- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിൽ പണവുമായി കാരണവരെ പോലെ സുരേഷ് ഗോപി; വരിവരിയായി കൈനീട്ടം വാങ്ങാൻ സ്ത്രീകൾ; കൈനീട്ടം വാങ്ങിയ ശേഷം കാൽ തൊട്ട് അനുഗ്രഹം വാങ്ങലും; എംപിയുടെ പുതിയ വീഡിയോ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ സംവാദം
തൃശൂർ: വിഷു വരവായതോടെ സുരേഷ് ഗോപി എംപി തിരക്കിലാണ്. ക്ഷേത്രങ്ങളിൽ, മേൽശാന്തിമാർക്ക് കൈനീട്ട വിതരണത്തിനായി തുക നൽകൽ, ബിജെപി നേതാക്കൾക്ക് പുറമേ ജനങ്ങൾക്ക് കൈനീട്ടം നൽകി അനുഗ്രഹം ചൊരിയൽ, അങ്ങനെ പഴയ കാരണവരുടെ റോളിലാണ് എംപി. കൊച്ചി ദേവസ്വം ബോർഡ്, മേൽശാന്തിമാർ ഇത്തരത്തിൽ തുക സ്വീകരിക്കുന്നത് എംപിയുടെ പേരുപറയാതെ വിലക്കുകയും ചെയ്തു. രാജ്യസഭാ എംപിയെന്ന നിലയിലുള്ള കാലാവധി അവസാനിക്കാറായ സുരേഷ് ഗോപിയുടെ തൃശൂരിലെ പുതിയ പരിപാടികൾ രാഷ്ട്രീയ മാനങ്ങൾ കൊണ്ടുതന്നെ വിവാദമാവുകയും ചെയ്തു. അതിനിടെയാണ് തന്റെ വാഹനത്തിലിരുന്ന് ആളുകൾക്ക് കൈനീട്ടം നൽകുന്ന എംപിയുടെ വീഡിയോ പ്രചരിക്കുന്നത്.
റിസർവ് ബാങ്കിൽ നിന്ന് വാങ്ങിയ പുത്തൻ ഒരു രൂപ നോട്ടുകളുമായാണ് സുരേഷ് ഗോപിയുടെ സഞ്ചാരം. കാറിൽ പണവുമായി സുരേഷ് ഗോപി ഇരിക്കുന്നു. ഇത് വാങ്ങുവാനായി സ്ത്രീകൾ വരിയായി എത്തുകയും ഓരോരുത്തരായി പണം വാങ്ങിയശേഷം കാൽതൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഒടുവിൽ പണം വാങ്ങിയ എല്ലാവരും ചേർന്ന് നടനൊപ്പം ഫോട്ടോയും എടുക്കുന്നുമുണ്ട്.
വീഡിയോക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. പണം നൽകി കാൽ വണങ്ങിപ്പിക്കുന്നത് സുരേഷ് ഗോപിയുടെ പ്രമാണിത്ത മനോഭാവത്തെയാണ് കാണിക്കുന്നതെന്നും ഒരു എംപിയും നടനുമെന്ന രീതിയിൽ ഒട്ടും അഭികാമ്യമായ പ്രവൃത്തിയല്ല ഇതെന്നുമാണ് ഉയരുന്ന വിമർശനം.
അതേസമയം, വിഷുക്കൈനീട്ടം കൊടുക്കാനെന്ന പേരിൽ സുരേഷ് ഗോപി എംപിയുടെ പക്കൽ നിന്ന് മേൽശാന്തിമാർ പണം സ്വീകരിക്കുന്നതുകൊച്ചി ദേവസ്വം ബോർഡ് വിലക്കിയിരിക്കുകയാണ്. സുരേഷ് ഗോപി എംപി വിവിധ ക്ഷേത്രങ്ങളിലെ മേൽശാന്തിമാർക്കു പണം നൽകിയെന്ന റിപ്പോർട്ടിനെ തുടർന്നാണിത്.
സുരേഷ് ഗോപിയുടെ കൈനീട്ടം കൊടുക്കാനുള്ളവർ മേൽശാന്തിമാരല്ലെന്നും അവർക്കുവേണമെങ്കിൽ അതു സ്വയം ചെയ്യാമെന്നും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവരുടെ പേരിൽ കൈനീട്ടം കൊടുക്കുന്ന പതിവ് ഇല്ലെന്നും ബോർഡ് വക്താവു പറഞ്ഞു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ശാന്തിക്കാർ 'വിഷുക്കൈനീട്ടം' നൽകുന്നതിനായി വ്യക്തികളിൽനിന്ന് സംഖ്യ ശേഖരിക്കുന്നത് നിരോധിച്ച് ഉത്തരവിറക്കി. ഇത്തരത്തിൽ ചില വ്യക്തികൾ ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇത്തരത്തിൽ നടപടി സ്വീകരിച്ചത്' കൊച്ചിൻ ദേവസ്വം ബോർഡ് കമ്മീഷണറുടെ അറിയിപ്പിൽ പറയുന്നു.
