- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശക്തൻ മാർക്കറ്റിന്റെ വികസനത്തിന് ഒരു കോടി; മത്സ്യമാർക്കറ്റിലും പച്ചക്കറി മാർക്കറ്റിലും ആധുനിക സൗകര്യങ്ങൾ; തെരഞ്ഞെടുപ്പ് കാലത്തെ വാക്ക് പാലിച്ച് സുരേഷ് ഗോപി എംപി; പദ്ധതി അടുത്തവർഷം യാഥാർത്ഥ്യമാകും
തൃശൂർ : തെരഞ്ഞെടുപ്പ് വേളയിൽ നല്കിയ വാക്ക് പാലിക്കാനൊരുങ്ങി സുരേഷ് ഗോപി. ശക്തൻ മാർക്കറ്റിന്റെ വികസനത്തിന് ഫണ്ട് അനുവദിക്കുമെന്ന വാഗ്ദാനമാണ് അദ്ദേഹം നിറവേറ്റുന്നത്. കോർപറേഷന്റെ അനുമതി ലഭിച്ചാൽ ശക്തൻ മാർക്കറ്റിന്റെ ശോച്യാവസ്ഥയ്ക്ക് ശാശ്വത പരിഹാരമാകുന്ന വികസന പദ്ധതിയാണ് യാഥാർത്ഥ്യമാവുക.
മത്സ്യമാർക്കറ്റിലും പച്ചക്കറി മാർക്കറ്റിലും ഏറ്റവും വൃത്തിയോടെ ആധുനിക സൗകര്യങ്ങളോട് കൂടിയ വ്യാപാര സമുച്ചയമാണ് എംപി.ഫണ്ട് ഉപയോഗിച്ച് ലക്ഷ്യമിടുന്നത്. 2022 ഏപ്രിൽ മാസത്തോടെ പണി തീർത്ത് ഉദ്ഘാടനം നിർവ്വഹിക്കാവുന്ന തരത്തിൽ തൃശ്ശൂർ കോർപറേഷൻ പദ്ധതി സമർപ്പിച്ചാൽ ഉടൻ ഫണ്ട് അനുവദിക്കാനാണ് തീരുമാനം.
നാളികേര വികസന ബോർഡിന്റെ പദ്ധതി അവണിശ്ശേരി പഞ്ചായത്തിൽ നടപ്പാക്കുന്നതിന്റെ ചർച്ചകൾക്കിടെയാണ് ശക്തൻ മാർക്കറ്റിന്റെ വികസനത്തിന് ഒരു കോടി രൂപ അനുവദിക്കുന്ന കാര്യം ബിജെപി ജില്ലാ നേതാക്കളെ അദ്ദേഹം അറിയിച്ചത്.
തൃശ്ശുരിൽ എം എൽ എ തെരഞ്ഞെടുപ്പിൽ ജയിപ്പിച്ചാൽ എംഎൽഎ ഫണ്ടിൽ നിന്ന് ഒരു കോടി എടുത്ത് ശക്തൻ മാർക്കറ്റ് നവീകരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. തോറ്റാൽ എംപി ഫണ്ടിൽ നിന്നും അതുമല്ലെങ്കിൽ വീട്ടിൽ നിന്നും ഒരു കോടി കൊണ്ടുവരുമെന്നും അദ്ദേഹം വാഗ്ദാനം നൽകിയിരുന്നു.
' ബീഫ് വിൽക്കുന്ന ഒരു കടയിൽ ചെന്നിട്ടാണ് ഞാൻ പറഞ്ഞത്, ഈ അവസ്ഥ ഞാൻ മാറ്റിത്തരും. ജയിപ്പിച്ചാൽ എംഎൽഎ ഫണ്ട് അഞ്ച് കോടിയിൽ നിന്ന് ഒരു കോടി എടുത്ത് ഒരു മോഡൽ ഞാൻ ചെയ്തു കാണിക്കും. ഇത്രനാളും ഭരിച്ചവന്മാരെ നാണം കെടുത്തും. അങ്ങനെ ഞാൻ പറയണമെങ്കിൽ എനിക്ക് അതിനുള്ള നട്ടെല്ലുറപ്പ് ഉണ്ട് എന്ന് മനസ്സിലാക്കണം.'
' ആര് മനസ്സിലാക്കണം? നേരത്തെ പറഞ്ഞ ഈ അപമാനികൾ മനസ്സിലാക്കണം. ഇനി നിങ്ങൾ എന്നെ തോൽപ്പിക്കുകയാണെങ്കിൽ, എങ്കിലും ഞാൻ എംപിയാണ്. കോവിഡ് കാലം കഴിഞ്ഞ് അഞ്ച് കോടി അനുവദിക്കുമ്പോൾ, അക്കൗണ്ട് തുറക്കുമ്പോൾ എനിക്ക് 12 കോടി കിട്ടാനുണ്ട്. ഇവിടെ രണ്ടാം തവണയും തോറ്റതിന്റെ പശ്ചാത്തലത്തിൽ ഈ പണിക്ക് വേണ്ടെന്ന് പറഞ്ഞ് അവിടെ നിന്നും ഇറക്കിവിട്ടാൽ ഞാനെന്റെ കുടുംബത്തിൽനിന്ന് കൊണ്ടുവരും ഒരു കോടി.'-എന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന.
മറുനാടന് മലയാളി ബ്യൂറോ