തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഞായറാഴ്ച നടക്കാനിരിക്കെ ബിജെപി. കേരള ഘടകത്തിന് വലിയ പ്രതീക്ഷയൊന്നുമില്ല. മലയാളികൾ ആരെങ്കിലും മന്ത്രിയായാൽ സുരേഷ് ഗോപിക്കാണ് കൂടുതൽ സാധ്യത. ഇതോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും സംഘവും നിരാശയിലാകുകയാണ്. ആർഎസ്എസ് പിന്തുണയോടെ കേന്ദ്രമന്ത്രിയാകാനുള്ള കുമ്മനത്തിന്റെ നീക്കം പൊളിഞ്ഞതായാണ് സൂചന. ഞയാറാഴ്ച രാവിലെ 10 മണിയോടെ പുനഃസംഘടനാ ചിത്രം വ്യക്തമാകും. മെയ് 2014 ൽ അധികാരമേറ്റ മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിലെ മൂന്നാമത്തെ പുനഃസംഘടന ആണ് ഇത്. എൻഡിഎ മുന്നണിയിലെത്തിയ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിനും, അണ്ണാഡിഎംകെയ്ക്കും ക്യാബിനറ്റ് ബെർത്ത് കിട്ടുമെന്നാണ് സൂചനകൾ.

കേന്ദ്രമന്ത്രിസഭ പുനഃസംഘടന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ തന്നെ മന്ത്രിമാർ കൂട്ടരാജി നൽകിയിരുന്നു. ധനമന്ത്രിയായ അരുൺ ജെയ്റ്റ്ലി ഉൾപ്പെടെ എട്ട് കേന്ദ്രമന്ത്രിമാരുടെ വകുപ്പുകൾക്ക് മാറ്റമുണ്ടാകുമെന്നാണ് സൂചന. റെയിൽ വെ നിതിൻ ഗഡ്കരിക്കു ലഭിച്ചേക്കും. അരുൺ ജയ്റ്റ്ലിക്ക് പകരം പീയുഷ് ഗോയൽ ധനമന്ത്രിയാകും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടക, ഗുജറാത്ത് സംസ്ഥാനങ്ങൾക്കു മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം നൽകും. ഉത്തർപ്രദേശിൽ നിന്നും 3 മന്ത്രിമാരും ഉണ്ടായേക്കുമെന്ന് വിലയിരുത്തലുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള എംപിമാരേയും മന്ത്രിമാരുടെ പട്ടികയിലേക്ക് ഉൾപെടുത്താൻ പദ്ധതിയുണ്ട്. ഇതിനൊപ്പമാണ് കേരളവും ചർച്ചയാകുന്നത്. എന്നാൽ സാധ്യത തുലാംകുറവാണെന്നാണ് വിലയിരുത്തൽ.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ടുള്ള മിനുക്കുപണികളാണ് പാർട്ടി ദേശീയനേതൃത്വത്തെ സംബന്ധിച്ചിടത്തോളം മന്ത്രിസഭാ പുനഃസംഘടന. അടുത്ത തിരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ കേരളത്തെ ഈ പുനഃസംഘടനയിലും പരിഗണിച്ചേക്കില്ലെന്ന ആശങ്ക സംസ്ഥാന നേതൃത്വത്തിനുമുണ്ട്. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, നാമനിർദ്ദേശം ചെയ്യപ്പെട്ട രാജ്യസഭാംഗം സുരേഷ് ഗോപി, കർണാടകത്തിൽനിന്ന് രാജ്യസഭയിലെത്തിയ മലയാളി രാജീവ് ചന്ദ്രശേഖർ എന്നിവരിലൊരാൾക്ക് ചില കേന്ദ്രങ്ങൾ സാധ്യത കൽപ്പിച്ചിരുന്നു. എന്നാൽ കുമ്മനം മന്ത്രിയാകില്ലെന്ന് ഉറപ്പായി. തിരുവനന്തപുരത്ത് സുരേഷ് ഗോപിയെ മത്സരിപ്പിക്കാനാണ് അമിത് ഷായ്ക്ക് താൽപ്പര്യം. ഈ സാഹചര്യത്തിൽ ആരെങ്കിലും കേന്ദ്രമന്ത്രിയായാൽ അത് സുരേഷ് ഗോപിയാകുമെന്നും വിലയിരുത്തൽ സജീവമാണ്.

