തിരുവനന്തപുരം: സംസ്ഥാനത്തെ മറ്റൊരു തിരഞ്ഞെടുപ്പിലും കാണാത്ത അത്രയ്ക്ക് സിനിമാ-സീരിയൽ താരങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാണ് അരുവിക്കര. ദിവസവും വോട്ടഭ്യർത്ഥിച്ച് എത്തുന്നവരുടെ കൂട്ടത്തിൽ ഏതെങ്കിലും ഒരു താരമുണ്ടാകും. മുമ്പ് തമിഴ്‌നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും മാത്രം കണ്ടുശീലിച്ച പ്രചരണ ശൈലിയാണ് അരുവിക്കരയിൽ കാണാൻ സാധിക്കുന്നത്. അതിശക്തമായ രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത് എന്നതിനാൽ വിട്ടുവീഴ്‌ച്ചകളില്ലാതെയാണ് ഇരുമുന്നണികളും ബിജെപിയും പ്രചരണ രംഗത്തുള്ളത്. സീരിയൽ സിനിമാ താരങ്ങൾ പ്രചരണ രംഗത്ത് ഇറങ്ങിയത് ശേഷം ഇന്ന് പ്രചരണ രംഗത്ത് നിറഞ്ഞു നിന്നത് മലയാള സിനിമയിലെ രണ്ട് കരുത്തന്മാരാണ്. ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാലിന് വേണ്ടി സുരേഷ് ഗോപി രംഗത്തിറങ്ങിയപ്പോൾ ഇടതു സ്ഥാനാർത്ഥി എം വിജയകുമാറിന് വോട്ടഭ്യർത്ഥിച്ച് മണ്ഡലത്തിൽ സജീവമായത് ചാലക്കുടി എംപിയും അമ്മ പ്രസിഡന്റുമായ നടൻ ഇന്നസെന്റായിരുന്നു.

അനിശ്ചിതത്വത്തിന് ഒടുവിലാണ് സുരേഷ് ഗോപി അരുവിക്കരയിൽ ഇന്ന് പ്രചരണത്തിന് എത്തിയത്. ഒമ്പതിടങ്ങളിലാണ് താരം പ്രസംഗിക്കുന്നത്. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി നിയമിതനാകാൻ ഒരുങ്ങുന്ന താരം രാജഗോപാലിന് വോട്ട് ചോദിച്ച് എത്തിയതോടെ ബിജെപി ക്യാമ്പിന് അത് പുതിയ ആവേശമായി. താരത്തെ കാണാനായി പലരും രാഷ്ട്രീയം മറന്ന് എത്തിയപ്പോൾ പാർട്ടി അനുയായികളായ യുവാക്കളും സ്ത്രീകളും അടക്കം നൂറ് കണക്കിന് പേരും പ്രചരണ രംഗത്തെത്തി.

രാവിലെ ഒൻപതരയോടെ അരുവിക്കര ജംഗ്ഷനിലായിരുന്നു സുരേഷ് ഗോപിയുടെ ആദ്യ പ്രചാരണ പരിപാടി. ഇടയ്ക്കിടെ പെയ്യുന്ന മഴയെപ്പോലും അവഗണിച്ച് താരത്തിന്റെ വരവിനായി രാവിലെ മുതൽ ജനക്കൂട്ടം കാത്തുനിന്നു. ഒടുവിൽ സുരേഷ് ഗോപി എത്തിയപ്പോഴേക്കും മഴയെ പോലും തോൽപിക്കുന്ന ആവേശമായി ആൾക്കൂട്ടം മാറി. ജനക്കൂട്ടത്തെ കൈവീശി അഭിവാദ്യം ചെയ്ത് താരം വേദിയിലേക്ക്.

