തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിക്ക് തുക കൈമാറി വാക്കുപാലിച്ച് സുരേഷ് ഗോപി എംപി. കുടുംബത്തെ സഹായിക്കാൻ തയ്യാറാണെന്ന് നേരത്തെ അറിയിച്ച എംപി പറഞ്ഞ വാക്കു പാലിച്ച് മൂന്ന് ലക്ഷം രൂപ കൈമാറി. മൂന്ന് ലക്ഷത്തിന്റെ ചെക്കാണ് കൈമാറിയത്. വീട് പണയം വച്ച് വനിതാ വികസന കോർപറേഷനിൽ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാനാണ് സുരേഷ് ഗോപിയുടെ സഹായം. സനലിന്റെ ഭാര്യ വിജിക്ക് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലിൽ എത്തിയാണ് തുക കൈമാറിയത്.

വനിത വികസന കോർപ്പറേഷനിൽ വീട് പണയം വെച്ചെടുത്ത വായ്പ തിരിച്ചടക്കാൻ സഹായിക്കാമെന്നും സുരേഷ് ഗോപി ഉറപ്പ് നൽകിയിരുന്നു. 35 ലക്ഷം രൂപയുടെ ബാധ്യതയാണുള്ളത്. തിരിച്ചടവ് മുടങ്ങിയതോടെ സനലിന്റെ കുടുംബത്തിന് ജപ്തി നോട്ടീസ് വന്നിരുന്നു. കുടംബത്തിന്റെ ആവശ്യം ന്യായമാണ്. ഉപാധികളോടെ സമരം അവസാനിപ്പിക്കണമെന്ന ആവശ്യം അപലപനീയമാണ്. മുഖ്യമന്ത്രി ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നുമാണ് കരുതുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

വനിത വികസന കോർപപ്പറേഷൻ അധികൃതരുമായി ചർച്ച നടത്തിയെന്നും വായ്പാ തിരിച്ചടവിന് വിജിക്ക് ഇളവുകൾ അനുവദിക്കുന്നത് പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു. വിജിക്ക് ജോലി നൽകാൻ സർക്കാർ തയ്യാറാകണമെന്നും എം പി ആവശ്യപ്പെട്ടു. സനലിന്റെ കുടുംബം സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം തുടരുകയാണ്. നവംബർ അഞ്ചിന് സനൽ കൊല്ലപ്പെട്ടതിനു പിന്നാലെ വീട്ടിലെത്തിയ മന്ത്രിമാർ അടക്കമുള്ളവർ സാമ്പത്തിക സഹായവും ജോലിയും വാഗ്ദാനം നൽകി.

വിജിയുടെ കുടുംബത്തിന് തന്നാൽ കഴിയുന്ന ചെറിയൊരു കൈത്താങ്ങ് മാത്രമാണ് നൽകുന്നതെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. വനിതാ കോർപ്പറേഷനിൽ നിന്നും എടുത്ത വായ്പയിൽ ജപ്തി നടപടികൾ ഒഴിവാക്കുന്ന നടപടികൾ നാളെത്തന്നെ സ്വീകരിക്കും. എന്നാൽ കോർപ്പറേഷൻ പലിശ ഒഴിവാക്കിത്തരണം. സനിലിന്റെ കുടുംബം ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി നടത്തുന്ന സമരം ഉപാധികളോടെ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടത് അപഹാസ്യമാണ്. സമരം അവസാനിപ്പിക്കാൻ ഇന്ന് തന്നെ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ പ്രതിയായ ഡിവൈഎസ്‌പി ആത്മഹത്യ ചെയ്തതോടെ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ല. മന്ത്രിമാർ അടക്കമുള്ളവർ സാമ്പത്തിക സഹായവും ജോലിയും വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാൽ പ്രതിയായ ഡിവൈഎസ്‌പി ആത്മഹത്യ ചെയ്തതോടെ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ലെന്നുമാണ് കുടുംബം പറയുന്നത്. നെയ്യാറ്റിൻകര മുൻ ഡിവൈഎസ്‌പി ഹരികുമാർ വാഹനത്തിന് മുന്നിലേക്ക് സനിലിനെ തള്ളിയിട്ടുവെന്നാണ് ക്രൈം ബ്രാഞ്ച് കേസ്. ഇതിന്റെ രേഖകളെല്ലാം പൊലീസ് ശേഖരിച്ച് സർക്കാരിന് നൽകിയിരുന്നു.