- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇത്രയും സാമുഹിക പ്രതിബദ്ധത ഉള്ള ഒരു നടൻ ഉണ്ടോ എന്ന് സംശയം; ഒരു സൂപ്പർ താരത്തിന്റെ ജാടയും കാണിക്കാതെ കുറെ അധികം സമയം എന്നോട് സംസാരിച്ച വലിയ മനുഷ്യന് ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്; വിസ്മയ കേസിലെ എസ് ഐ മഞ്ജുവിന്റെ ഇടപെടലിനെ അഭിനന്ദിച്ച് സുരേഷ് ഗോപി; അപ്രതീക്ഷത ഫോൺവിളിയുടെ അമ്പരപ്പിൽ കേരള പൊലീസിലെ പെൺപുലി
തിരുവനന്തപുരം : സുരേഷ് ഗോപിയുടെ ഫോൺവിളി എത്തിയപ്പോൾ കാക്കിക്കുള്ളിലെ പെൺപുലിയാണെങ്കിലും ശൂരനാട് സ്റ്റേഷനിലെ എസ്‌ഐ മഞ്ജു നായർ ആദ്യമൊന്ന് അമ്പരന്നു. വിശ്വസിക്കാൻ കഴിയാതെ നിന്നപ്പോൾ വീഡിയോ കോൾ വിളിച്ച് താരം വീണ്ടും ഞെട്ടിച്ചു.
വിസ്മയ കേസിന്റെ വിധി വപ്പോൾ എല്ലാവരും മറന്നപ്പോൾ കേസിൽ നിർണായക ഇടപെടൽ നടത്തിയ ശൂരനാട് സ്റ്റേഷനിലെ എസ്‌ഐ മഞ്ജുവിനെ കുറിച്ച് വന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അഭിനന്ദിക്കാനായിരുന്നു സുരേഷ് ഗോപി വിളിച്ചത്. എന്നാൽ പൊലീസ് കുപ്പായത്തോട് തനിക്ക് ഇഷ്ടം തോന്നാൻ കാരണമായ നായകൻ വിളിച്ചപ്പോൾ മഞ്ജുവിന് അത് ഇരട്ടി മധുരമായി. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി മഞ്ജുവിനെ വിളിച്ചത്. കാക്കിയണിഞ്ഞെങ്കിലും നിയമം പഠിക്കാനുള്ള ആഗ്രഹം കാരണം എൽഎൽബി പഠിക്കുകയാണ് മഞ്ജു. ഇന്ന് യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്ക് പോകാൻ ഇറങ്ങുന്നതിന് മുമ്പാണ് കോൾ വന്നത്. പരീക്ഷയുടെ കാര്യം പറഞ്ഞപ്പോൾ തലയിൽ കൈവച്ച് അനുഗ്രഹിക്കുന്നതായി താരം പറഞ്ഞു. പരീക്ഷ കഴിഞ്ഞെത്തിയ മഞ്ജു കോൾ റെക്കോർഡ് സഹിതം ഫേസ്‌ബുക്കിൽ തന്റെ സന്തോഷം പങ്കുവയ്ക്കുകയായിരുന്നു.
സുരേഷ് ഗോപിയുടെ സത്യമേവ ജയതേയും കമ്മീഷണറും ഉൾപ്പെടെയുള്ള സിനിമകളിലെ നട്ടെല്ല് വളയ്ക്കാത്ത പൊലീസുകാരനാണ് തന്റെ മാതൃകയെന്ന് മഞ്ജു സുരേഷ് ഗോപിയോട് പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങൾക്ക് പുറമേ മറ്റു സമകാലീന സാമൂഹിക വിഷയങ്ങളക്കുറിച്ചും ഏറെ നേരം സംസാരിച്ചതായി മഞ്ജു ഫേസ് ബുക്കിൽ കുറിച്ചു.
മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ
'ഇത്രയും സാമുഹിക പ്രതിബദ്ധത ഉള്ള ഒരു നടൻ ഉണ്ടോ എന്ന് സംശയമാണ്. ഒരു സൂപ്പർ താരത്തിന്റെ ജാടയും കാണിക്കാതെ കുറെ അധികം സമയം എന്നോട് സംസാരിച്ച ഈ വലിയ മനുഷ്യന് ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്'
വൈകാതെ മഞ്ജുവിനെ വീട്ടിലെത്തി കാണാമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് താരം. സുരേഷ് ഗോപിയുടെ വരവിനായി മഞ്ജുവും കാത്തിരിക്കുകയാണ്.
വിസ്മയ കേസിൽ ഏറെ നിർണായകമായിരുന്നു മഞ്ജുവിന്റെ ഇടപെടൽ. ആത്മഹത്യയിൽ ഒതുങ്ങി പോകുമായിരുന്ന കേസിന്റെ പ്രാധാന്യം മനസിലാക്കി എസ്‌ഐ മഞ്ജു നടത്തിയ ഇടപെടലാണ് കിരണിന് ഊരാക്കുരുക്കായത്.
