തിരുവനന്തപുരം: 2019 ൽ തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥി ആയിരിക്കെ, സുരേഷ് ഗോപി ഗർഭിണിയുടെ വയറ്റിൽ കൈ വച്ചനുഗ്രഹിച്ച വീഡിയോ വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ ഒരുവിഭാഗം വലിയ വിമർശനങ്ങളും, ട്രോളുകളും അഴിച്ചുവിട്ടു. ഇതിന് പിന്നാലെ യുവതിയെ സുരേഷ് ഗോപിയുടെ ഭാര്യ രാധികയും മക്കളും സന്ദർശിച്ചിരുന്നു. അന്തിക്കാട് സ്വദേശിയായ ശ്രീലക്ഷ്മിക്കു പിന്തുണ നൽകാനാണ് രാധികയും മക്കളും ഇവരുടെ വീട്ടിൽ എത്തിയത്.

ഗർഭിണികളോടുള്ള തന്റെ ഇഷ്ടം കാരണമാണ് അത് ചെയ്തതെന്നു സുരേഷ് ഗോപി ഈ സംഭവത്തോടു അന്ന് പ്രതികരിച്ചിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകിയിരിക്കുകയാണ് അദ്ദേഹം ടെലിവിഷൻ അഭിമുഖത്തിൽ.

മറ്റുള്ളവർക്ക് എന്തെങ്കിലും സഹായം ചെയ്തുകൊടുക്കുന്നത് പിന്നീട് ഓർക്കുകയോ അത് അയവിറക്കുകയോ ചെയ്യുന്ന ആളല്ല താൻ. മറ്റുള്ളവർക്ക് തന്നാൽ ആവുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കാൻ ദൈവം തന്നോട് പറയുന്നതുപോലെയേ തോന്നിയിട്ടുള്ളൂവെന്നും സുരേഷ് ഗോപി പറഞ്ഞു. ഏതെങ്കിലും കുഞ്ഞുങ്ങളേയോ ഗർഭിണികളെയോ വഴിയരികിൽ കണ്ടാൽ താൻ അവരോടുള്ള എല്ലാ സ്നേഹവും പ്രകടിപ്പിക്കുമെന്നും എന്നാൽ ചിലർക്ക് അതെല്ലാം അസ്വസ്ഥതയുള്ള കാഴ്ചകളാണെന്നും സുരേഷ് ഗോപി പറഞ്ഞു.

ഒരു ഗർഭിണിയെ ഞാൻ വഴിവക്കിൽ കാണുകയാണ്. അവർ എന്റെ അടുത്തേക്ക് വന്ന് ഇങ്ങനെ തൊഴുത് നിൽക്കുകയാണ്. തൃശൂരിൽ നടന്ന സംഭവമാണ്. അപ്പോൾ ഞാൻ അവരുടെ വയറ്റിൽ നോക്കിയ ശേഷം മുഖത്തേക്ക് നോക്കിയപ്പോൾ ഏഴ് മാസമായി എന്ന് അവർ എന്നോട് പറഞ്ഞു. അനുഗ്രഹിക്കുമോ എന്ന് ചോദിച്ചു.

ഞാൻ അപ്പോൾ എന്റെ കൈയെടുത്ത് അവരുടെ വയറ്റിൽ വെച്ചിട്ടേയുള്ളൂ. അത് അസുഖമുണ്ടാക്കി. അത് ഞാൻ വിലയിരുത്തുകയാണ്. എന്റെ മകളാണ് വന്ന് അങ്ങനെ നിൽക്കുന്നതെങ്കിൽ ഞാൻ ആ വയറ്റത്ത് ഉമ്മ വെക്കും. ആ വയറ്റിൽ തടവും. നല്ല പാട്ടുപാടിക്കൊടുക്കും. കാരണം എന്റെ എല്ലാ മക്കളും രാധികയുടെ വയറ്റിനുള്ളിൽ കിടക്കുമ്പോൾ ഞാൻ ഒരുപാട് പാട്ടുപാടി കൊടുത്തിട്ടുണ്ട്.

നല്ല സംഗീതം കേൾപ്പിച്ചിട്ടുണ്ട്. ഇന്നത്തെപ്പോലെയല്ല. അത്ര ഗാഡ്ജറ്റ്‌സൊന്നും ഇല്ല. രാത്രി മുഴുവൻ ഇത് പ്ലേ ചെയ്തുകൊണ്ടേയിരിക്കും. ഞാൻ ഉറങ്ങിപ്പോയിട്ടുണ്ടാകും. ഗോകുൽ അങ്ങനെ പാടുമോ എന്നറിയില്ല. പക്ഷേ ഞാൻ വളരെ ലേറ്റായി ജനിച്ച ഒരു പാട്ടുകാരനായതുകൊണ്ട് തന്നെ ഗോകുലും അങ്ങനെ ആകുമെന്നാണ് ഞാൻ കരുതുന്നത്.

മകൾ ഭാഗ്യ അസ്സലായി പാടും. ഭാവ്നിയും പാടും. പക്ഷേ അവരൊന്നും അത് പുറത്തേക്ക് കൊണ്ടുവരില്ല. അതുപോലെ മാധവൻ ക്രിയേഷണൽ സെഗ്മെന്റിലേക്ക് തന്നെയാണ് വരുന്നത്. ആക്ടറാണോ റൈറ്ററാണോ ഡയറക്ടറാണോ എന്നറിയില്ല. അവരുടെ ഇഷ്ടത്തിന് വിട്ടിരിക്കുകയാണ്.

അന്ന് ആ കുഞ്ഞിനെ അനുഗ്രഹിക്കാൻ പറ്റിയല്ലോ എന്ന് ഞാൻ ഉറങ്ങാൻ കിടക്കുമ്പോൾ ആലോചിച്ചു. സന്തോഷിച്ചു. ഈ ലോകത്ത് ഏറ്റവും ഇഷ്ടപ്പെടുന്ന കാഴ്ച എന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ ഒരു പത്തയ്യായിരം ഗർഭിണികൾ വയറിങ്ങനെ താങ്ങിപ്പിടിച്ച് എനിക്കിത് താങ്ങാൻ വയ്യേ എന്ന് പറഞ്ഞ് നിൽക്കുന്ന ആ ഒരു നിൽപ്പുണ്ടല്ലോ. അത് കാണാനാണെന്ന് പറയും. (ചിരി). അങ്ങനെ ഒരു കാഴ്ച കണ്ട് സുഖിക്കണമെന്നുണ്ട്. അതുപോലെ നല്ല കുഞ്ഞുങ്ങളെ കണ്ടാൽ ഞാൻ പോയി എടുക്കും. ഉമ്മ വെക്കും. അവരുടെ ആ മണം വലിച്ചെടുക്കും. അത് എന്റെ സ്നേഹമാണ്,' സുരേഷ് ഗോപി പറഞ്ഞു.