ഗുരുവായൂർ: സുരേഷ് ഗോപിയുടെ രാഷ്ട്രീയ നിലപാടിന്റെ പേരിൽ അദ്ദേഹത്തെ നഖശിഖാന്തം എതിർക്കുന്നവർ പോലും ഒരു കാര്യം സമ്മതിക്കും. അത് ദുരിതങ്ങൾ അറിഞ്ഞ് ഒപ്പം നിൽക്കാനും സഹായങ്ങൾ ചെയ്യാനുമുള്ള ആ വലിയ മനസിനെയാണ്. സ്വന്തം കൈയിൽ നിന്നും കാശെടുത്ത് സഹായങ്ങൾ ചെയ്തിട്ടുണ്ട് അദ്ദേഹം. രാജ്യത്തിന്റെ അതിർത്തി കാക്കുന്നതിനിടെ മഞ്ഞുപാളികൾക്കിടിയൽ പെട്ട് കൊല്ലപ്പെട്ട സൈനികൻ സുധീഷിന്റെ കുടുംബത്തെയും ആശ്വസിപ്പിക്കാൻ നേരത്തെ താരം എത്തിയിരുന്നു. അന്ന് അദ്ദേഹം നൽകിയ വാക്കാണ് സുധീഷിന്റെ മകൾ മീനാക്ഷിയുടെ ചോറൂണിന് എത്താമെന്നത്. രാജ്യത്തിന്റെ അതിർത്തി കാക്കുന്നതിനിടയിൽ മരണം വരിച്ച സൈനികന്റെ കുടുംബത്തിന് നൽകിയ വാക്കു പാലിക്കാൻ സുരേഷ് ഗോപി എംപി ഇന്നലെ ഗുരുവായൂരിലെത്തി.

സിയാച്ചിനിൽ മഞ്ഞുമലയിടിഞ്ഞ് മരിച്ച സുധീഷിന്റെ മകൾ ആറു മാസം പ്രായമായ മീനാക്ഷിയുടെ ചോറൂണിൽ പങ്കെടുക്കാനാണ് അദ്ദേഹമെത്തിയത്. ക്ഷേത്രത്തിൽ രാവിലെ പത്തരയോടെയായിരുന്നു ചടങ്ങ്. മീനാക്ഷിയെ സുരേഷ് ഗോപിയുടെ മടിയിലിരുത്തി ബന്ധുക്കൾ ചോറൂണ് ചടങ്ങ് നടത്തി. തുടർന്ന് കുട്ടിയെ അടിമകിടത്തി ഗുരുവായൂരപ്പന് സമർപ്പിച്ച ശേഷം കുട്ടിയെ ബന്ധുക്കളെ തിരിച്ചേൽപ്പിച്ചു. തുടർന്ന് മീനാക്ഷിക്ക് പഞ്ചസാര കൊണ്ട് തുലാഭാരവും നടത്തി.

കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് കൊല്ലം മൺറോ തുരുത്തുകൊച്ചിടുക്കത്ത് സുധീഷ് സിയാച്ചിനിൽ മരിച്ചത്. അന്ന് മീനാക്ഷിക്ക് മൂന്നു മാസം പ്രായം. മകളെ കാണാൻ എത്തുമെന്ന് പറഞ്ഞിരുന്ന സുധീഷിന്റെ മൃതദേഹമാണ് നാട്ടിലെത്തിയത്. അന്ന് ആശ്വസിപ്പിക്കാൻ എത്തിയപ്പോൾ സങ്കടങ്ങൾ പറഞ്ഞ കുടുംബത്തോട് കുട്ടിയുടെ ചോറൂണിന് താൻ എത്താമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.

പറഞ്ഞ വാക്കു പാലിക്കാനായി അദ്ദേഹം ഇന്നലെ രാവിലെ ഗുരുവായൂരിലെത്തി. സുധീഷിന്റെ ഭാര്യ സാലു, അച്ഛൻ ബ്രഹ്മദത്തൻ, അമ്മ പുഷ്പവല്ലി, സാലുവിന്റെ അച്ഛൻ സജീവൻ, അമ്മ പ്രീജ എന്നിവരും ബന്ധുക്കളും ചോറൂണിനെത്തിയിരുന്നു. ദേവസ്വം ഭരണസമിതിയംഗം കെ. കു!ഞ്ഞുണ്ണി സുരേഷ് ഗോപിയെ സ്വീകരിച്ചു.

സുധീഷിന്റെ വേർപാടിന്റെ നൊമ്പരം നിറഞ്ഞ് നിന്ന ചടങ്ങിൽ സുരേഷ് ഗോപിയുടെ സാന്നിദ്ധ്യം കുടുംബാംഗങ്ങൾക്കും ആശ്വാസം പകർന്നു. മീനാക്ഷിയുടെ അമ്മാവന്റെ സ്ഥാനത്തു നിന്നാണ് താൻ ചടങ്ങുകളെല്ലാം ചെയ്തതെന്ന് രാജ്യസഭാ എംപികൂടിയായ സുരേഷ് ഗോപി പറഞ്ഞു. ഫെബ്രുവരി മൂന്നിനാണ് സിയാച്ചിനിൽ പട്രോളിങ് നടത്തിയ പത്തംഗ സൈനിക സംഘത്തെ മഞ്ഞുമലകൾക്കിടയിൽ കാണാതായത്. ആറു ദിവസത്തെ തെരച്ചിലിനൊടുവിലാണ് ജീവനോടെ ലാൻസ് നായിക് ഹനുമന്തപ്പയെയും സുധീഷ് അടക്കമുള്ള ഒമ്പത് ജവാന്മാരുടെ മൃതദേഹവും സൈന്യത്തിന് കണ്ടെത്താനായത്.