നിറഞ്ഞ ആരവങ്ങൾക്കിടയിൽ ഒ. രാജഗോപാലിന് വോട്ടുചോദിച്ച് ചെറു പ്രസംഗം. തന്നെ സ്‌നേഹിക്കുന്നവരുടെ വോട്ടുകൾ ഒ. രാജഗോപാലിന് നൽകണമെന്ന അഭ്യർത്ഥന നിറഞ്ഞ കൈയടിയോടെ ജനക്കൂട്ടം സ്വീകരിച്ചു. ഒപ്പം അരുവിക്കരയിലെ മതേതര വോട്ടുകൾ ഒ. രാജഗോപാലിന് ലഭിക്കുമെന്ന താരത്തിന്റെ വിലയിരുത്തലും. ഓരോ വാക്കുകളും ഹർഷാരവത്തോടെയാണ് ജനക്കൂട്ടം സ്വീകരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽക്കുള്ള മറുപടി നൽകണമെന്ന് സുരേഷ് ഗോപി പറഞ്ഞു.

ധാർഷ്ട്യം നിറഞ്ഞ ഭരണാധികാരികൾക്ക് അരുവിക്കരയിൽ മറുപടി നൽകണമെന്ന് സുരേഷ് ഗോപി പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ വികസനത്തിലേക്ക് നയിക്കുകയാണ്. എന്നാൽ കഴിഞ്ഞ പത്ത് വർഷക്കാലം രാജ്യം കട്ടുമുടിച്ചവരാണ് ഇപ്പോൾ മോദി സർക്കാരിനെ കുറ്റപ്പെടുത്തുന്നതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. വെള്ളനാട്, പൂവച്ചൽ, കുറ്റിച്ചൽ, ആര്യനാട്, പറങ്ങോട്, വിതുര തുടങ്ങി പത്തോളം കേന്ദ്രങ്ങളിലാണ് സുരേഷ് ഗോപി പ്രചാരണത്തിന് ഇറങ്ങുക.

അതേസമയം ഇടത് എംപിയും ഹാസ്യതാരവുമായ ഇന്നസെന്റിനെയാണ് സുരേഷ് ഗോപിയെ എതിരിടാൻ സിപിഐ(എം) രംഗത്തിറക്കിയത്. നാട്ടുകാരോട് നടന്നും കുശലം ചോദിച്ചും ഇന്നസെന്റ് വിജയകുമാറിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് എത്തി. അരുവിക്കരയിലെ ചെറിയകൊണ്ണിയിലാണ് ഇന്നസെന്റ് റോഡ് ഷോ നടത്തിയത്. വി എസ് സുനിൽകുമാർ എംഎൽഎക്കൊപ്പമായിരുന്നു താരത്തിന്റെ റോഡ് ഷോ. സോളാറും ബാർകോഴയും അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് ഇന്നസെന്റിന്റെ പ്രചരണം.

കെ എം മാണി അഴിമതി നടത്തിയെന്നത് അദ്ദേഹത്തിന്റെ മുഖം കണ്ടാലറിയാമെന്ന് ഇന്നസെന്റ് മാദ്ധ്യമങ്ങളോട് പറഞ്ഞു. അഴിമതിക്കെതിരെ എം വിജയകുമാറിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സിനിമാ താരത്തെ നേരിട്ട് കണ്ട സന്തോഷത്തിലായിരുന്നു ചെറിയകൊണ്ണിയിലെ വോട്ടർമാർ എല്ലാവരോടും കുശലം പറഞ്ഞും വോട്ട് ചോദിച്ചും താരം ജനങ്ങൾക്കിടയിലേക്കിറങ്ങി.പിന്നീട് സ്വതസിദ്ധമായ ശൈലിയിൽ നർമ്മം കലർന്ന പ്രസംഗം. യുഡിഎഫ് സർക്കാരിന്റെ അഴിമതി ജനം തിരിച്ചറിയണം. കെ എം മാണി അഴിമിതിക്കാരനാണ്. ജനങ്ങൾക്ക എല്ലാം മനസിലാകുന്നുണ്ടെന്നും ഇന്നസെന്റിന്റ് പറഞ്ഞു.

ഇന്നസെന്റിന് പുറമേ ചലച്ചിത്രതാരം മുകേഷും എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് രംഗത്തുണ്ട്.