2021 ജൂൺ 21ന് രാവിലെ 2മണിയോടെ കൊല്ലം പോരുവഴിയിലെ ഭർത്താവിന്റെ വീട്ടിൽ വിസ്മയ എന്ന 24കാരി തൂങ്ങി മരിച്ചെന്ന വിവരം ലഭിച്ചതോടെ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തുകയും ഇൻക്വസ്റ്റ് ഉൾപ്പെടെ നടപടികൾ പൂർത്തിയാക്കി കൃത്യ സ്ഥലമഹസ്സർ തയ്യാറാക്കി എഫ്.ഐ.ആർ രജിസ്ട്ര് ചെയ്ത് അന്വേഷണം ആരംഭിച്ചത് എസ്‌ഐ മഞ്ജുവാണ്. കൊല്ലത്ത് നിന്ന് വിസ്മയയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ സമയം വൈകിയതിനാൽ അന്ന് പോ്സ്റ്റുമോർട്ടം നടക്കാനുള്ള സാദ്ധ്യത മങ്ങിയപ്പോൾ മകൾ അകാലത്തിൽ നഷ്ടപ്പെട്ടതിൽ മനസ് മരവിച്ചിരുന്ന വീട്ടുകാർക്ക് വേണ്ടി ഡോക്ടർമാരോട് സംസരിക്കുകയും അന്ന് തന്നെ പോസ്റ്റമോർട്ടം നടത്തി മൃതദേഹം വിട്ടു നൽകാൻ മുൻകൈയെടുത്തതും മഞ്ജുവാണ്. ഈക്കാര്യം വിസ്മയയുടെ വീട്ടിലെത്തിയ ഐ ജി ഹർഷിത അട്ടല്ലൂരിയോട് വിസ്മയയുടെ സഹോദരൻ പറയുകയും ചെയ്തിരുന്നു.
പിന്നാലെ ഐ.ജി നേരിട്ട് വിളിച്ച് മഞ്ജുവിനെ അഭിനന്ദിക്കുകയും ചെയ്തു. വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായരുടെ പരാതിയിലാണ് മഞ്ജു എഫ്.ആറിട്ട് നടപടിയെടുത്തത്. മകൾ നഷ്ടപ്പെട്ട ഒരു അച്ഛന്റെ വേദന മനസിലാക്കി മറ്റൊരു മകളെ പോലെ മഞ്ജു സ്വീകരിച്ച നടപടിയാണ് ഇന്ന് കിരണിനെ കുറ്റക്കാരനായി കണ്ടെത്തുന്നതിന് വഴിതുറന്നത്. മാവേലിക്കര ചാരുംമൂട് വേടരപ്ലാവ് സ്വദേശിയായാണ് മഞ്ജു വി നായർ കോളജ് വിദ്യാഭ്യാസം പന്തളം എൻഎസ്എസ് കോളേജിൽ. തുടർന്ന് എംഎസ്സി ബിഎഡും നേടി. റെയിൽവേയിലും പിആർഡിയിലും ജോലി നോക്കിയിട്ടുള്ള മഞ്ജുവിന്റെ നാലാമത്തെ സർക്കാർ ജോലിയാണ് പൊലീസിലേത്.
റെയിൽവേയിൽ അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ, പത്തനംതിട്ട കലക്ടറേറ്റിൽ ഐ ആൻഡ് പിആർഡി വിഭാഗം, ചെങ്ങന്നൂർ നഗരസഭയിൽ എൽഡി ക്ലാർക്ക് എന്നീ തസ്തികകളിൽ മഞ്ജു പ്രവർത്തിച്ചിട്ടുണ്ട്. 2018ലാണ് പൊലീസിലെത്തുന്നത്. കോഴിക്കോട് വളയം സ്റ്റേഷനിലായിരുന്നു ആദ്യ നിയമനം. പിന്നീട് മാവേലിക്കരയിൽ പ്രബേഷൻ എസ്ഐയായി ചുമതല ലഭിച്ചു.
തിരുവല്ലയിലും കൊച്ചി സിറ്റിയിലും സബ് ഇൻസ്പെക്ടറായി മികവ് തെളിയിച്ച ശേഷം പന്തളത്തും അവിടെ നിന്നാണ് ശൂരനാട്ടേക്ക് എത്തുന്നത്. ബിസിനസുകാരനായ പണയിൽ ശ്രീശൈലത്തിൽ ജയകുമാണ് ഭർത്താവ്. എട്ടുവയസ്സുകാരി ദേവതീർത്ഥയും മൂന്നു വയസ്സുകാരി ദേവശ്രീയുമാണ് മക്കൾ.
മറുനാടന് മലയാളി ബ്യൂറോ