ആർ.എസ്.എസിന്റെ പിന്തുണയാണ് കുമ്മനത്തിന്റെ ബലം. എന്നാൽ ഈ സമ്മർദ്ദവും ഇത്തവണ ഫലം കണ്ടില്ലെന്നാണ് സൂചന. പാർട്ടിയിലെ വിഭാഗീയത നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുന്നു എന്നതാണ് കുമ്മനത്തിന്റെ പോരായ്മയായി അമിത് ഷാ വിലയിരുത്തപ്പെടുന്നത്. മെഡിക്കൽ കോഴയും മന്ത്രിപ്രതീക്ഷയെ തകർത്തു. മന്ത്രിയെന്ന നിലയിൽ മികവ് കാട്ടിയാൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാക്കാം എന്നതായിരിക്കും കേരളത്തിൽനിന്ന് ആരെയെങ്കിലും പരിഗണിച്ചാൽ അമിത് ഷാ ലക്ഷ്യംവെയ്ക്കുന്നത്. സുരേഷ് ഗോപിക്കാണ് ഇതിന് കൂടുതൽ സാധ്യത. മറ്റേതെങ്കിലും സംസ്ഥാനത്തുനിന്ന് രാജ്യസഭയിലെത്തിക്കണം എന്നതാണ് കുമ്മനത്തിന്റെ സാധ്യത കുറയ്ക്കുന്ന പ്രധാനഘടകങ്ങളിൽ മറ്റൊന്ന്.

സുരേഷ് ഗോപിയെ പരിഗണിച്ചാൽ അതും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിബന്ധനയോടെയാവും അതെന്നാണ് സൂചന. ഇത്തവണ കേന്ദ്രമന്ത്രിയാക്കിയില്ലെങ്കിലും സുരേഷ് ഗോപിയെ സമീപഭാവിയിൽ തന്നെ മോദി മന്ത്രിയാക്കുമെന്ന സൂചനയുമുണ്ട്. കർണാടകത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതാണ് രാജീവ് ചന്ദ്രശേഖറിന് അനുകൂലമായ ഘടകം. കേരളത്തിന്റെയും കർണാടകത്തിന്റെയും പ്രതിനിധിയായി പരിഗണിക്കാം എന്നതും രാജീവിനു സാധ്യത നൽകുന്നു. ഈ രണ്ടു പേരും സാധ്യതാ പട്ടികയിൽ ഉണ്ട്. ഞായറാഴ്ച കേരളത്തിൽനിന്നുള്ള ആരും മോദി സർക്കാരിൽ എത്തുന്നില്ലെങ്കിൽ മെഡിക്കൽ കോഴ വിവാദവും ഉൾപ്പാർട്ടി പ്രതിസന്ധികളും കേന്ദ്ര നേതൃത്വത്തെ പ്രകോപിപ്പിച്ചുവെന്ന വിലയിരുത്തലെത്തും.

അതിനിടെ, കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ കേരളത്തിൽനിന്ന് താനും മന്ത്രിയായേക്കുമെന്ന റിപ്പോർട്ടുകൾ കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ.മാണി എംപി. നിഷേധിച്ചു. ബിജെപി.യുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമോ കേന്ദ്രമന്ത്രിസഭാ പ്രവേശനമോ തന്റെയോ പാർട്ടിയുടെയോ അജൻഡയിലില്ലെന്ന് ജോസ് കെ.മാണി വ്യക്തമാക്കി.