അതേസമയം, ക്ഷേത്രങ്ങളിൽ സംഘടിപ്പിച്ച വിഷുക്കൈ നീട്ട പരിപാടി വിവാദമായതിന് പിന്നാലെ സുരേഷ് ഗോപി എംപി രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി. ഹീനമായ ചിന്തയുള്ളവരാണ് കൈനീട്ട പരിപാടിക്കെതിരെ വന്നിരിക്കുന്നതെന്നും കുഞ്ഞുങ്ങളെ അനുഗ്രഹിച്ച് കൊണ്ട് ഒരു രൂപ നൽകുന്നതിൽ എന്താണ് കുഴപ്പമെന്നും സുരേഷ് ഗോപി ചോദിച്ചു. ചൊറിയൻ മാക്രികളാണ് വിവാദത്തിന് പിന്നിലെന്നും സുരേഷ് ഗോപി പരിഹസിച്ചു.
സുരേഷ് ഗോപിയുടെ വാക്കുകൾ
'ചില വക്ര ബുദ്ധികളുടെ നീക്കം ഇതിനു നേരെയും വന്നിട്ടുണ്ട്. അത് നമ്മുടെ ഏറ്റവും വലിയ വിജയമായാണ് ഞാൻ കണക്കാക്കുന്നത്. അവർക്ക് അസഹിഷ്ണുതയുണ്ടായി. ഞാനതുദ്ദേശിച്ചിരുന്നില്ല. കുരുന്നുകളുടെ കൈയിലേക്ക് ഒരു രൂപയാണ് വെച്ച് കൊടുക്കുന്നത്. 18 വർഷത്തിന് ശേഷം വോട്ട് പിടിക്കാനുള്ള കപ്പമല്ല കൊടുത്തിരിക്കുന്നത്. വിഷുവെന്ന് പറയുന്നത് ഹിന്ദുവിന്റേതല്ല. ദക്ഷിണേന്ത്യക്കാരുടെ മുഴുവൻ ഒരു ആചാരമാണ്. ഒരു രാജ്യത്തിന്റെ സമ്പന്നതയിലേക്കാണ് ഓരോ കുരുന്നും സംഭാവന ചെയ്യുന്നത്,' സുരേഷ് ഗോപി പറഞ്ഞു.
ഒരു രൂപയുടെ നോട്ടിൽ ഗാന്ധിയുടെ ചിത്രമാണുള്ളത്. അതിൽ നരേന്ദ്ര മോദിയുടെയോ സുരേഷ് ഗോപിയുടെയോ ചിത്രമല്ല ഉള്ളത്. ഒരു രൂപ നോട്ടെടുത്ത് മഹാലക്ഷ്മി ദേവിയെ പ്രാർത്ഥിച്ച് കുഞ്ഞിന്റെ കൈ വെള്ളയിൽ വെച്ച് കൊടുക്കുന്നത് ഈ കുഞ്ഞ് പ്രാപ്തി നേടി നിർവഹണത്തിനിറങ്ങുമ്പോൾ കൈയിൽ ഒരു കോടി വന്നു ചേരുന്ന അനുഗ്രഹ വർഷമാവണേ എന്ന് പ്രാർത്ഥിച്ച് കൊണ്ടാണ്. ആ നന്മ മനസ്സിലാക്കാൻ പറ്റാത്ത മാക്രി പറ്റങ്ങളോട് എന്താണ് പറയാനുള്ളത്. ഞാനുറപ്പിച്ചു. ചൊറിയൻ മാക്രി പറ്റങ്ങളാണവർ. ധൈര്യമുണ്ടെങ്കിൽ പ്രതികരിക്കട്ടെ. ഞാൻ കച്ചയും കെട്ടി ഇറങ്ങിയിരിക്കുകയാണ്,' സുരേഷ് ഗോപി പറഞ്ഞു.
വടക്കുന്നാഥ ക്ഷേത്രത്തിലെ മേൽശാന്തിക്ക് 1000 രൂപയ്ക്കുള്ള ഒരു രൂപ നോട്ടുകളാണ് സുരേഷ് ഗോപി നൽകിയത്. കൈനീട്ട നിധി മേൽശാന്തിമാരെ ഏൽപ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരപയോഗം ചെയ്യുന്നതിന് തുല്യമാണെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ബോർഡ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ സുരേഷ് ഗോപിയുടെ പേര് പറഞ്ഞിട്ടില്ല. ചില വ്യക്തികളിൽ നിന്ന് സംഖ്യ ശേഖരിക്കുന്നതിൽ നിന്ന് മേൽശാന്തിമാരെ വിലക്കുന്നു എന്ന് മാത്രമാണുള്ളത്.കഴിഞ്ഞയാഴ്ച മുതൽ സുരേഷ് ഗോപി തൃശൂരിൽ വിഷുക്കൈനീട്ട പരിപാടികൾ നടത്തി വരികയാണ്. തിരുവമ്പാടി, പാറമേക്കാവ്, വടക്കുംനാഥ ക്ഷേത്രങ്ങളിൽ അദ്ദേഹം മേൽശാന്തിമാർക്ക് ദക്ഷിണ നൽകി. തുടർന്ന് ഇവർക്ക് കൈ നീട്ട നിധി നൽകി. ഒരു ലക്ഷം രൂപ മൂല്യം വരുന്ന പുത്തൻ ഒരു രൂപ നോട്ടുകളാണ് അദ്ദേഹം കൈനീട്ട പരിപാടിക്കായി കൊണ്ട് വന്നത്. റിസർവ് ബാങ്കിൽ നിന്ന് വാങ്ങിയതാണിത്.
മറുനാടന് മലയാളി ബ്യൂറോ