രൂപ ദാനമല്ല, ലെവിയായി തരും. ഇത് ഉറപ്പിച്ച കാര്യമാണ്' എന്നായിരുന്നു സുരേഷ് ഗോപി അന്ന് പറഞ്ഞത്.

ഈ വാക്ക് അദ്ദേഹം നിറവേറ്റിയെന്ന് വ്യക്തമാക്കി കുറിപ്പ് പങ്കിടുകയാണ് രമേശ് പിഷാരടി. പ്രഖ്യാപനത്തിന് ശേഷം പുതിയ ചിത്രത്തിന്റെ അഡ്വാൻസ് ലഭിച്ചപ്പോൾ തന്നെ പറഞ്ഞ തുക സംഘടനയ്ക്ക് നൽകിയെന്ന് പിഷാരടി പറയുന്നു. 'അച്ചാമ്മ വർഗീസിനെ ആവശ്യ സമയത്തു അകമഴിഞ്ഞ് സഹായിച്ച ഭരതചന്ദ്രൻ പിന്നീട് അവരോട് തന്നെ ചോദിച്ച ചോദ്യമാണ്. 'ഓർമയുണ്ടോ ഈ മുഖം.' എംഎഎ എന്ന സംഘടന പറയട്ടെ..എന്നും ഓർമയുണ്ടാകും ഈ മുഖം.' അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

കുറിപ്പ് വായിക്കാം:
ഓർമയുണ്ടാവും..ഈ മുഖം..
നർമം തൊഴിലാക്കിയ 200 ഓളം കുടുംബങ്ങൾക്ക്..
'ഇനി മുതൽ ഞാൻ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 2 ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്ക് തരും'
സുരേഷ് ഗോപി.
ടെലിവിഷൻ ഷോകൾ സംഘടിപ്പിക്കുകയും അതിൽ നിന്നും സമാഹരിക്കുന്ന പണം ,മിമിക്രി കലാകാരന്മാരുടെ വിധവകൾക്കും,കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ആശുപത്രി ചെലവ്ക്കും എല്ലാം ഉപയോഗിക്കകയും മിമിക്രി കലാകാരന്മാരുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുകയും ,സാമൂഹികമായി ഒരു പാട് ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയും ചെയ്യുന്ന സംഘടന ആണ് 'MAA'( Mimicry Artist association)
ഈ കഴിഞ്ഞ ഓണക്കാലത്ത് ഏഷ്യാനെറ്റിൽ അവതരിപ്പിച്ച ഷോയിൽ
പ്രതിഫലം ഒന്നും തന്നെ വാങ്ങാതെ എത്തി;സാധാരണക്കാരായ കലാകാരന്മാരോടൊപ്പം ആടിയും പാടിയും ഹാസ്യം പറഞ്ഞും ,അനുകരിച്ചും സമയം ചെലവിട്ട സുരേഷേട്ടൻ പ്രഖ്യാപിച്ച വാക്കുകളാണ് ആദ്യം പറഞ്ഞത്.
പുതിയ ചിത്രത്തിന്റെ അഡ്വാൻസ് ലഭിച്ചപ്പോൾ തന്നെ അതിൽ നിന്നും പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് 2 ലക്ഷം രൂപ സംഘടനയ്ക്ക് ഇന്നലെ നൽകുകയുണ്ടായി??
ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായി ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാരുടെ പേരിലും,സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗം എന്ന നിലയിൽ എന്റെ വ്യക്തിപരമായ പേരിലും നന്ദി.
അച്ചാമ്മ വർഗീസിനെ ആവശ്യ സമയത്തു അകമഴിഞ്ഞ് സഹായിച്ച ഭരതചന്ദ്രൻ പിന്നീട് അവരോട് തന്നെ ചോദിച്ച ചോദ്യമാണ്
' ഓർമയുണ്ടോ ഈ മുഖം '
MAA എന്ന സംഘടന പറയട്ടെ..
എന്നും ഓർമയുണ്ടാകും ഈ മുഖം ..